തദ്ദേശീയ ഇനങ്ങള്‍ ഇത്തരത്തിലെ വ്യാപക വരിയുടയ്ക്കലിലൂടെ അന്യം നിന്നുപോകുമെന്നാണ് ബിജെപി എംപി പ്രഗ്യ സിംഗ് താക്കൂര്‍ ആരോപിക്കുന്നത്.
ഉല്‍പാദനക്ഷമതക്കുറവുള്ള കാളകളെ ഷണ്‌ഡവല്‍ക്കരിക്കാനുള്ള (Bull Castration) മധ്യപ്രദേശ് (Madhya Pradesh)സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ ബിജെപി എംപി പ്രഗ്യ സിംഗ് താക്കൂര്‍ (Pragya Singh Thakur). 12 ലക്ഷം കാളകളെ വരിയുടയ്ക്കുന്നതിനായി ബഡ്ജറ്റില്‍ 12 കോടി രൂപയും ശിവരാജ് സിംഗ് ചൌഹാന്‍ സര്‍ക്കാര്‍ നീക്കി വച്ചിരുന്നു. എന്നാല്‍ തദ്ദേശീയ ഇനങ്ങള്‍ ഇത്തരത്തിലെ വ്യാപക വരിയുടയ്ക്കലിലൂടെ അന്യം നിന്നുപോകുമെന്നാണ് ബിജെപി എംപി പ്രഗ്യ സിംഗ് താക്കൂര്‍ ആരോപിക്കുന്നത്. പ്രഗ്യയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് കൂടി രംഗത്ത് എത്തിയതോടെ നിര്‍ബന്ധിത വരിയുടയ്ക്കലിനുള്ള തീരുമാനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ് മധ്യപ്രദേശ്.
എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തിയാല്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിന് പിന്തുണയാണ് സംസ്ഥാനത്തെ മൃഗസംരക്ഷണ വിദഗ്ധര്‍ നല്‍കുന്നത്. തീരുമാനം നിമിത്തം ഏതെങ്കിലും പ്രാദേശിക ഇനം അന്യം നിന്ന് പോവില്ലെന്നും പ്രാദേശിക സാമ്പത്തിക വ്യവസ്ഥയേ ബാധിക്കില്ലെന്നുമാണ് വിദഗ്ധരുടെ വീക്ഷണം. ഉല്‍പാദന ക്ഷമതക്കുറവുള്ള കാളകളെ വ്യാപകമ വരിയുടയ്ക്കലിന് വിധേയമാക്കുന്നത് സംസ്ഥാനത്ത് ഇത് ആദ്യമായല്ല. 1998, 1999, 2021 സെപ്തംബര്‍ എന്നീ സമയത്ത് നിര്‍ബന്ധിത ഷണ്‌ഡവല്‍ക്കരിക്കലിലൂടെ 1.33 കോടി കാളകളെ വരിയുടച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നതെന്ന് എന്‍ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാര്‍ സമാന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബിജെപി സര്‍ക്കാര്‍ ഭരിച്ച കാലത്ത് 10.6 ലക്ഷം കാളകളെയും കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലത്ത് 7.61 ലക്ഷം കാളകളെയും ഷണ്‌ഡവല്‍ക്കരിച്ചിട്ടുണ്ട്. എങ്കിലും ഇരുപാര്‍ട്ടികളും ചേര്‍ന്നാണ് സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കുന്നത്. പ്രാദേശിക പശുവിഭാഗങ്ങളുടെ നാശം ലക്ഷ്യമാക്കിയാണ് നീക്കമെന്നാണ് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ പറയുന്നത്. പാല്‍ ഉല്‍പാദനത്തില്‍ കുറവുണ്ടാകാതിരിക്കാന്‍ വരിയുടയ്ക്കല്‍ സഹായിക്കുമെന്നാണ് കന്നുകാലി വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ഡോ കെഎസ് തോമര്‍ പ്രതികരിക്കുന്നത്. ക്ഷീരവ്യവസായത്തെ സഹായിക്കാനാണ് നീക്കമെന്നും തോമര്‍ പറയുന്നു. കന്നുകാലി വികസന കോര്‍പ്പറേഷന്‍റെ കണക്കുകളുടെ അടിസ്ഥാനത്ത് സംസ്ഥാനത്ത് 2.90 കന്നുകാലികളാണ് ഉള്ളത്. ഇതില്‍ 1.87 കോടി പശുക്കളാണ്.