കര്‍ഷകര്‍ക്ക് രക്ഷപ്പെടാന്‍ ഇഷ്‍ടംപോലെ വഴികള്‍ കേരളത്തിലുണ്ട്; സൂരജ് പറയുന്നത് കേള്‍ക്കൂ....

By Nitha S V  |  First Published Mar 4, 2020, 11:14 AM IST

'ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുറച്ച് തക്കാളിയും വെള്ളപ്പയറും ഞങ്ങളുടെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയത്. പണ്ടേ നിരീക്ഷണത്തിലൂടെ കൃഷി എങ്ങനെ ചെയ്യണമെന്ന് മനസിലാക്കിയിരുന്നു.' സൂരജ് പറയുന്നു.
 


'ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ പഠനം എന്നെ സംബന്ധിച്ച് കൃഷിയിലെ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി മനസിലാക്കാനുള്ള അവസരമുണ്ടാക്കിത്തന്നിട്ടുണ്ട്. നമുക്ക് ആവശ്യമുള്ള വിളകള്‍ നമുക്ക് തന്നെ ഉത്പാദിപ്പിച്ച് ലോകത്തിന്റെ ഏത് മേഖലയിലേക്കും വില്‍പ്പന നടത്താന്‍ കഴിയും. പക്ഷേ, ശരിയായ ദിശാബോധം തരാന്‍ കഴിയുന്നവര്‍ നമുക്കുണ്ടാകണം. കേരളത്തിലുള്ള സാധ്യതകള്‍ നമ്മള്‍ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നതാണ് പ്രശ്‌നം.' സംസ്ഥാന സര്‍ക്കാരിന്റെ ജൈവ കാര്‍ഷിക മണ്ഡലം എന്ന പദ്ധതിയുടെ യൂത്ത് അംബാസഡര്‍ ആയിരുന്ന, വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ സൂരജ് തന്റെ കൃഷിയിലെ അനുഭവം പങ്കുവെക്കുകയാണ്.

Latest Videos

undefined

 

സൂരജ് കുട്ടിക്കാലത്ത് അമ്മയുടെ പിന്നാലെ നടന്ന് അടുക്കളത്തോട്ടത്തിലെ തക്കാളിയും പച്ചമുളകും പറിച്ചെടുത്തതൊക്കെ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. രുചികരമായ ആ ഭക്ഷണത്തിന്റെ സ്വാദ് മറക്കാന്‍ കഴിയല്ലല്ലോ. അമ്മ എങ്ങനെയാണ് കൃഷിസ്ഥലം ഒരുക്കുന്നതെന്നും വിത്ത് വിതയ്ക്കുന്നതെന്നും പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ പച്ചക്കറികള്‍ പറിച്ചെടുക്കുന്നതെന്നുമൊക്കെ കൃത്യമായി മനസിലാക്കിവെച്ച സൂരജ് മുതിര്‍ന്നപ്പോള്‍ ജൈവകൃഷിയിലേക്കിറങ്ങിയതില്‍ അതിശയോക്തിയില്ല. അഞ്ചര ഏക്കര്‍ ഭൂമിയില്‍ 50 വ്യത്യസ്ത തരത്തിലുള്ള പച്ചക്കറികളും പഴങ്ങളും സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ സൂരജ് മികച്ച വിദ്യാര്‍ഥിയായ കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക പ്രതിഭയ്ക്കുള്ള പുരസ്‌കാരവും 'കൃഷി രത്‌ന' എന്ന ദേശീയ അവാര്‍ഡും നേടിയെടുത്തിട്ടുണ്ട്.

എല്ലാ കാര്യങ്ങളിലും സാങ്കേതികവിദ്യ വഴിയുള്ള പ്രശ്‌ന പരിഹാരമുണ്ട്. ഇതൊക്കെ പ്രയോജനപ്പെടുത്തിയാല്‍ കാര്‍ഷിക മേഖല നല്ല രീതിയില്‍ മുന്നോട്ട് പോകാമെന്നാണ് ഈ ചെറുപ്പക്കാരന്റെ വിലയിരുത്തല്‍. തൊഴിലില്ലായ്‍മ നാട്ടില്‍ രൂക്ഷമാണ്. ഇവിടെ ഭൂമി ധാരാളം വെറുതെ കിടക്കുന്നു. ഇത് കാര്യക്ഷമമായി ഉപയോഗിച്ചാല്‍ രാജ്യത്തിന് ഗുണം ചെയ്യുമെന്ന് സൂരജ് വിലയിരുത്തുന്നു.

