ഫാം തുടങ്ങാനായി 22 ലക്ഷത്തോളം രൂപ മുടക്കി. പല വ്യക്തികളില്‍ നിന്നും പലിശയ്ക്കും കടമായും ബന്ധുക്കളില്‍ നിന്നുമാണ് പണം സ്വരൂപിച്ചത്. ഫാം തുടങ്ങിയാല്‍ നഷ്ടം വരില്ലെന്ന് സുഹൃത്തുക്കളും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിന്‍സെന്റ് ഈ ശ്രമം നടത്താനിറങ്ങിയത്.
'കര്‍ഷക കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. കുറച്ച് തെങ്ങും കുരുമുളകും വാഴയും കവുങ്ങുമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. കൃഷിയെപ്പറ്റിയുള്ള യുട്യൂബ് വീഡിയോകളും വാട്‌സ് ആപ്പ് സന്ദേശങ്ങളും എപ്പോഴും നല്ല വശങ്ങള്‍ മാത്രമേ കാണിക്കുന്നുള്ളു. വരും വരായ്കകളോ ലാഭനഷ്ടക്കണക്കുകളോ ആരും ശ്രദ്ധിക്കാതെ അത്തരം സംരംഭത്തിനിറങ്ങിത്തിരിക്കും. അതാണ് എനിക്കും സംഭവിച്ചത്. അറിവില്ലായ്മ കൊണ്ടാണ് എനിക്ക് നഷ്ടം സംഭവിച്ചത്. പശുവിനെ വളര്‍ത്താനും പച്ചക്കറി കൃഷി ചെയ്യാനും ലൈസന്‍സ് ആവശ്യമില്ല. പക്ഷേ, പന്നികളെ വളര്‍ത്താന്‍ നൂലാമാലകള്‍ വളരെക്കൂടുതലുണ്ട്. വെറും അഞ്ച് പന്നികളെ വളര്‍ത്തിയ എനിക്ക് പിന്നീട് പന്നികളുടെ എണ്ണം കൂടിയപ്പോള്‍ ഫാം ആക്കി മാറ്റാനുള്ള ലൈസന്‍സ് കിട്ടിയില്ല. ഈ ഫാമിന്റെ 500 മീറ്റര്‍ അകലെയാണ് വീടുകളുള്ളത്. എന്നിട്ടും ആ പ്രദേശത്ത് ഒരു ഫാമിനും ലൈസന്‍സ് കൊടുക്കരുതെന്ന തീരുമാനമാണ് അധികൃതര്‍ എടുത്തിരിക്കുന്നത്.' പന്നികളെ വളര്‍ത്താന്‍ ലൈസന്‍സിനായി രണ്ടു വര്‍ഷമായി നെട്ടോട്ടമോടുന്ന കര്‍ഷകനായ തൃശൂര്‍ ജില്ലയിലെ മാറ്റാമ്പുറത്തുള്ള മാരിപ്പുറത്ത് വീട്ടില്‍ വിന്‍സെന്റിന്റെ വാക്കുകളാണിത്.
undefined
ആദ്യമായി നാല് പശുക്കളെയാണ് വിന്‍സെന്റ് വളര്‍ത്താന്‍ ആരംഭിച്ചത്. വീടുകളില്‍ പാല്‍ വില്‍പ്പന നടത്തിയാണ് ഉപജീവനം നടത്തിയത്. അസുഖം ബാധിച്ച് പശുക്കള്‍ ചത്തുപോയപ്പോള്‍ നഷ്ടത്തില്‍ നിന്ന് കരകയറാനാണ് പന്നി ഫാം തുടങ്ങാമെന്ന ചിന്തയിലെത്തിയത്. അല്‍പ്പം കൃഷിസ്ഥലമുണ്ടായിരുന്നിടത്ത് വളമായി ഉപയോഗിച്ചിരുന്നത് ചാണകമായിരുന്നു. പശുക്കള്‍ ഇല്ലാതായപ്പോള്‍ കൃഷിയും മുടങ്ങി. അപ്പോഴാണ് പന്നി ഫാമുണ്ടാക്കുമ്പോള്‍ ബയോഗ്യാസില്‍ നിന്ന് കിട്ടുന്ന വളം സ്വന്തം പറമ്പിലെ തെങ്ങിനും കവുങ്ങിനും ഉപയോഗിക്കാമെന്ന ചിന്ത ഉണ്ടായത്. ഇപ്പോള്‍ എല്ലാം നഷ്ടമായി ജീവിതം തന്നെ കൈവിട്ടുപോയ അവസ്ഥ.
