കാളകളുടെ എണ്ണം കൂടുന്നു, ലിംഗാനുപാതം പ്രശ്‌നമാവുന്നു, പശുക്കളുടെ എണ്ണം കൂട്ടാന്‍ പുതിയ പദ്ധതിയുമായി കേരളവും?

By Nitha S V  |  First Published Jan 29, 2020, 3:51 PM IST

നിലവില്‍ രണ്ടു കമ്പനികള്‍ മാത്രമേ സെക്സ്ഡ് സെമന്‍ ഉത്പാദിപ്പിക്കുന്നുള്ളു. കേരളത്തിലേക്ക് ഇപ്പോള്‍ പണം കൊടുത്ത് ബീജം വാങ്ങിയാണ് പശുക്കളില്‍ കുത്തിവെപ്പ് നടത്തുന്നത്. 'ഈ സാങ്കേതിക വിദ്യ കേരളത്തിന് സ്വന്തമായി ലഭിക്കാന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടുകൂടിയുള്ള ഫണ്ട് നമുക്ക് ലഭിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ. 


മനുഷ്യരില്‍ മാത്രമാണോ ആണ്‍-പെണ്‍ ലിംഗാനുപാതത്തെക്കുറിച്ചുള്ള ആശങ്കള്‍ നിലനില്‍ക്കുന്നത്? കന്നുകാലികളുടെ കാര്യവും പരിതാപകരമാണെന്നാണ് ചില വസ്തുതകള്‍ സൂചിപ്പിക്കുന്നത്. ഗോവധം മൂലമുള്ള പ്രശ്‍നങ്ങളെ ചൊല്ലി കാളകളെ കഴുത്തറുത്ത് കൊല്ലുന്നത് അവസാനിപ്പിച്ചതിന്‍റെ പശ്ചാത്തലത്തില്‍ പശുക്കളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസം തന്നെയാണ് കാളകളുടെ എണ്ണത്തില്‍ കാണുന്നത്. അതുമാത്രമല്ല വിളകള്‍ക്ക് നാശം വരുത്താന്‍ കാളകള്‍ ശ്രമിക്കുന്നുവെന്നത് കര്‍ഷകരുടെ സ്ഥിരം പരാതിയുമാണ്. ഈ സാഹചര്യത്തില്‍ പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സാങ്കേതിക വിദ്യയാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ കന്നുകാലികളുടെ ഉത്പാദനത്തിലുള്ള കുറവ് നികത്താനായി പല മാര്‍ഗങ്ങളും അവലംബിക്കുന്നുണ്ട്. പെണ്‍കിടാരികളെ കൂടുതല്‍ ജനിപ്പിക്കാനും അതുവഴി പാല്‍ ഉത്പാദനം വര്‍ധിപ്പിക്കാനുമായി 'സെക്സ്ഡ് സെമന്‍ ടെക്നോളജി' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ കേരളത്തിലും നടപ്പിലാക്കിക്കഴിഞ്ഞു. കൂടുതല്‍ പണച്ചെലവും ഗുണനിലവാര പരിശോധനകളും ആവശ്യമുള്ള ഈ സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള കാത്തിരിപ്പിലാണ് കേരളം.

Latest Videos

undefined

'കേരളത്തില്‍ സെക്സ്ഡ് സെമന്‍ ഉപയോഗിച്ചുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന് അനുമതി ലഭിച്ചത് 302 സെന്ററുകള്‍ക്കാണ്. 16,000 ഡോസ് സെമന്‍ സര്‍ക്കാരിന്റെ അനുമതിയോടെ കൊടുത്തിട്ടുണ്ട്. കേരളത്തില്‍ 2502 സെന്ററുകളാണ് മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ളത്. വളരെ ചെലവ് കൂടിയതായതുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സെന്ററുകളിലേക്ക് മാത്രമാണ് ക്ഷീര കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ പശുക്കളുടെ ബീജം കുത്തിവെക്കാന്‍ അനുമതി നല്‍കിയിട്ടുള്ളു.'  കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ മാനേജിങ്ങ് ഡയറക്ടര്‍ ഡോ. ജോസ് ജെയിംസ് പറയുന്നു.