 

വാഴപ്പഴം, ബീന്‍സ്, പാവയ്ക്ക, കാബേജ്, ക്യാരറ്റ്, ക്യാപ്‌സിക്കം, പച്ചമുളക്, ഉരുളക്കിഴങ്ങ്, തക്കാളി, ചേന എന്നിവയെല്ലാം സൂരജ് കൃഷി ചെയ്‍തുണ്ടാക്കി. നൂതന സാങ്കേതിക വിദ്യയാണ് സൂരജ് കൃഷിയില്‍ പ്രയോജനപ്പെടുത്തിയത്. ചില വിത്തുകള്‍ മറ്റുള്ളവയേക്കാള്‍ ഗുണനിലവാരം കാണിച്ചപ്പോള്‍ കൂടുതല്‍ ഉത്പാദനം നടത്തി ആ വിത്തുകള്‍ സംരക്ഷിക്കാനും ശ്രമിച്ചു. 'പ്രോജക്റ്റ് എര്‍ത്ത് വേം' എന്ന പേരില്‍ കര്‍ഷകരുടെ ഒരു ഗ്രൂപ്പ് സൂരജ് ആരംഭിച്ചു.

'നെല്‍ക്കൃഷിയില്‍ ആരോമാറ്റിക് ഇനങ്ങളാണ് ചെയ്യുന്നത്. കൂടുതല്‍ ചെയ്‍തത് മുള്ളന്‍കൈമ എന്ന ഇനമാണ്. പ്രോജക്റ്റ് എര്‍ത്ത് വേം എന്ന ഞങ്ങളുടെ ഗ്രൂപ്പ് ഈ പ്രാവശ്യം നാല്‍പ്പത്തിയഞ്ചോളം ഇനങ്ങളിലുള്ള നെല്ല് കൃഷി ചെയ്‍തിട്ടുണ്ട്. അവൊക്കാഡോ, ലിച്ചി തുടങ്ങിയ ഒരുവിധം എല്ലാ പഴങ്ങളുടെയും ശേഖരം ഇവിടെയുണ്ട്'  സൂരജ് തന്റെ കൃഷിയെക്കുറിച്ച് വിശദമാക്കുന്നു. പച്ചക്കറികള്‍ സ്വന്തം ആവശ്യത്തിന് മാത്രമേ ഇപ്പോള്‍ ചെയ്യാറുള്ളു. നേരത്തേ വില്‍പ്പനയ്ക്ക് വേണ്ടിയും നട്ടുവളര്‍ത്തിയിരുന്നു.

'മുഴുവന്‍ സീറോ ബജറ്റ് കൃഷിയില്ല ഞാന്‍ പിന്തുടരുന്നത്. മൈക്രോബിയല്‍ സംയുക്തങ്ങള്‍ ഉപയോഗിക്കാറുണ്ട്. മണ്ണിലുള്ള പൊട്ടാസ്യം, ഫോസ്‍ഫറസ് എന്നിവ ലയിപ്പിക്കാന്‍ കഴിയുന്ന ബാക്റ്റീരിയകള്‍, ഫംഗല്‍ അസോസിയേഷനുകള്‍, നൈട്രജന്‍ ഫിക്‌സിങ്ങ് ബാക്റ്റീരിയകള്‍ എന്നിവയുടെയൊക്കെ കള്‍ച്ചറുകള്‍ ഞാന്‍ നല്ല രീതിയില്‍ ഉപയോഗിക്കാറുണ്ട്. വൃക്ഷായുര്‍വേദത്തിലെ കോമ്പിനേഷനുകള്‍, കുണപജലം, പഞ്ചഗവ്യം എന്നിവ ഉപയോഗിക്കാറുണ്ട്.' സൂരജ് വ്യക്തമാക്കുന്നു.

'ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുറച്ച് തക്കാളിയും വെള്ളപ്പയറും ഞങ്ങളുടെ അടുക്കളത്തോട്ടത്തില്‍ വളര്‍ത്തിയത്. പണ്ടേ നിരീക്ഷണത്തിലൂടെ കൃഷി എങ്ങനെ ചെയ്യണമെന്ന് മനസിലാക്കിയിരുന്നു.' സൂരജ് പറയുന്നു.

 

'ഞാന്‍ ആദ്യമായി കൃഷി ചെയ്‍തപ്പോള്‍ അദ്ഭുതകരമായി വിളവ് ലഭിച്ചു. അങ്ങനെയാണ് വീണ്ടും പച്ചക്കറികള്‍ വളര്‍ത്താന്‍ തോന്നിയത്'. സൂരജ് തന്റെ കൃഷിയോടുള്ള അഭിനിവേശത്തെക്കുറിച്ച് വ്യക്തമാക്കുന്നു.

