കീടനാശിനികളിലെ രാസപദാര്‍ഥം ചെടികളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

By Web Team  |  First Published Dec 28, 2020, 4:24 PM IST

ഇത്തരം കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വിഷാംശം കലരാനുള്ള സാധ്യതയുണ്ട്. ബീന്‍സിന്റെ ചെടികള്‍ ആഗിരണം ചെയ്യുന്ന സോഡിയം ഫ്‌ളൂറോഅസറ്റേറ്റ് ഇലകളെ ആക്രമിക്കുന്ന പ്രാണികളെ കൊല്ലുമെങ്കിലും ബീന്‍സില്‍ ഈ വിഷാംശം കലരും.
 


കീടങ്ങളെ നിയന്ത്രിക്കാനും നശിപ്പിക്കാനുമാണ് രാസപദാര്‍ഥങ്ങളടങ്ങിയ കീടനാശിനികള്‍ നമ്മള്‍ ഉപയോഗിക്കുന്നത്. ചെടികളിലാണ് പ്രയോഗിക്കുന്നതെങ്കില്‍, ഇത്തരം കീടനാശിനികളിലെ രാസപദാര്‍ഥം ആഗിരണം ചെയ്ത് പ്രവര്‍ത്തനക്ഷമമായ ചേരുവകളെ കലകളിലേക്ക് വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം രാസപദാര്‍ഥങ്ങള്‍ ചെടിയെ ഹാനികരമായി ബാധിക്കുന്നില്ല. പക്ഷേ, കീടങ്ങള്‍ക്കെതിരെയും ആക്രമിക്കുന്ന മറ്റു സൂക്ഷ്മ ജീവികള്‍ക്കെതിരെയും അനിശ്ചിതമായ കാലയളവില്‍ ചെടികള്‍ക്ക് പൊരുതിനില്‍ക്കേണ്ടി വരുന്നു. എങ്ങനെയാണ് കീടനാശിനികള്‍ ചെടികളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാം.

ചെടികള്‍ ഈ അന്തര്‍വ്യാപനശേഷിയുള്ള കീടനാശിനികളെ ആഗിരണം ചെയ്ത് വേരുകളിലേക്കും തണ്ടിലേക്കും ഇലകളിലേക്കും വ്യാപിപ്പിക്കുന്നു. ചില കീടനാശിനികള്‍ ചെടികള്‍ക്കുള്ളിലെത്തിയാല്‍ മാറ്റമില്ലാതെ തന്നെ നില്‍ക്കും. എന്നാല്‍, മറ്റു ചിലത് രാസമാറ്റം സംഭവിച്ച ശേഷമാണ് കീടങ്ങളെ കൊല്ലാനുള്ള വിഷമായി പരിണമിക്കുന്നത്.

Latest Videos

undefined

വെള്ളവും വളവും ചെടിയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന അതേ കലകളിലൂടെയാണ് ഇത്തരം രാസപദാര്‍ഥങ്ങളും ദീര്‍ഘദൂരം സഞ്ചരിക്കുന്നത്. ചില തരത്തിലുള്ള അന്തര്‍വ്യാപനശേഷിയുള്ള കീടനാശിനികള്‍ മുകളിലേക്ക് സഞ്ചരിക്കുകയും ഇലകളിലും വളരുന്ന അഗ്രഭാഗത്തും ശേഖരിക്കപ്പെടുകയും ചെയ്യുന്നു. മറ്റുള്ള കീടനാശിനികള്‍ ഭൂമിക്കടിയിലുള്ള ഭാഗത്താണ് ശേഖരിക്കപ്പെടുന്നത്.ഇങ്ങനെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന രാസപദാര്‍ഥത്തോട് പല രീതിയിലാണ് ചെടികള്‍ പ്രതികരിക്കുന്നത്. വിത്തിന്റെ ആവരണത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന രാസപദാര്‍ഥങ്ങള്‍ വിത്തുകളിലുള്ള ആക്രമണകാരിയായ കീടങ്ങളെ കൊല്ലുന്നു.

ഇലകളില്‍ പ്രയോഗിക്കുന്ന രീതിയിലും മണ്ണില്‍ ലായനിരൂപത്തില്‍ പ്രയോഗിച്ച് വേരുകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താനും അന്തര്‍വ്യാപനശേഷിയുള്ള കീടനാശിനികള്‍ ഉപയോഗിക്കുന്നു. ചെടിയുടെ തണ്ടുകളിലൂടെ കുത്തിവെക്കുന്നവയും പുറംഭാഗങ്ങളില്‍ പേസ്റ്റ് രൂപത്തില്‍ ഉപയോഗിക്കുന്നവയുമുണ്ട്.

ഇത്തരം കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ വിഷാംശം കലരാനുള്ള സാധ്യതയുണ്ട്. ബീന്‍സിന്റെ ചെടികള്‍ ആഗിരണം ചെയ്യുന്ന സോഡിയം ഫ്‌ളൂറോഅസറ്റേറ്റ് ഇലകളെ ആക്രമിക്കുന്ന പ്രാണികളെ കൊല്ലുമെങ്കിലും ബീന്‍സില്‍ ഈ വിഷാംശം കലരും.

അടുത്ത കാലത്തായി ഇത്തരം കീടനാശിനികള്‍ ഉപയോഗിക്കുന്നത് ബാക്റ്റീരിയ, ഫംഗസ്, വൈറസ് എന്നിവയ്‌ക്കെതിരെയാണ്. തക്കാളിയില്‍ ബാക്റ്റീരിയ ഉണ്ടാക്കുന്ന പുള്ളിക്കുത്തുകള്‍ക്കെതിരെയും ഫിലോഡെന്‍ഡ്രോണിനെ ബാധിക്കുന്ന ചീയല്‍ രോഗത്തിനെതിരെയും വാള്‍നട്ടിലുള്ള ബ്ലൈറ്റ് രോഗത്തിനെതിരെയും പഴച്ചെടികളെ ബാധിക്കുന്ന ഫയര്‍ ബ്ലൈറ്റ് രോഗത്തിനെതിരെയും രാസപദാര്‍ഥങ്ങള്‍ പ്രയോഗിക്കാറുണ്ട്. വേര് ചീയല്‍, ഇലകളിലുണ്ടാകുന്ന വാട്ടരോഗം, വൈറസ് ഉണ്ടാക്കുന്ന അസുഖങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഇത്തരം കീടനാശിനികള്‍ സഹായിക്കുന്നുണ്ടെങ്കിലും മനുഷ്യശരീരത്തിന് ഹാനികരമായേക്കാമെന്നത് ഓര്‍മിക്കപ്പെടേണ്ട വസ്തുതയാണ്.


click me!