'2018 ഫെബ്രുവരി മാസത്തിലാണ് പന്നിഫാം തുടങ്ങിയത്. മൂന്ന് മാസത്തിനുള്ളില്‍ തന്നെ മാലിന്യപ്രശ്‌നം ആരോപിച്ച് കുടുംബശ്രീ പ്രവര്‍ത്തകരും പഞ്ചായത്തില്‍ നിന്നുള്ളവരും പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. എന്നാല്‍, പന്നിഫാം നടത്താന്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ തടസങ്ങളില്ലാതെ മുന്നോട്ട് പോകാമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. അന്ന് മുതല്‍ ലൈസന്‍സിനായി ഓടി നടക്കുന്നു. രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഷെഡ് പണിയാനുള്ള അനുമതി പോലും ഇതുവരെ എനിക്ക് തന്നിട്ടില്ല'. വിന്‍സെന്റ് പറയുന്നു.
തന്റെ വീട്ടുപരിസരത്ത് മറ്റു ഫാമുകള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടാണ് വിന്‍സെന്റും പന്നി വളര്‍ത്താമെന്ന് ആലോചിച്ചത്. മണ്ണുത്തി ഫാമില്‍ നിന്ന് അഞ്ച് പന്നികളെയാണ് ആദ്യമായി വാങ്ങിയത്. പിന്നീട് ഒരു മാസം കഴിഞ്ഞപ്പോള്‍ അഞ്ചെണ്ണം കൂടി വാങ്ങി. ഈ പന്നികള്‍ വലുതായി പ്രസവിച്ചാണ് 47 എണ്ണമായി മാറിയത്.
'മലമ്പ്രദേശത്താണ് ഫാം സ്ഥാപിക്കാന്‍ ആരംഭിച്ചത്. ജെ.സി.ബി ഏകദേശം 16 ദിവസം ഇവിടെ പണിയെടുത്തു. ബയോഗ്യാസ് സ്ഥാപിക്കാന്‍ 2.87 ലക്ഷമാണ് ചെലവായത്. സെപ്റ്റിക് ടാങ്ക് നിര്‍മിക്കാനുമെല്ലാമായി ആകെ 22 ലക്ഷം രൂപയാണ് ചെലവ്. പന്നികളെ അവര്‍ കൊണ്ടുപോയപ്പോള്‍ 4 ലക്ഷത്തോളം കടം വീട്ടി. ബാക്കിയുള്ള പണം കൊടുത്തുതീര്‍ക്കണം.' ഫാം തുടങ്ങിയ ശേഷം തനിക്കുണ്ടായ നഷ്ടമാണ് വിന്‍സെന്റ് ചൂണ്ടിക്കാട്ടുന്നത്.
ഫാം തുടങ്ങാനായി 22 ലക്ഷത്തോളം രൂപ മുടക്കി. പല വ്യക്തികളില്‍ നിന്നും പലിശയ്ക്കും കടമായും ബന്ധുക്കളില്‍ നിന്നുമാണ് പണം സ്വരൂപിച്ചത്. ഫാം തുടങ്ങിയാല്‍ നഷ്ടം വരില്ലെന്ന് സുഹൃത്തുക്കളും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിന്‍സെന്റ് ഈ ശ്രമം നടത്താനിറങ്ങിയത്. പന്നിക്കുള്ള ഭക്ഷണം പണം കൊടുത്ത് വാങ്ങേണ്ടല്ലോ എന്നായിരുന്നു ചിന്തിച്ചത്. ഹോട്ടലുകളിലെ ഭക്ഷണാവശിഷ്ടങ്ങളാണ് പന്നികള്‍ ആഹാരമാക്കുന്നത്. വളര്‍ത്തി ഒരു വര്‍ഷം കഴിഞ്ഞാല്‍ പ്രസവിച്ച് കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ അവയെ വളര്‍ത്തി വരുമാനം നേടാമെന്നും കൂടിയായിരുന്നു വിന്‍സെന്റിന്റെ മനസില്‍. എന്നാല്‍, കണക്കൂകൂട്ടലുകള്‍ മുഴുവന്‍ പിഴച്ചുപോയി. 'കുടുംബശ്രീ അംഗങ്ങള്‍ വീട്ടില്‍ വന്ന് പച്ചക്കറികളുടെ അവശിഷ്ടങ്ങള്‍ കൊണ്ടുപോകാന്‍ പറ്റില്ലെന്ന് പറയുന്നു. ഒരു വഴിക്ക് യാത്ര ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. എങ്ങോട്ടെങ്കിലും പോകാനിറങ്ങിയാല്‍ ഉടനെ നാട്ടുകാര്‍ വണ്ടി നിര്‍ത്തി തുറന്ന് നോക്കുന്ന അവസ്ഥയാണ്.' വിന്‍സെന്റ് തന്റെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്നു.
