'പെണ്ണുങ്ങളല്ലേ ഇതൊന്നും പറ്റില്ലെ'ന്ന് പറഞ്ഞവര്‍ക്ക് മുന്നിലൂടെ നടന്ന് റാഹിബായ് എത്തിച്ചേര്‍ന്നത് പത്മശ്രീ വരെ

By Web Team  |  First Published Feb 5, 2020, 1:00 PM IST

കര്‍ഷകകുടുംബമാണ് റാഹിബായിയുടേത്. എഴ് പേരുള്ള കുടുംബത്തിന്റെ നിത്യച്ചെലവ് നടത്തുന്നത് ഈ തൊഴിലില്‍ നിന്നുതന്നെ. പഞ്ചസാര ഫാക്ടറിയിലെ തൊഴിലില്‍ നിന്നാണ് മഴക്കാലത്ത് ഇവര്‍ വരുമാനമുണ്ടാക്കിയിരുന്നത്. ഇത് പരിഹരിക്കാനാണ് മൂന്നേക്കര്‍ സ്ഥലത്ത് മഴക്കാല കൃഷി ആരംഭിച്ചത്.


ഫെമിനിസത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോഴും പല മേഖലകളിലും സ്ത്രീ പുരുഷ വ്യത്യാസം ഇന്നും കൊടികുത്തി വാഴുന്നുണ്ട്. കാര്‍ഷിക മേഖലയും ഇത്തരം പക്ഷപാതത്തില്‍ നിന്ന് രക്ഷനേടിയിട്ടില്ല. കൃഷിപോലെ അധ്വാനം ആവശ്യമുള്ള തൊഴില്‍ സ്ത്രീകള്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. ഇന്ത്യയിലെ 'സീഡ് മദര്‍' അഥവാ 'വിത്ത് മാതാവ്' എന്ന പേരില്‍ പ്രശസ്തയായ കര്‍ഷക റാഹിബായ് പോപ്പോരെ വെറും സ്ത്രീ ആയതിന്റെ പേരിലല്ല അംഗീകാരങ്ങള്‍ നേടിയത്. പുരുഷന്‍മാരായ കര്‍ഷകരേക്കാള്‍ കാര്‍ഷിക മേഖലയില്‍ കാതലായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞ ഇവര്‍ 2018 -ല്‍ ബിബിസി ലിസ്റ്റില്‍ ഇടം നേടിയ 100 വനിതകളില്‍ ഒരാളാണ്. ഈ വര്‍ഷം പത്മശ്രീയും ഇവരെ തേടിയെത്തി.

ഗ്രാമവാസികളില്‍ നിന്നും വിമര്‍ശനം നേരിടേണ്ടി വന്നിട്ടും വിത്തുകള്‍ സംരക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കാന്‍ റാഹിബായ് തയ്യാറായില്ല. മറ്റു സത്രീകളില്‍ നിന്നും സ്വന്തം കുടുംബത്തില്‍നിന്നും വരെ എതിര്‍പ്പുകള്‍ നേരിട്ടിട്ടും സ്വന്തം പ്രവര്‍ത്തനശൈലിയില്‍ മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ച റാഹിബായ് വിജയം നേടുകതന്നെ ചെയ്തു. 'മറ്റുള്ളവരുടെ വാക്കുകള്‍ കേട്ട് ഞാന്‍ പിന്മാറിയിരുന്നെങ്കില്‍ ഈ വിത്തുകള്‍ ഒന്നും തന്നെ ഇന്ന് ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല.' ഇവരുടെ വാക്കുകളില്‍ തെളിയുന്നത് നിശ്ചയദാര്‍ഢ്യമുള്ള സ്ത്രീത്വത്തിന്റെ ശബ്ദമാണ്.

