ദിവസം ഒരു 'ഫുൾ' ബ്രാൻഡഡ് വിദേശ മദ്യമാണ് ഉടമസ്ഥൻ നരേഷ് സുൽത്താന് കുടിക്കാൻ കൊടുത്തിരുന്നത്.
'പശു പാലുതരും' എന്നാണ് നമ്മളൊക്കെ പ്രൈമറി ക്‌ളാസുകളിൽ പഠിച്ചിട്ടുള്ളത്. ഹരിയാനയിലെ നരേഷ് എന്ന കർഷകൻ അതോടൊപ്പം പഠിച്ച മറ്റൊരു വിലപ്പെട്ട പാഠം 'വിത്തുകാള ശുക്ലം(Semen) തരും' എന്നതുകൂടിയാണ്. സുൽത്താൻ എന്ന മുറ(Murrah Buffalo ) ഇനത്തിൽ പെട്ട തന്റെ ഭീമൻ വിത്തു'പോത്തി'നെക്കൊണ്ട് ഹരിയാനയിലെ കൈത്താൽ സ്വദേശിയായ നരേഷ് ബെനിവാൾ വർഷാവർഷം സമ്പാദിച്ചിരുന്നത് ലക്ഷക്കണക്കിന് രൂപയാണ്. എന്നാൽ ഇങ്ങനെ തന്റെ ഉടമസ്ഥന് വൻതുക സമ്പാദിച്ചു നൽകിയിരുന്ന സുൽത്താൻ, കഴിഞ്ഞ ദിവസം നിന്ന നില്പിനു് കുഴഞ്ഞു വീണു മരിച്ചു. മരണ കാരണം ഹൃദയാഘാതമായിരുന്നു എന്ന് പിന്നീട് ഡോക്ടർമാർ സ്ഥിരീകരിച്ചു.
നമ്മുടെ നാട്ടിൽ കാണുന്ന സാധാരണ പോത്തുകളുടെ കൂട്ടത്തിൽ സുൽത്താനെ കൂട്ടരുത്. ചില്ലറക്കാരനായിരുന്നില്ല സുൽത്താൻ. 1200 കിലോ ഭാരം. അഞ്ചടി പതിനൊന്ന് ഇഞ്ച് ഉയരം. പതിനാലടിയോളം നീളം. കറുത്ത നിറം. തിളങ്ങുന്ന കണ്ണുകൾ. ഏതൊരു പ്രദർശനത്തിലും ഒറ്റയടിക്ക് സന്ദർശകരെ മുഴുവൻ തനിക്ക് ചുറ്റും അണിനിരത്താൻ പോന്ന തലയെടുപ്പ്. ഇത്രയുമായിരുന്നു സുൽത്താന്റെ യുഎസ്‌പി. അഞ്ചു പേരെയാണ് സുൽത്താന്റെ കാര്യങ്ങൾ നോക്കാൻ വേണ്ടി ബെനിവാൾ ശമ്പളം നൽകി 'ഫുൾ ടൈം' ജോലിക്ക് നിർത്തിയിട്ടുള്ളത്. ഇതിനു പുറമെ വാക്‌സിനുകൾ, മൃഗഡോക്ടറുടെ ഫീസ് തുടങ്ങി ചെലവുകൾക്കുവേണ്ടി മാത്രം വർഷം തോറും ചുരുങ്ങിയത് രണ്ടു ലക്ഷമെങ്കിലും ബെനിവാളിനു ചെലവിടേണ്ടി വന്നിരുന്നു. അതിനു പുറമെ ലിറ്റർ കണക്കിന് പാൽ. ദിവസേന 15 കിലോ ആപ്പിൾ, 20 കിലോ കാരറ്റ്, 10 കിലോ ധാന്യം, 10 കിലോ പുല്ല് തുടങ്ങിയവയും അവൻ അകത്താക്കുമായിരുന്നു. . ദിവസേന മൂന്നു തവണ വിശദമായ തേച്ചുകുളിയും സുൽത്താന് നൽകിയിരുന്നു. സുൽത്താന്റെ പരിപാലനത്തിന്റെ മേൽനോട്ടം ഏറ്റെടുത്ത് നടത്തിയിരുന്നത് ലഖ്‌വീർ സിംഗ് ആയിരുന്നു.