നിലവില്‍ രണ്ടു കമ്പനികള്‍ മാത്രമേ സെക്സ്ഡ് സെമന്‍ ഉത്പാദിപ്പിക്കുന്നുള്ളു. കേരളത്തിലേക്ക് ഇപ്പോള്‍ പണം കൊടുത്ത് ബീജം വാങ്ങിയാണ് പശുക്കളില്‍ കുത്തിവെപ്പ് നടത്തുന്നത്. 'ഈ സാങ്കേതിക വിദ്യ കേരളത്തിന് സ്വന്തമായി ലഭിക്കാന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടുകൂടിയുള്ള ഫണ്ട് നമുക്ക് ലഭിച്ചാല്‍ മാത്രമേ ഇത് സാധ്യമാകൂ. അതുകൊണ്ടു തന്നെ കേരളത്തില്‍ ഈ രീതിയിലുള്ള പ്രജനനം സാധ്യമാകണമെങ്കില്‍ രണ്ടുവര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും' ഡോ.ജോസ് ജെയിംസ് പറയുന്നു.

ഒരു ഡോസ് ബീജത്തിന് 1250 രൂപ വിലയുണ്ട്. അതുകൊണ്ടുതന്നെ നന്നായി പശുക്കളെ വളര്‍ത്താന്‍ കഴിയുന്ന കര്‍ഷകര്‍ക്ക് മാത്രമേ കേരളത്തില്‍ നിലവില്‍ ഈ പ്രക്രിയയിലൂടെ പശുക്കിടാങ്ങളെ ജനിപ്പിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളു. ഇപ്പോള്‍ ബീജോല്‍പ്പാദനം നടത്തുന്ന വിദേശകമ്പനികളില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ വഴി നിരവധി പശുക്കുട്ടികള്‍ കേരളത്തില്‍ ജനിച്ചിട്ടുണ്ടെന്ന് ഡോ.ജെയിംസ് വ്യക്തമാക്കുന്നു.

അന്യസംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ സെപ്റ്റംബറില്‍ മധുരയില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 600 ജില്ലകളിലാണ് പ്രാരംഭനടപടികള്‍ സ്വീകരിക്കുന്നത്. ഏകദേശം 1.2 കോടി പശുക്കളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ വഴി ബീജം കുത്തിവെച്ച് പാല്‍ ഉത്പാദനമേഖലയില്‍ നേട്ടമുണ്ടാക്കണമെന്നാണ് തീരുമാനം. 17 ലക്ഷത്തോളം പശുക്കളില്‍ വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു.

ആനിമല്‍ ഹസ്ബന്ററി ആന്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡയറിയിങ്ങിന്റെ സെക്രട്ടറിയായ അതുല്‍ ചതുര്‍വേദി പറയുന്നത് ഇതാണ്, ' ബീജം കുത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് ഏകദേശം അഞ്ചു ശതമാനം പശുക്കളിലാണ്  ഞങ്ങള്‍ പരീക്ഷണം നടത്തുന്നത്. ഇപ്പോള്‍ ഇതിനായി ലഭിക്കുന്ന ബീജത്തിന്റെ അളവ് വളരെ കുറവാണെങ്കിലും കൂടുതല്‍ പശുക്കളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഭീമമായ ചെലവ് ആവശ്യമുള്ള ഈ പ്രവര്‍ത്തനങ്ങള്‍ക്കായി സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് പണമടയ്ക്കാനുള്ള സംവിധാനവും ഉണ്ടാക്കുന്നുണ്ട്'.

ക്ഷീരകര്‍ഷര്‍ക്ക് ഇത് ലാഭകരമാണെന്ന് തോന്നാത്തിടത്തോളം കാലം ബീജം വാങ്ങി തങ്ങളുടെ പശുക്കള്‍ക്ക് കുത്തിവെക്കാനും വളര്‍ത്താനുമൊന്നും താല്‍പര്യമുണ്ടാകില്ലെന്ന് ചതുര്‍വേദി പറയുന്നു. എന്നിരുന്നാലും  ചില കര്‍ഷകര്‍ സ്വന്തം ചെലവില്‍ ഈ പണമടച്ച് പരീക്ഷണത്തിനിറങ്ങിയതായി ഇദ്ദേഹം വെളിപ്പെടുത്തുന്നു. സാധാരണ രീതിയിലുള്ള പ്രജനന പ്രക്രിയ പ്രകാരം ആണും പെണ്ണും  ജനിക്കുന്നതിനുള്ള സാധ്യത അന്‍പത് ശതമാനമാണ്. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ വഴി ജനിക്കുന്നത് 90 ശതമാനവും പെണ്‍കിടാരികളാണ്.

