ബാത്ത്‌റൂമില്‍ വളര്‍ത്താവുന്ന ആറ് ചെടികള്‍; ഇന്റീരിയര്‍ ഡിസൈനില്‍ ഇതിനും പ്രാധാന്യം നല്‍കാം

By Web Team  |  First Published Jun 10, 2020, 10:03 AM IST

ഇതിന്റെ ഇലകള്‍ക്ക് വെള്ളം ശേഖരിക്കാനുള്ള കഴിവുള്ളതുകൊണ്ട് ഒരിക്കല്‍ നനച്ചാല്‍ ആഴ്ചകളോളം വെള്ളമില്ലാതെ നിലനില്‍ക്കും. വായു ശുദ്ധീകരിക്കാന്‍ കഴിവുള്ള ചെടിയായതിനാല്‍ ബാത്ത്‌റൂമില്‍ പുതുമയുള്ള അന്തരീക്ഷം പ്രദാനം ചെയ്യാനും ഈ ചെടി സഹായിക്കും.


ഇന്‍റീരിയര്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ അലങ്കാരച്ചെടികള്‍ക്കുള്ള പങ്ക് തള്ളിക്കളയാന്‍ പറ്റില്ല. ചെടികള്‍ പൂന്തോട്ടത്തിലും ലിവിങ്ങ് റൂമിലും കിടപ്പുമുറിയിലും മാത്രമല്ല, ബാത്ത് റൂമിലും വളര്‍ത്താവുന്നതാണ്. ഇത് കേട്ടിട്ട് നെറ്റി ചുളിക്കേണ്ട ആവശ്യമില്ല. എത്രത്തോളം വെളിച്ചം ലഭിക്കുന്ന ഇടമാണെന്ന് മനസിലാക്കിയ ശേഷം അതിനനുസരിച്ചുള്ള അനുകൂലനങ്ങളുള്ള ചെടികള്‍ തെരഞ്ഞെടുത്ത് വളര്‍ത്തിയാല്‍ പച്ചപ്പിന്‍റെ കുളിര്‍മയും ചാരുതയാര്‍ന്ന ഡിസൈനും സ്വന്തമാക്കാം.

ബോസ്റ്റണ്‍ ഫേണ്‍

Latest Videos

undefined

നെഫ്രോലെപിസ് എക്‌സാള്‍ടാറ്റ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ ചെടി രണ്ട് അടി മുതല്‍ മൂന്ന് അടി വരെ ഉയരത്തില്‍ വളരും. നേരിട്ട് വെളിച്ചം എല്‍ക്കാത്ത മങ്ങിയ പ്രകാശമുള്ള സ്ഥലത്ത് വളരുന്ന ചെടിയായതിനാല്‍ ബാത്ത്‌റൂമില്‍ ഭംഗിയുള്ള പാത്രങ്ങളില്‍ ഇവ വളര്‍ത്താം.

 

സ്വോര്‍ഡ് ഫേണ്‍ എന്നുമറിയപ്പെടുന്ന ഈ ചെടിക്ക് ഈര്‍പ്പമുള്ള കാലാവസ്ഥ ഇഷ്ടമാണ്. ഷവറും പൈപ്പും തുറക്കുമ്പോള്‍ വായുവില്‍ തങ്ങി നില്‍ക്കുന്ന ഈര്‍പ്പം ഈ ചെടിയുടെ ഇലകള്‍ പച്ചയായി നിലനിര്‍ത്തും. അതുപോലെ മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുകയെന്നതും ഈ ചെടി തഴച്ചുവളരാനുള്ള മാര്‍ഗങ്ങളാണ്. ബോസ്റ്റണ്‍ ഫേണ്‍ നിങ്ങളുടെ വീടിനകത്ത് കാര്യമായ പരിചരണമൊന്നും കൂടാതെ തന്നെ വളര്‍ത്താവുന്നതാണ്.  