Latest Videos

undefined

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലാണ് ഇവരുടെ ജനനം. കാര്‍ഷിക മേഖലയില്‍ പഠനങ്ങളൊന്നും ഇവര്‍ നടത്തിയിട്ടില്ല. പരമ്പരാഗതമായ വിത്തുകളെക്കുറിച്ചും വിളകളെക്കുറിച്ചുമുള്ള ഇവരുടെ അഗാധമായ അറിവാണ് 'വിത്ത് മാതാവ്' എന്ന പേര് നല്‍കിയത്. ഇത്തരം വിത്തുകള്‍ സംരക്ഷിക്കാന്‍ ഇവര്‍ നടത്തിയ കഠിന ശ്രമങ്ങളും എടുത്തുപറയേണ്ടതാണ്. വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട ചെടികളെ സംരക്ഷിക്കുകയും നെല്‍ക്കൃഷിയില്‍ നൂതനമായ സാങ്കേതിക വിദ്യകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

50 ഏക്കര്‍ സ്ഥലത്ത് 17 വ്യത്യസ്ത ഇനം വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. 53 വിളകളുടെ 114 വ്യത്യസ്ത ഇനങ്ങള്‍ ഇവിടെയുണ്ട്. 'പ്രാദേശികമായി വളരുന്ന ഇനങ്ങള്‍ വരള്‍ച്ചയെയും അസുഖങ്ങളെയും ചെറുക്കുന്നതു മാത്രമല്ല; മറിച്ച് പോഷകഗുണങ്ങള്‍ കൂടുതലുള്ളതും മണ്ണിനെ പരിപോഷിപ്പിക്കുന്നവയുമാണ്. അവയ്ക്ക് രാസവളങ്ങളും അമിതമായ വെള്ളവും ആവശ്യമില്ല.' റാഹിബായ് പറയുന്നു.

വിത്തുകള്‍ സംരക്ഷിക്കണമെന്ന ചിന്ത

'ഗ്രാമവാസികള്‍ക്കിടയില്‍ രോഗങ്ങള്‍ കൂടുതലായി കാണപ്പെടാന്‍ തുടങ്ങി. ഹൈബ്രിഡ് ഇനങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിയും രാസവസ്തുക്കളുടെ ഉപയോഗവുമാണ് പ്രധാന പ്രശ്‌നമെന്ന് ഞാന്‍ ചിന്തിച്ചു. അവിടെയാണ് പരമ്പരാഗത വിളകള്‍ക്കുള്ള ഗുണം മനസിലാക്കാന്‍ കഴിയുന്നത്. അവ വളരണമെങ്കില്‍ വെള്ളവും വായുവും മണ്ണും മാത്രം മതി. രാസവസ്തുക്കള്‍ ആവശ്യമില്ല' റാഹിബായ് തന്റെ മനസില്‍ ഇത്തരമൊരു ആശയം തോന്നാനുള്ള കാരണമാണ് വ്യക്തമാക്കുന്നത്.

കര്‍ഷകകുടുംബമാണ് റാഹിബായിയുടേത്. എഴ് പേരുള്ള കുടുംബത്തിന്റെ നിത്യച്ചെലവ് നടത്തുന്നത് ഈ തൊഴിലില്‍ നിന്നുതന്നെ. പഞ്ചസാര ഫാക്ടറിയിലെ തൊഴിലില്‍ നിന്നാണ് മഴക്കാലത്ത് ഇവര്‍ വരുമാനമുണ്ടാക്കിയിരുന്നത്. ഇത് പരിഹരിക്കാനാണ് മൂന്നേക്കര്‍ സ്ഥലത്ത് മഴക്കാല കൃഷി ആരംഭിച്ചത്.

ഉപയോഗശൂന്യമായിക്കിടന്ന രണ്ടേക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്തു. മഹാരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സഹായത്തോടെ കോഴി വളര്‍ത്തല്‍ പഠിച്ചു. ചെംദിയോബാബ മഹിള ബചത് ഗട്ട് എന്ന പേരില്‍ സ്വയം സഹായ സംഘം ആരംഭിച്ചു. ഹെല്‍ത്ത് ക്യാമ്പുകളും സോളാര്‍ വിളക്കുകളുടെ വിതരണവും നടത്തി.

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ രഘുനാശ് ആനന്ദ് മഷേല്‍ക്കര്‍ ആണ് 'സീഡ് മദര്‍' എന്ന പദവി നല്‍കി ആദരിച്ചത്.

തദ്ദേശീയമായ വിത്തുകള്‍ സംരക്ഷിക്കാനായി വിത്തുബാങ്ക് ആരംഭിച്ചു. കര്‍ഷകര്‍ക്ക് വിത്ത് നല്‍കി കൃഷി ചെയ്യിപ്പിച്ച് രണ്ടിരട്ടി വിത്തുകള്‍ മടക്കി നല്‍കണമെന്ന വ്യവസ്ഥയിലാണ് ഇത് മുന്നോട്ട് പോകുന്നത്.
 

click me!