സമീറിന്റെ പ്രവര്‍ത്തനങ്ങളെയെല്ലാം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷി പുരസ്‌കാരം നല്‍കി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
മലപ്പുറം: പരിമിതമായ സ്ഥലം ഉപയോഗപ്പെടുത്തി വീടിന്റെ ടെറസിന് മുകളില്‍ മാതൃകാപരമായ ജൈവ കൃഷിത്തോട്ടം ഒരുക്കി ശ്രദ്ധേയമാകുകയാണ് പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി മുക്കത്ത് സമീര്‍. ശാരീരിക പരിമിതികളോട് പോരാടിയാണ് ഭിന്നശേഷിക്കാരനായ സമീർ വിവിധ മേഖലകളിലെ നേട്ടങ്ങളിലൂടെ ശ്രദ്ധേയനാകുന്നത്. സമീറിന്റെ പ്രവര്‍ത്തനങ്ങളെയെല്ലാം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷി പുരസ്‌കാരം നല്‍കി ഇദ്ദേഹത്തെ ആദരിച്ചിരുന്നു.
ടെറസ് കൃഷി
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ സ്വന്തം വീട്ടില്‍ തന്നെയാണ് സമീർ കൃഷി ചെയ്യുന്നത്. തീര്‍ത്തും ജൈവരീതിയില്‍ വിളയിച്ചെടുക്കുന്ന വിവിധ പച്ചക്കറികളുടെ വിളവെടുപ്പും വന്‍ വിജയം. പയര്‍, പച്ചമുളക്, ചീര തക്കാളി, വഴുതന, വെണ്ട തുടങ്ങിയവയാന്ന് പ്രധാനമായും വളര്‍ത്തുന്നത്. രണ്ടിനം പയറുകളാണ് ഇപ്പോള്‍ പ്രധാനമായും വിളവെടുക്കുന്നത്.
undefined
ഗ്രോബാഗില്‍ പോട്ടിംങ് മിശ്രിതം നിറച്ച്, ടറസിന് മുകളില്‍ എത്തിച്ചാണ് തൈകള്‍ നടുന്നത്. തികച്ചും ജൈവ രീതിയില്‍ പരിപാലിക്കുന്നതിനാല്‍ തന്നെ വലിയ രീതിയിലുള്ള വിളവെടുപ്പാണ് ലഭിക്കുന്നത്. പുകയില കഷായവും വെളുത്തുള്ളി വേപ്പണ്ണ മിശ്രിതവും സ്ഥിരമായി ഉപയോഗിക്കുന്നതിനാല്‍ കാര്യമായ കീടശല്യങ്ങളൊന്നും ഉണ്ടാകാറില്ല. അൽപ നേരത്തെ പരിശ്രമവും കൃഷിയോടുള്ള താല്പര്യവും ഉണ്ടായാല്‍ ഒഴിവ് സമയമുള്ള ആര്‍ക്കും ലളിതമായി തുടങ്ങാവുന്നതാണ് കൃഷി എന്ന് സമീര്‍ തെളിയിച്ചിരിക്കുകയാണ്.
മാത്രവുമല്ല, ഒരു നേരമെങ്കിലും വിഷരഹിത വിഭവങ്ങള്‍ നമുക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനാവുന്നത് വളരെ നല്ല കാര്യമാണെന്നും സമീർ അനുഭവത്തിൽ നിന്നും പറയുന്നു. സ്വന്തമായി കൃഷി ചെയ്ത് ലഭിക്കുന്ന ഫലങ്ങള്‍ മനം നിറയെ കാണുന്നതിലും മറ്റുള്ളവര്‍ക്ക് സമ്മാനിക്കുന്നതിലും ലഭിക്കുന്ന സംതൃപ്തി വളരെ വിലപ്പെട്ടതാണെന്നാണ് സമീറിന്റെ അഭിപ്രായം. വര്‍ഷങ്ങള്‍ പഴക്കമുള്ള ബോണ്‍സായ് മരങ്ങളുടെ പരിപാലകന്‍ കൂടിയാണ് സമീർ.