കീടങ്ങളുടെ നിയന്ത്രണത്തിനായി ഉങ്ങ്, വേപ്പ് തുടങ്ങിയ ചെടികളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണ, സ്യൂഡോമോണാസ്, ട്രൈക്കോഡെര്‍മ എന്നിവ ഉപയോഗിക്കാമെന്ന് സൂരജ് പറയുന്നു. ബാസിലസ് തുറിന്‍ജെന്‍സിസ് എന്ന ബാക്റ്റീരിയയും കീടനിയന്ത്രണത്തിന് ഉപയോഗിക്കുന്നു.

സിസ്റ്റം ഓഫ് റൈസ് ഇന്റന്‍സിഫിക്കേഷന്‍ എന്ന രീതിയിലാണ് ആദ്യത്തെ വര്‍ഷം സൂരജ് നെല്‍ക്കൃഷി ചെയ്‍തത്. ഒരേക്കറിന് ഒന്നരക്കിലോ വിത്ത് മതി. വളങ്ങള്‍ സ്‌പ്രേയര്‍ ഉപയോഗിച്ചാണ് നല്‍കുന്നത്.

'തുള്ളിനനയാണ് ഉപയോഗിക്കുന്നത്. പണി എത്രത്തോളം കുറയ്ക്കാം എന്നതാണ് ആലോചിക്കുന്നത്. വേറെ ഏതു രാജ്യത്തുനിന്നും എന്റെ തോട്ടം കാണാനും നനയ്ക്കാനും പറ്റാവുന്ന സംവിധാനത്തിലേക്ക് എത്തിക്കേണ്ടതും ആവശ്യം തന്നെയാണ്. എല്ലാത്തിനും പരമാവധി പറ്റാവുന്ന സാങ്കേതികവിദ്യ കൊണ്ടുവന്നില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ കൃഷിഭൂമിയില്‍ പണിയെടുത്ത് മരിക്കും.' സൂരജ് ഓര്‍മപ്പെടുത്തുന്നു.

കാലാവസ്ഥയുടെ മാറ്റങ്ങളാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമെന്ന് സൂരജ് പറയുന്നു. പിന്നെ തൊഴിലാളികളെ കിട്ടാനുള്ള പ്രയാസം. ഒരു സാധാരണ കര്‍ഷകന് തന്റെ വിളവുകള്‍ വിറ്റഴിക്കാനുള്ള വിപണി കണ്ടെത്താനും പ്രയാസമുണ്ട്.

 

കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന സൂരജ് കൃഷിയുടെ വിവിധ രീതികള്‍ സ്വയം പഠിച്ചെടുത്തു. സുഭാഷ് പലേക്കറിന്റെ സീറോ ബഡ്‍ജറ്റ് കൃഷിരീതിയുടെ പരിശീലനവും നേടി.

കേരളത്തിലെ കര്‍ഷകരുടെ സാമൂഹികമായ നിലവാരം ഉയര്‍ത്തേണ്ടതുണ്ടെന്ന് സൂരജ് ഓര്‍മിപ്പിക്കുന്നു. അത്തരം ചിന്താഗതിയോടെയാണ് ജൈവകര്‍ഷകര്‍ക്ക് സാങ്കേതികമായ പരിശീലനം നല്‍കാന്‍ ഈ ചെറുപ്പക്കാരന്‍ തയ്യാറായത്. അറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുകയും വിത്തുകളുടെ വ്യത്യസ്‍ത ഇനങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുകയെന്നതായിരുന്നു സൂരജിന്റെ പ്രധാന ലക്ഷ്യം.

'വേള്‍ഡ് ഓര്‍ഗാനിക് കോണ്‍ഗ്രസില്‍ എന്റെ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ഞാന്‍ ക്ലാസുകള്‍ നല്‍കാറുണ്ട്. ജൈവകൃഷിരീതിയുടെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നു. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സഹായവും ഗ്രൂപ്പ് വഴി ചെയ്യുന്നുണ്ട്'.

കഷ്ടപ്പെട്ട് പണിയെടുത്ത് വിളവെടുക്കുന്ന കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുക്കണമെന്ന് സൂരജ് പറയുന്നു. നൂതന സാങ്കേതിക വിദ്യകള്‍ കര്‍ഷകരിലേക്ക് എത്തിച്ചുകൊടുക്കണം.

 

ചലച്ചിത്ര നടന്‍ ശ്രീനിവാസനുമായി ചേര്‍ന്ന് ഒരു സംരംഭം സൂരജ് തുടങ്ങിയിട്ടുണ്ട്. സ്വന്തം ജൈവഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും കൃഷിയിലെ ടിഷ്യു കള്‍ച്ചര്‍, ബയോ ഫെര്‍ട്ടിലൈസറുകളുടെ റിസര്‍ച്ച്, ഡെവലപ്‌മെന്റ് എന്നിവയുടെ ഗുണങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കുക എന്നതുമാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമാക്കുന്നത്.

click me!