ഇവിടെ സമീപപ്രദേശത്ത് നാല് പന്നിഫാമുകള്‍ ഉണ്ട്. അതില്‍ മൂന്നെണ്ണം 50 പന്നികളില്‍ താഴെ മാത്രമുള്ള ചെറിയ ഫാമുകളും. 'ഫാം തുടങ്ങുമ്പോള്‍ ലൈസന്‍സ് എടുക്കണമെന്ന് അറിയില്ലായിരുന്നു. പഞ്ചായത്ത് അധികൃതര്‍ വന്ന് ലൈസന്‍സ് എടുക്കാന്‍ ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പില്‍ നിന്ന് വന്നവര്‍ പോരായ്മകളൊന്നുമില്ലെന്നും ലൈസന്‍സ് മാത്രം കിട്ടിയാല്‍ മതിയെന്നും പറഞ്ഞു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിക്കായി ഞാന്‍ പോയി. കുഴപ്പമൊന്നുമില്ലെന്നും പന്നികളെ വളര്‍ത്താമെന്നും അവര്‍ അനുമതി തന്നു. പത്ത് പന്നികളെ വളര്‍ത്താനുള്ള ഷെഡ് ഉണ്ടാക്കി. നൂറെണ്ണം വരെ വളര്‍ത്താനുള്ള അനുമതിയാണ് അവര്‍ തന്നത്. പണമില്ലാത്തതുകൊണ്ടാണ് ചെറിയ ഷെഡ് പണിതത്. അതിനുശേഷം പഞ്ചായത്തില്‍ പോയി പ്ലാന്‍ കൊടുത്തിരുന്നു. അതുപ്രകാരം അവര്‍ സ്ഥലം വന്നുനോക്കി പഴയ ഷെഡ് പൊളിക്കണമെന്നും എന്നാലേ ഫാം പണിയാനുള്ള അനുമതി തരികയുള്ളു എന്ന് പറഞ്ഞു. ഇതുവരെ നാല് ഫയലുകള്‍ അവര്‍ റദ്ദാക്കി. ഓരോ പ്രാവശ്യവും ഓരോ കാരണമാണ് അവര്‍ പറയുന്നത്. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയാണ്.' വിന്‍സെന്‍റ് പറയുന്നു.
എങ്ങനെയെങ്കിലും രക്ഷപ്പെടാമെന്ന ആഗ്രഹത്താലാണ് പന്നിഫാം ആരംഭിച്ചത്. പണം കടം വാങ്ങിയവര്‍ക്ക് തിരിച്ചുകൊടുക്കാന്‍ കഴിയാത്തതുകൊണ്ട് വിന്‍സെന്റ് വളര്‍ത്തിയ പന്നികളെ അവര്‍ കൊണ്ടുപോകുകയും ചെയ്തു. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബമാണ് വിന്‍സെന്റിന്. 'ആത്മഹത്യ മാത്രമേ ഇനി എന്റെ മുന്നിലുള്ളൂ. ഇപ്പോള്‍ എല്ലാ പന്നികളെയും കൊടുത്തു തീര്‍ത്തു. പല തവണ ഓഫീസില്‍ കയറിയിറങ്ങിയിട്ടും ലൈസന്‍സ് ലഭിക്കുന്നില്ല. ഇനി എന്തുചെയ്യണമെന്നറിയില്ല.'
തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് വിന്‍സെന്റ് താമസിക്കുന്നത്. കുടുംബശ്രീയിലെ അംഗങ്ങളുടെ ശക്തമായ എതിര്‍പ്പാണ് പന്നി ഫാം പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഘടകം. പ്രദേശത്തുള്ള മറ്റുഫാമുകളെ ലക്ഷ്യം വെച്ചുള്ള ചിലരുടെ പ്രവര്‍ത്തനം കാരണമാണ് തന്റെ ഫാമും അടച്ചുപൂട്ടേണ്ടി വന്നതെന്ന വിവരമാണ് വിന്‍സെന്റിന് അവസാനമായി ലഭിച്ചത്.
'വളര്‍ത്താനായി പന്നികളെ കിട്ടുമ്പോള്‍ മൂന്ന് മാസം മുതല്‍ അഞ്ചു മാസം വരെയാണ് പ്രായം. പത്ത് മാസമാകുമ്പോള്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനുള്ള ശ്രമം നടത്താം. പന്നിയുടെ പ്രസവിക്കാനുള്ള കാലാവധി മൂന്ന് മാസമാണ്. ഒരിക്കല്‍ പ്രസവിച്ചാല്‍ പന്നിയെ ഒന്നര മാസം കഴിഞ്ഞാല്‍ വീണ്ടും പ്രത്യല്‍പാദനം നടത്താന്‍ തയ്യാറാക്കാം.' വിന്‍സെന്റ് പറയുന്നു.
'സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ടെന്ന് കേള്‍ക്കുന്നു. അഞ്ചു വര്‍ഷം വരെ ലൈസന്‍സ് ഇല്ലാതെ ഒരു പുതിയ സംരംഭം നടത്താമെന്നതാണ് അത്. പന്നികളെ ഇങ്ങനെ വളര്‍ത്താനുള്ള സംവിധാനമുണ്ടോയെന്ന് അറിയില്ല. പന്നിയെയും പശുവിനെയും ആടിനെയും കേരളത്തില്‍ വളര്‍ത്താന്‍ സാധിക്കാതെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് എന്തു വേണമെങ്കിലും ഇറക്കുമതി ചെയ്യാമെന്ന അവസ്ഥയാണ് ഇവിടെ. ' വിന്‍സെന്റ് പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് മുളങ്കുന്നത്തുകാവ് പഞ്ചായത്ത് സെക്രട്ടറി ഷിനില്‍ പറയുന്നത് ഇതാണ്, "പഞ്ചായത്തിന്റെ അനുമതിയില്ലാതെ പന്നി ഫാം നടത്തിയ വിന്‍സെന്റ് ഉള്‍പ്പെടെയുള്ള നാല് ഫാം നടത്തിപ്പുകാര്‍ക്കെതിരെ പ്രദേശവാസികള്‍ ഹൈക്കോടതിയില്‍ കേസ് നല്‍കുകയായിരുന്നു. കെട്ടിടം പണിയാന്‍ അനുമതി വേണം. എന്നാല്‍ ഇവര്‍ പെര്‍മിറ്റ് എടുക്കാതെയാണ് പന്നി ഫാം പണിതത്. അഞ്ചില്‍ കൂടുതല്‍ പന്നികള്‍ വളര്‍ത്തണമെങ്കില്‍ ലൈസന്‍സ് വേണമെന്നതാണ് നിയമം. നമ്മുടെ നാട്ടില്‍ സര്‍ക്കാര്‍ നിയമങ്ങളുള്ളപ്പോള്‍ അത് പാലിക്കാതെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലൈസന്‍സ് കൊടുക്കാനും കഴിയില്ലല്ലോ. യഥാര്‍ഥത്തില്‍ വിന്‍സെന്റിന്റെ ഫാമിനെ ലക്ഷ്യമാക്കിയായിരുന്നില്ല നാട്ടുകാര്‍ പ്രതിഷേധിച്ചത്. വലിയൊരു ഫാം വേറെയുണ്ട്. അവര്‍ക്കെതിരെ പരാതിയില്‍ വന്നപ്പോള്‍ ആ പ്രദേശത്തെ എല്ലാ പന്നി ഫാമുകളും ഉള്‍പ്പെടുത്തേണ്ടി വന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി വിന്‍സെന്റിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്നതാണ് കേസ്.'