മറ്റ് കര്‍ഷകരുടെ ഫാമുകള്‍ സന്ദര്‍ശിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട കൂടുതല്‍ യൂട്യൂബ് വീഡിയോകള്‍ കാണുകയും എല്ലാം ചെയ്യുന്നുണ്ടായിരുന്നു അപ്പോള്‍ അമരേന്ദര്‍. പിന്നീട്, സ്ട്രോബറി, കാപ്‍സിക്കം, കൂണുകള്‍ എന്നിവയും പരീക്ഷിച്ചു.
'സ്‍കൂളില്‍ മാസവരുമാനം 1.20 ലക്ഷം വരെയായിരുന്നു. എന്നാല്‍, കൃഷിയിലൂടെ വര്‍ഷം 30 ലക്ഷം രൂപവരെ താന്‍ നേടുന്നുണ്ട്' എന്ന് പറയുകയാണ് അമരേന്ദര്‍ പ്രതാപ് സിങ്. ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലെ ദൗലത്പൂർ ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂൾ അദ്ധ്യാപകനായിരുന്നു അമരേന്ദര്‍. 2014 -ലെ അവധിക്കാലത്താണ് അമരേന്ദര്‍ കൃഷിയിലൊരുകൈ നോക്കിയേക്കാം എന്ന് തീരുമാനിക്കുന്നത്. 30 ഏക്കര്‍ സ്ഥലം അദ്ദേഹത്തിന്‍റെ കുടുംബത്തിനുണ്ടായിരുന്നു.
കൃഷിയെ കുറിച്ച് വലിയ ധാരണയൊന്നുമില്ലാതിരുന്ന അമരേന്ദര്‍ യൂട്യൂബ് വീഡിയോകളും ഓണ്‍ലൈന്‍ ട്യൂട്ടോറിയലുകളുമെല്ലാം നോക്കിയാണ് ഒരു ഏക്കര്‍ സ്ഥലത്ത് വാഴക്കൃഷി തുടങ്ങിയത്. ആ സ്ഥലത്ത് കൃഷി ചെയ്യുന്നതിന് ഒരുപാട് പ്രയാസങ്ങളുണ്ടായിരുന്നു. കാലങ്ങളായി കര്‍ഷകര്‍ കരിമ്പും ഗോതമ്പും മറ്റും കൃഷി ചെയ്യുന്ന സ്ഥലമായിരുന്നു അത്. എന്നാല്‍, അവയൊന്നും ആവശ്യത്തിന് വരുമാനം നേടാന്‍ അവരെ സഹായിച്ചിരുന്നില്ല.
ഒരു കർഷകന് കരിമ്പിൽ നിന്ന് പണം സമ്പാദിക്കാൻ ഏകദേശം രണ്ട് വർഷമെങ്കിലും ആവശ്യമായിരുന്നു. അതിനാല്‍ത്തന്നെ കര്‍ഷകര്‍ക്ക് വലിയ ലാഭമൊന്നും തന്നെയുണ്ടായിരുന്നില്ല. അതുകൊണ്ട്, വ്യത്യസ്‍ത വിളകൾ പരീക്ഷിക്കാൻ അമരേന്ദര്‍ തീരുമാനിച്ചു. അങ്ങനെ ഒരു ഏക്കര്‍ സ്ഥലത്ത് തുടങ്ങിയ വാഴക്കൃഷി പതിയെപ്പതിയെ വിജയമായിത്തുടങ്ങി. പിറ്റേവര്‍ഷം ഇടവിളകളായി മഞ്ഞള്‍, ഇഞ്ചി, കോളിഫ്ലവര്‍ എന്നിവ നടാനും അമരേന്ദര്‍ തീരുമാനിച്ചു. ഇഞ്ചി വേണ്ടത്ര വിജയിച്ചില്ലെങ്കിലും മഞ്ഞള്‍ കൃഷി വിജയമായിരുന്നു. മഞ്ഞളില്‍ നിന്നുള്ള വരുമാനം വാഴക്കൃഷി നോക്കിനടത്തുന്നതിന് വേണ്ടി ചെലവഴിച്ചു. വാഴക്കൃഷിയില്‍ നിന്നും കിട്ടുന്ന തുക മുഴുവനും അതിനാല്‍ തന്നെ ലാഭമായി മാറി.