ബോൺസായ് ശേഖരം
തന്റെ ഭാവനക്കും കലാബോധത്തിലും തീര്‍ത്തെടുത്ത അരയാല്‍, പേരാല്‍, വിവിധ ഫൈക്കസുകള്‍, അഡീനിയം, സഫ്‌ളേറിയ, വിവിധ ബോഗന്‍വില്ല, പുളി, തുടങ്ങി ആകര്‍ഷകമായ മരങ്ങളുടെ ചെറിയ രൂപങ്ങള്‍ സമീറിന്റെ ശേഖരണത്തിലുണ്ട്. മാത്രവുമല്ല സാംസ്‌കാരിക സാഹിത്യ മേഖലകളില്‍ സജീവസാനിദ്യമുള്ള സമീര്‍ പാലത്തിങ്കൽ പ്രദേശത്തിന്റെ അക്ഷരവെളിച്ചമായ, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിച്ചു വരുന്ന മീഡിയ ലൈബ്രറിയുടെ കാവലാളായിട്ട് രണ്ടര പതിറ്റാണ്ടിലേറെയായി.
ഹോബിയായി വായന
തിരക്കിനിടയിലും പുസ്തകങ്ങള്‍ വായിക്കാന്‍ സമയം നീക്കിവെക്കുന്ന സമീര്‍, വായിച്ച പുസ്തകങ്ങളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും ശ്രമിക്കാറുണ്ട്. ടി പത്മനാഭന്റെ കഥകളാണ് ഏറെയിഷ്ടം. ടി.ഡി രാമകൃഷ്ണനും സി രാധാകൃഷ്ണനും പി കെ ഗോപിയും തുടങ്ങിയവരും സമീറിന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരാണ്. അലക്‌സാണ്ടര്‍ ഡ്യൂമാസ്, ആല്‍ക്കമിസ്റ്റ്, ദൈവത്തിന്റെ ചാരന്‍മാർ എന്നിവയാണ് ഇഷ്ട പുസ്തകങ്ങളാണ്. നോവ ഹരാരിയുടെ സാപിയന്‍സ് ആണ് ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്നത്.
പേന ശേഖരണം
മുമ്പ്, പേന ശേഖരണത്തിലൂടെ ശ്രദ്ധേയനായ സമീര്‍ വ്യത്യസ്‌തമായ ലക്ഷത്തിലധികം പേനകളാണ് സ്വന്തമാക്കിയിട്ടുള്ളത്. മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുസമദ് സമദാനി, എം ടി വാസുദേവന്‍ നായര്‍ തുടങ്ങി നിരവധി പ്രമുഖരാണ് സമീറിന്റെ പേന ശേഖരണത്തില്‍ പങ്കാളിയായത്. പുതിയകാല പേനകള്‍ മാത്രമല്ല, പഴയകാല പേനകളായ മരയൂരി, കോലെഴുത്ത് പേന, വെട്ടഴുത്ത് പേന, പിഞ്ഞാണഴുത്ത് പേന, നാരായം തുടങ്ങി ചരിത്ര പ്രാധാന്യമുള്ള പേനകള്‍ സൂക്ഷിക്കുകയും പ്രദര്‍ശനം നടത്തുകയും ചെയ്യുന്ന സമീറിനെ തേടി നിരവധി പേരാണ് എത്തുന്നത്.
അംഗീകാരങ്ങൾ
ജിദ്ദ കെ എം സി സി അവാര്‍ഡ്, തിരൂരങ്ങാടി ജേസിസ് അവാര്‍ഡ്, കെ വി എസ് എസ് പ്രതിഭാ പുരസ്‌കാരം, പൂന്താനം ശ്രേഷ്ഠ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തിയിട്ടുള്ളത്. ജീവിതമാര്‍ഗത്തിന് പരപ്പനങ്ങാടിയില്‍ മുക്കത്ത് ഓട്ടോമൊബൈല്‍സ് എന്ന സ്ഥാപനം നടത്തുന്ന സമീറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വഴികാട്ടിയായി എഴുത്തുകാരന്‍ റഷീദ് പരപ്പനങ്ങാടിയും, മിഡിയ ലൈബ്രറി സെക്രട്ടറിയായ സി അബ്ദുറഹ്മാന്‍ കുട്ടിയും, തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ പി സോമനാഥന്‍ മാഷും കൂടെയുണ്ട്. മക്കളായ മുഹമ്മദ് ഷാദില്‍, മാലിക്ക്‌സുഹ്രി ഹാമിഷ്, എന്നിവര്‍ വിദ്യാര്‍ത്ഥികളാണ്. ഇവരും സമീറിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായികളായി വര്‍ത്തിക്കാറുണ്ട്. പി വി സറീനയാണ് ഭാര്യ.