വിദ്യാഭ്യാസമില്ല, അടുക്കളയിലൊതുങ്ങേണ്ടി വന്നു, പക്ഷേ, ഇന്ന് ഇവരുടെ മാസശമ്പളം 90,000 രൂപ

By Web Team  |  First Published Mar 23, 2020, 10:08 AM IST

പരിശീലനത്തില്‍ നിന്നും ബീന കൃഷിയുടെ ബാലപാഠങ്ങളെല്ലാം പഠിച്ചെടുത്തു. തീര്‍ന്നില്ല, അവിടെനിന്നുമാണ് കൂൺകൃഷിയെ കുറിച്ചുള്ള ചിന്ത ബീനയുടെ ഉള്ളിലെത്തുന്നത്. 


ബിഹാറിലെ മംഗര്‍ ജില്ലയിലെ ധൗരി എന്ന ഗ്രാമത്തിലേക്ക് വിവാഹം കഴിഞ്ഞെത്തിയതാണ് ബീന ദേവി. ഇന്ത്യയിലെ മറ്റേത് ഗ്രാമത്തെയും പോലെ തന്നെയായിരുന്നു അന്ന് ധൗരിയും. മറ്റെല്ലാ സ്ത്രീകളെയും പോലെ തന്നെ ബീന ദേവിയും വീട് വൃത്തിയാക്കിയും പാചകം ചെയ്തും വീടിനകത്തു തന്നെ കഴിച്ചുകൂട്ടി. പുറത്തുള്ള ജോലിയൊന്നും പെണ്ണിന് പറ്റിയതല്ല എന്നാണ് അവിടെ വീട്ടിലുള്ളവരും നാട്ടിലുള്ളവരും കരുതിയിരുന്നത്. 

പക്ഷേ, ബീന വ്യത്യസ്തയായിരുന്നു. കൃത്യമായ പരിശീലനവും പ്രോത്സാഹനവും കിട്ടിയതോടെ അവര്‍ കൃഷിയുടെ ബാലപാഠങ്ങള്‍ പഠിച്ചെടുത്തു. അങ്ങനെയാണവര്‍ കൂണ്‍ മഹിള എന്ന പേര് നേടിയെടുക്കുന്നത്. ചുറ്റുമുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ക്കാണ് അവര്‍ ജീവിതമാര്‍ഗം കാണിച്ചുകൊടുത്തത്. തീര്‍ന്നില്ല, ഇതിന്‍റെയെല്ലാം പേരില്‍ ഇന്ത്യന്‍ പ്രസിഡണ്ടിന്‍റെ കയ്യില്‍ നിന്നും അവാര്‍ഡും നേടി. 

Latest Videos

undefined

അതിനെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ പറയുന്നതിങ്ങനെ, ''എന്‍റെയുള്ളില്‍ തന്നെ ഒരു തീയുണ്ടായിരുന്നു. അതെപ്പോഴും കത്തിക്കൊണ്ടിരുന്നു. എന്തെങ്കിലും ഒന്ന് ചെയ്യണം എന്ന് ഞാന്‍ കരുതിയിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഞാനെന്‍റെ വഴി കണ്ടെത്തി.'' ബീനയുടെ ജില്ലയായ മംഗറിലെ അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് സെന്‍ററില്‍ നിന്ന് പരിശീലനം നേടിയ പല സ്ത്രീകളില്‍ ഒരാളാണ് ബീന. പക്ഷേ, അവര്‍ കൃത്യമായി ആ വഴിയിലൂടെ നടന്ന് വിജയം കണ്ടെത്തി. ആ പരിശീലനം ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് ജൈവ കൃഷിയുടെ ബാലപാഠങ്ങൾ പഠിപ്പിക്കുന്നതായിരുന്നു.  അത് അവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുക്കും എന്ന് മാത്രമല്ല, പരിസ്ഥിതിയുടെ നന്മയ്ക്കും ഉപകരിക്കും എന്നാണ് പരിശീലകര്‍ കരുതിയത്. 