പ്രാരംഭവിജയങ്ങൾക്ക് ശേഷം അമരേന്ദർ തന്‍റെ എല്ലാ ശ്രമങ്ങളും കാർഷിക മേഖലയിലേക്ക് നീക്കാൻ ദൗലത്പൂരിലേക്ക് മാറി. പിന്നീട്, തണ്ണിമത്തന്‍, തൈക്കുമ്പളം, ഉരുളക്കിഴങ്ങ് എന്നിവയും അമരേന്ദര്‍ പരീക്ഷിച്ചു. മറ്റ് കര്‍ഷകരുടെ ഫാമുകള്‍ സന്ദര്‍ശിക്കുകയും കൃഷിയുമായി ബന്ധപ്പെട്ട കൂടുതല്‍ യൂട്യൂബ് വീഡിയോകള്‍ കാണുകയും എല്ലാം ചെയ്യുന്നുണ്ടായിരുന്നു അപ്പോള്‍ അമരേന്ദര്‍. പിന്നീട്, സ്ട്രോബറി, കാപ്‍സിക്കം, കൂണുകള്‍ എന്നിവയും പരീക്ഷിച്ചു. ആദ്യകാലങ്ങളിലെല്ലാം നഷ്‍ടവും ഉണ്ടായിട്ടുണ്ടെങ്കിലും അതെങ്ങനെ ലാഭമാക്കി മാറ്റാം എന്ന് അദ്ദേഹം പഠിച്ചുകഴിഞ്ഞിരുന്നു. ഓരോ വിളകളില്‍ നിന്നുമുണ്ടാകുന്ന മാലിന്യങ്ങള്‍ മണ്ണില്‍ത്തന്നെ അടുത്ത വിളകള്‍ക്കുള്ള വളമായി മാറി. അതുപോലെ തന്നെ ഓരോ സീസണിനും അനുസരിച്ച് കൃഷിയിറക്കാനും ഇടവിളകള്‍ നടാനും തുടങ്ങി.
30 ഏക്കറിന് പുറമെ ഒരു 20 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുക്കുകയും 10 ഏക്കര്‍ കൂടി വാങ്ങുകയും ചെയ്തതോടെ കൃഷി 60 ഏക്കറിലായി. ചോളം, വെളുത്തുള്ളി തുടങ്ങിയവയും അവിടെ കൃഷി ചെയ്യാന്‍ തുടങ്ങി. ആകെ ഭൂമിയില്‍ നിന്നും വര്‍ഷത്തില്‍ ഒരുകോടി രൂപവരെ കിട്ടുന്നുവെന്നും അതില്‍ 30 ലക്ഷം ലാഭമാണെന്നും അമരേന്ദര്‍ ബെറ്റര്‍ ഇന്ത്യയോട് പറഞ്ഞു. ചിലപ്പോഴെല്ലാം സ്‍കൂളില്‍ നിന്നും ശമ്പളമില്ലാത്ത അവധിയെടുക്കേണ്ടി വരാറുണ്ട് എന്നും അമരേന്ദര്‍ പറയുന്നു. സഹപ്രവര്‍ത്തകരടക്കം പലരും അമരേന്ദറിനെ ഗുണദോഷിച്ചിട്ടുണ്ട്. എല്ലാവരും നല്ല ജോലി കിട്ടാനായി കൃഷി ഉപേക്ഷിക്കുമ്പോള്‍ നല്ലൊരു ജോലിയുണ്ടായിട്ടും കൃഷിയിലേക്കിറങ്ങുന്നതെന്തിനാണ് എന്നാണ് പലരും ചോദിച്ചത്. അവര്‍ക്കുള്ള മറുപടി കൂടിയാണ് അമരേന്ദറിന്‍റെ വിജയം.