ഇപ്പോള്‍ യു.എസ് അടിസ്ഥാനമാക്കിയുള്ള രണ്ട് കമ്പനികള്‍ വഴിയാണ് ബീജങ്ങള്‍ ലഭിക്കുന്നത്. ജീനസ് എ.ബി.എസ്, സെക്സിങ്ങ് ടെക്നോളജീസ് എന്നിവയാണ് അവ. ഇത്തരം സെക്സ്ഡ് സെമന്‍ ലഭിക്കണമെങ്കില്‍ 700 രൂപ മുതല്‍ 1,200 രൂപ വരെ നല്‍കണം. ഒരു പെണ്‍കിടാരി ജനിക്കാനായി മൂന്ന് ഡോസ് ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ ചെറുകിട ക്ഷീരകര്‍ഷകര്‍ക്കും ഇടത്തരം കര്‍ഷകര്‍ക്കും ഇത്രയും പണമുണ്ടാക്കുകയെന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കും.

എന്നാല്‍ എ.ബി.എസ് ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍ പറയുന്നത് ഈ സെക്സ്ഡ് സെമന്‍ ഉപയോഗിച്ചുള്ള ഉത്പാദനം വന്‍ലാഭകരമായതുകൊണ്ട് കര്‍ഷകര്‍ മുടക്കുന്നതിനേക്കാള്‍ പണം തിരിച്ചുകിട്ടുമെന്നാണ്. അടുത്ത കുറച്ച് മാസത്തേക്കുള്ള ബുക്കിങ്ങ് നടന്നുകഴിഞ്ഞു.

'ഇന്ത്യയില്‍ ലബോറട്ടറികള്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇവിടെയുള്ള കാളകളെ ഉപയോഗിച്ച് സെക്സ് സോര്‍ട്ടഡ് സെമന്‍ ഉണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇപ്പോള്‍ 14 സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്', ചതുര്‍വേദി പറഞ്ഞു.

ബീജം ഉത്പാദിപ്പിക്കാനുള്ള അനുമതി കിട്ടിയിരിക്കുന്നത് ഗുജറാത്ത്, ഹരിയാന, കേരളം, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ് നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ്.

നാഷല്‍ ഡെയറി ഡവലപ്മെന്റ് ബോര്‍ഡും ഇപ്പോള്‍ സെക്സ് സോര്‍ട്ടഡ് സെമന്‍ ഉത്പാദിപ്പിക്കാനുള്ള പ്രോജക്റ്റില്‍ പങ്കാളികളാണ്. സഹിവാള്‍, ഗീര്‍, തര്‍പാര്‍ക്കര്‍ എന്നീ ഇനങ്ങളെയാണ് ഇവര്‍ തെരഞ്ഞെടുത്തത്. അമ്രേലി, ജോധ്പൂര്‍, ചമ്പാരന്‍, വാരണാസി,ഷാജന്‍പൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് ഇവയെ തയ്യാറാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനമായപ്പോള്‍ 591 പശുക്കുട്ടികളെ ഈ രീതിയില്‍ ജനിപ്പിച്ചു. ഇതില്‍ 522 എണ്ണം പെണ്‍കിടാരികളായിരുന്നു.

'നമ്മുടെ ജനിതക മാറ്റത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടെങ്കിലും നമുക്ക് സെമന്‍ സെക്സിങ്ങ് ടെക്നോളജി വികസിപ്പിക്കേണ്ടതുണ്ട്. ഉഷ്ണകാലവുമായി അതിജീവിക്കേണ്ട സാധ്യതകളും രോഗപ്രതിരോധശേഷിയും തീറ്റ പരിവര്‍ത്തനശേഷിയും മനസിലാക്കേണ്ടതുണ്ട്.' നാഷനല്‍ ഡെയറി ഡെവലപ്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ദിലിപ് രഥ് പറയുന്നു.

click me!