പരിശീലനത്തില്‍ നിന്നും ബീന കൃഷിയുടെ ബാലപാഠങ്ങളെല്ലാം പഠിച്ചെടുത്തു. തീര്‍ന്നില്ല, അവിടെനിന്നുമാണ് കൂൺകൃഷിയെ കുറിച്ചുള്ള ചിന്ത ബീനയുടെ ഉള്ളിലെത്തുന്നത്. കൂണ്‍ വളര്‍ത്തുന്നത് എന്ത് എളുപ്പമാണ് എന്നാണ് ബീന ദേവി ചിന്തിച്ചത്. ഒപ്പം ഗ്രാമത്തിലെ അധികമാര്‍ക്കും കൂണ്‍ കൃഷിയെ കുറിച്ച് വലിയ ധാരണയൊന്നുമില്ലായെന്നും അവര്‍ മനസിലാക്കി. അങ്ങനെ കൂണ്‍ കൃഷി ചെയ്തുനോക്കാം എന്ന് ബീന തീരുമാനിക്കുകയായിരുന്നു. 

2013 -ല്‍, പെണ്ണുങ്ങളായാല്‍ വീട്ടിലിരുന്ന് വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയാല്‍ മതിയെന്ന അലിഖിത നിയമം ബീന തെറ്റിച്ചു. പരിശീലന കേന്ദ്രത്തില്‍ നിന്നും എങ്ങനെയാണ് കൂണ്‍ കൃഷി ചെയ്യുന്നത് എന്ന് ബീന മനസിലാക്കിയിരുന്നു. വീട്ടിലുണ്ടായിരുന്ന പഴയൊരു കട്ടിലിന്‍റെ അടിയിലാണ് ബീന ആദ്യമായി കൂണ്‍ വളര്‍ത്തി നോക്കിയത്. ഒരു കിലോ കൂണ്‍ ആണ് അന്ന് കിട്ടിയത്. പോഷകഗുണമുണ്ട് എന്നതിനുമപ്പുറം മാര്‍ക്കറ്റില്‍ മറ്റ് പച്ചക്കറികളെക്കാള്‍ കൂണിന് വിലയുണ്ട് എന്നതും ബീനയ്ക്ക് പ്രോത്സാഹനമായി. കൃഷി ചെയ്തെടുത്ത കൂണ്‍ അവര്‍ തന്നെ ചന്തയില്‍ വില്‍ക്കാനും കൊണ്ടുപോയി. അതിന്‍റെ കാരണം മറ്റൊന്നുമായിരുന്നില്ല, അത് വീടിനകത്ത് മാത്രമിരിക്കുന്ന മറ്റ് സ്ത്രീകള്‍ക്ക് കൂടി പ്രചോദനമായാലോ എന്നവര്‍ കരുതി. 

വെറും ഒരു കിലോ കൂണ്‍ കൃഷി ചെയ്തു തുടങ്ങിയതാണ് ഈ വര്‍ഷം മാര്‍ച്ച് എട്ടിന് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ കയ്യില്‍ നിന്നും നാരി ശക്തി പുരസ്കാരം ഏറ്റുവാങ്ങുന്നതുവരെ ബീനയെ എത്തിച്ചത്. 

തന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു അതെന്ന് പറയുന്നു ബീന. തന്‍റെ കുടുംബത്തിനും സമൂഹത്തിനുമായി തന്നെക്കൊണ്ടാവുന്നത് എന്തെങ്കിലും ചെയ്യണമെന്നേ കരുതിയിരുന്നുള്ളൂ. അത് സാധിച്ചുവെന്നാണവര്‍ പറയുന്നത്. ഇന്നവര്‍ അഞ്ച് ബ്ലോക്കുകളിലും അടുത്തുള്ള 105 ഗ്രാമങ്ങളിലുമായി ആയിരത്തോളം സ്ത്രീകള്‍ക്ക് കൂണ്‍ കൃഷിയില്‍ പരിശീലനം നല്‍കുകയും അത് ചെയ്യാനവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അവരെല്ലാം കൃഷി തങ്ങളുടെ ജീവിതമാര്‍ഗമായി തെരഞ്ഞെടുത്തു കഴിഞ്ഞു. 

എന്തായാലും ഇവിടംവരെയുള്ള ബിനയുടെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. ആദ്യമായി കൃഷിയിലേക്കിറങ്ങിയപ്പോള്‍ ചുറ്റുമുള്ളവരെല്ലാം പരിഹസിക്കുകയായിരുന്നു. വട്ടാണ് എന്നുപോലും പലരും പറഞ്ഞു. പശുവിന്‍റെ ചാണകവും മൂത്രവും മറ്റുമാണ് അവര്‍ വളമായി ഉപയോഗിച്ചത്. രാസവളങ്ങളൊന്നും തന്നെ ഉപയോഗിച്ചിരുന്നില്ല. അതും കളിയാക്കാനൊരു കാരണമായി നാട്ടുകാരുപയോഗിച്ചു. പക്ഷേ, ബീന തളര്‍ന്നില്ല. നന്നായി ജോലി ചെയ്തു. അതിനുള്ള ഫലം കിട്ടുകയും ചെയ്തു. 