സ്‌നേക്ക് പ്ലാന്‍റ്

വളരെ കുറഞ്ഞ വെള്ളം മതി ഈ ചെടി വളരാന്‍. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ വളരെ കഴിവുള്ള ചെടിയാണിത്. വളരെ കുറഞ്ഞ വെളിച്ചത്തിലും കൂടിയ പ്രകാശത്തിലും ഒരുപോലെ അതിജീവിക്കാന്‍ ശേഷിയുള്ള ചെടിയാണിത്.

 

ഇതിന്റെ ഇലകള്‍ക്ക് വെള്ളം ശേഖരിക്കാനുള്ള കഴിവുള്ളതുകൊണ്ട് ഒരിക്കല്‍ നനച്ചാല്‍ ആഴ്ചകളോളം വെള്ളമില്ലാതെ നിലനില്‍ക്കും. വായു ശുദ്ധീകരിക്കാന്‍ കഴിവുള്ള ചെടിയായതിനാല്‍ ബാത്ത്‌റൂമില്‍ പുതുമയുള്ള അന്തരീക്ഷം പ്രദാനം ചെയ്യാനും ഈ ചെടി സഹായിക്കും.

ഇംഗ്ലീഷ് ഐവി

ഹെഡെറ ഹെലിക്‌സ് എന്നറിയപ്പെടുന്ന ഈ ചെടി പകുതി തണലത്തും പൂര്‍ണമായ തണലിലും വളരാന്‍ ഇഷ്ടപ്പെടുന്നു. കോമണ്‍ ഐവി എന്നും പേരുണ്ട്. വായുശുദ്ധീകരിക്കാന്‍ കഴിവുള്ളതിനാല്‍ നിങ്ങളുടെ ബാത്ത്‌റൂമിലേക്കുള്ള നല്ലൊരു സെലക്ഷന്‍ തന്നെയാണ് ഈ ചെടിയും.

 

ജനലിനരികിലോ ഷെല്‍ഫിനരികിലോ വെച്ചാല്‍ പടര്‍ന്ന് വളരും. അമിതമായ ഈര്‍പ്പവും വെള്ളവും ആവശ്യമില്ലാത്ത ചെടിയാണിത്.

നെര്‍വ് പ്ലാന്‍റ്

ഫിറ്റോണിയ ആല്‍ബിവെനിസ് എന്നറിയപ്പെടുന്ന ഈ ചെടി സാധാരണയായി ടെറേറിയത്തിലെ ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ വളരാന്‍ യോജിച്ചതാണ്. കൃത്യമായ ഈര്‍പ്പം കിട്ടിയില്ലെങ്കില്‍ ഇലകള്‍ ബ്രൗണ്‍ നിറത്തിലാകും. അമിതമായി നനവുള്ള മണ്ണില്‍ ചെടികളുടെ ഇലകള്‍ നശിച്ചുപോകും. ആറ് ഇഞ്ചില്‍ക്കൂടുതല്‍ വളരാത്ത ഈ ചെടി പടര്‍ന്ന് വളരുന്ന സ്വഭാവം കാണിക്കുന്നു.

 

ശതാവരി

 

ആസ്പരാഗസ് ഫേണ്‍ എന്നറിയപ്പെടുന്ന ഈ ചെടി തണലത്തും വളരും. അതേസമയം നല്ല സൂര്യപ്രകാശമുള്ള സ്ഥലത്തും വളര്‍ത്താം. അമിതമായി നനച്ചാല്‍ വേര് ചീയല്‍ ബാധിക്കും. ഈ ചെടി നന്നായി വളര്‍ന്നാല്‍ തൂങ്ങുന്ന പാത്രത്തില്‍ വളര്‍ത്താം. മുള്ളുകളുള്ള ചെടിയായതിനാല്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കണം.

പോത്തോസ്

ഡെവിള്‍സ് ഐവി എന്നറിയപ്പെടുന്ന ഈ ചെടി ഏതു കാലാവസ്ഥയിലും വളരും. പടരുന്ന രീതിയിലും തൂങ്ങിനില്‍ക്കുന്ന രീതിയിലും പാത്രത്തിലും ജനലിനരികിലുമെല്ലാം വളര്‍ത്താവുന്ന ചെടിയാണിത്. 

 

click me!