undefined
വിലപറഞ്ഞത് 21 കോടി
പുഷ്കറിൽ കാർഷിക മേള നടന്നപ്പോൾ വിത്തുകാള പ്രേമികൾ സുൽത്താന് ഒന്ന് വിലപറയാൻ ശ്രമിച്ചതാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഒരു കർഷകൻ അന്ന് സുൽത്താന് 21 കോടി രൂപയെന്ന മോഹവില പറഞ്ഞു എങ്കിലും, തന്റെ കയ്യിലുള്ള പൊന്മുട്ടയിടുന്ന താറാവിനെ വേദിയാണ് ബെനിവാൾ തയ്യാറായില്ല. എത്ര പണം തരാമെന്നു പറഞ്ഞാലും സുൽത്താനെ വിട്ടുതരില്ല എന്ന തീരുമാനത്തിൽ അയാൾ അടിയുറച്ചു തന്നെ നിന്നു. 2013 -ൽ ജജ്ജർ, കർനാൽ, ഹിസാർ എന്നിവിടങ്ങളിൽ നടന്ന ദേശീയ മൃഗസൗന്ദര്യ മത്സരത്തിലെ വിജയിയും ഇതേ സുൽത്താൻ ആയിരുന്നു.
അസാമാന്യമായ ശുക്ളോത്പാദന ശേഷി, ഉത്പാദിപ്പിക്കുന്ന ശുക്ലത്തിന്റെ അനിതരസാധാരണമായ സന്താനോത്പാദന സിദ്ധി - ഇത് രണ്ടിനും പ്രസിദ്ധിയാർജിച്ചിരുന്ന ഒരു സെലിബ്രിറ്റി വിത്തുകാളയായിരുന്നു 'സുൽത്താൻ'.
മുറ കാളകളുടെ ഒരു ഡോസ് ശുക്ലം എന്നത് 6 മില്ലി ലിറ്ററോളം വരും. ഇങ്ങനെ വിസർജ്ജിക്കുന്ന ശുക്ലത്തെ ശാസ്ത്രീയമായി നേർപ്പിച്ച് അതിൽ നിന്ന് 600 ഡോസ് വരെ തയ്യാറാക്കാം. ഒരു ഡോസ് ശുക്ലത്തിന് 250 രൂപയാണ് ഏകദേശ വില. സുൽത്താൻ ഇങ്ങനെ വർഷത്തിൽ 54,000 ഡോസ് വരെ ഉത്പാദിപ്പിക്കുമായിരുന്നു. അതായത് 1.35 ലക്ഷം രൂപയെങ്കിലും വരുമാനം. സുൽത്താനെ പോറ്റാനുള്ള ഭീമമായ ചെലവുകൾ കിഴിച്ചാലും, ഉടമ നരേഷിന് ചുരുങ്ങിയത് ഒരുകോടിയെങ്കിലും വാർഷികലാഭമാണ് ഈ വിത്തുകാള നല്കിപ്പോന്നിരുന്നത്. സുൽത്താനിൽ നിന്ന് ബീജം സ്വീകരിക്കുന്ന എരുമയുടെ അടുത്ത തലമുറ നിത്യം 20 ലിറ്റർ പാലെങ്കിലും ചുരത്തിയിരുന്നു എന്നതുകൊണ്ടുതന്നെ സുൽത്താന്റെ വീര്യമേറിയ ശുക്ലത്തിന് ഹരിയാനയിൽ ആവശ്യക്കാർ ഏറെയായിരുന്നു.
മദിരാപ്രിയനായ സുൽത്താൻ
മറ്റുള്ള നാടൻ പോത്തുകളിൽ നിന്ന് സുൽത്താനെ വ്യത്യസ്തനാക്കുന്ന മറ്റൊരു വിചിത്ര ശീലവും അവനുണ്ടായിരുന്നു. ദിവസം ഒരു 'ഫുൾ' ബ്രാൻഡഡ് വിദേശ മദ്യമാണ് ഉടമസ്ഥൻ നരേഷ് സുൽത്താന് കുടിക്കാൻ കൊടുത്തിരുന്നത്. ഒരു മടിയും കൂടാതെ സുൽത്താൻ അത് മടമടാ അകത്താക്കിയിരുന്നു. ഇങ്ങനെ നിത്യേന മദ്യപിച്ചു ഫിറ്റാവുന്നത് സുൽത്താന്റെ ആരോഗ്യത്തിന് ഹാനികരമല്ലേ എന്നുള്ള ആശങ്ക നേരത്തെ തന്നെ പലരും പ്രകടിപ്പിച്ചിരുന്നു എങ്കിലും നരേഷ് അതൊന്നും വകവെച്ചിരുന്നില്ല. ഈ മദ്യപാന ശീലവും ഇപ്പോൾ സുൽത്താന്റെ ജീവനെടുത്ത ഹൃദയാഘാതത്തിനു കാരണമായിരുന്നിരിക്കാം എന്ന് മൃഗഡോക്ടർമാർ പറഞ്ഞു.