സ്ത്രീകളെയും കര്‍ഷകരെയും സഹായിക്കാന്‍

കൃഷിയില്‍ മാത്രം ഒതുങ്ങുന്നതല്ല ബീനയുടെ പ്രവര്‍ത്തനങ്ങള്‍. ഗ്രാമത്തിലെ ടെക്നോളജിയെ കുറിച്ചോ ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകളെ കുറിച്ചോ ഒന്നുമറിയാത്ത എഴുന്നൂറോളം സ്ത്രീകളെ ബീന മൊബൈലുപയോഗിക്കാന്‍ പഠിപ്പിച്ചു. അതിന്‍റെ പേരില്‍ ടാറ്റ ട്രസ്റ്റ് അവരെ ആദരിക്കുക പോലുമുണ്ടായി. ഒപ്പം രണ്ടായിരത്തി അഞ്ഞൂറോളം കര്‍ഷകരെ സ്വാശ്രയ സംഘങ്ങളുണ്ടാക്കാനും ബീന പഠിപ്പിച്ചു. ധൗരി പഞ്ചായത്തിലെ ഗ്രാമ മുഖ്യയായും പ്രവര്‍ത്തിച്ചു ബീന. ജൈവകൃഷിയും കൂണ്‍കൃഷിയും പ്രോത്സാഹിപ്പിക്കുക മാത്രമല്ല അവര്‍ ആ സമയത്ത് ചെയ്തത്, വെര്‍മി കംപോസ്റ്റുണ്ടാക്കാനും ജൈവ കീടനാശിനി ഉപയോഗിക്കാനും ക്ഷീരകര്‍ഷകരാവാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്തു. 

18 അംഗങ്ങളുള്ളൊരു വലിയ കുടുംബത്തിലെ, വിദ്യാഭ്യാസമൊന്നും വേണ്ടത്രയില്ലാത്ത ഒരു സാധാരണ സ്ത്രീ. ഇന്നവരുടെ മാസവരുമാനം 90,000 രൂപയാണ്. ജൈവകൃഷിയില്‍ നിന്നും കൂണ്‍കൃഷിയില്‍ നിന്നും അവരത് കണ്ടെത്തുന്നു. അവരുടെ നാല് കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതും അങ്ങനെയാണ്. 

ബീന ദേവിക്ക് മൂന്ന് ആണ്‍മക്കളും ഒരു പെണ്‍കുട്ടിയുമാണ്. എല്ലാവരും ഇന്ത്യയുടെ പല ഭാഗത്തായി പഠിക്കുന്നു. മകള്‍ എഞ്ചിനീയറാവാന്‍ കഠിനമായി പരിശ്രമിക്കുകയാണ് എന്ന് ബീന പറയുന്നു. ചുറ്റുമുള്ള പലരും ബിനയോട് മകളുടെ വിവാഹക്കാര്യത്തെ കുറിച്ച് ചോദിക്കും അപ്പോഴെല്ലാം അവര്‍ പറയുന്നത്, ആദ്യം അവള്‍ സ്വന്തം കാലില്‍ നില്‍ക്കട്ടെ, അതാണ് മാതാപിതാക്കള്‍ക്ക് നമ്മുടെ പെണ്‍മക്കളോട് ചെയ്യാനാവുന്ന ഏറ്റവും നല്ലൊരു കാര്യം. അതിനുശേഷമാകട്ടെ വിവാഹവും മറ്റും എന്നാണ്. നോക്കൂ, ഒരു ഗ്രാമത്തിലെ സാധാരണ സ്ത്രീ തന്‍റെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം എത്ര വലിയ ഉയരത്തിലെത്തിയിരിക്കുന്നു. അത് സാമ്പത്തികമായ ഉന്നമനം മാത്രമല്ല, സാമൂഹികം കൂടിയാണ്. അതിലേക്കവരെയെത്തിച്ചതാകട്ടെ അര്‍പ്പണബോധവും ആത്മവിശ്വാസവും. 

click me!