2008 -ല്‍ വിത്തുകള്‍ ഉത്പാദിപ്പിക്കാനുള്ള ഒരു ലബോറട്ടറിയും ഇദ്ദേഹം സ്ഥാപിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 1500 ചതുരശ്ര അടി സ്ഥലത്തേക്ക് ഈ പരീക്ഷണശാല വ്യാപിപ്പിക്കാനും കഴിഞ്ഞു.
ഇന്ന് സഞ്ജീവിന് 54 വയസുണ്ട്. 25 വയസ്സുള്ളപ്പോള്‍ ഇദ്ദേഹം കൂണ്‍ കൃഷി തുടങ്ങിയതാണ്. ഇപ്പോള്‍ 'കൂണുകളുടെ രാജാവ്' എന്ന് തന്നെയാണ് സഞ്ജീവിനെ നാട്ടുകാര്‍ വിളിക്കുന്നത്. 1992 -ല്‍ പഞ്ചാബില്‍ കൂണ്‍ കൃഷി ആരംഭിച്ച ഒരേ ഒരു കൃഷിക്കാരനായിരുന്നു ഇദ്ദേഹം. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കോളജില്‍ പഠിക്കുന്ന കാലത്ത് കൂണ്‍ കൃഷിയില്‍ പരീക്ഷണങ്ങള്‍ നടത്തി ഇന്ന് കോടികളുടെ വരുമാനമുണ്ടാക്കുന്ന സഞ്ജീവിനെ പരിചയപ്പെടാം.
വിപണന സാധ്യതകളെക്കുറിച്ച് ഏതാണ്ട് ഒരു വര്‍ഷത്തോളം നിരന്തരമായ അന്വേഷണവും ഗവേഷണവും നടത്തിയാണ് സഞ്ജീവ് ഈ കൃഷി ആരംഭിക്കാന്‍ പദ്ധതിയിട്ടത്. 'പഞ്ചാബിലെ കാര്‍ഷിക സര്‍വകലാശാലയില്‍ കൂണ്‍ കൃഷിയെപ്പറ്റി ഒരു വര്‍ഷം നീണ്ട കോഴ്‌സിന് പ്രവേശനം ലഭിച്ചു. അങ്ങനെയാണ് വീട്ടിനകത്ത് ബാഗുകളിലും മണ്ണില്ലാതെയും കൃഷി ചെയ്യാമെന്ന് മനസിലാക്കുന്നത്.' സഞ്ജീവ് പറയുന്നു.
undefined
ആ കാലത്ത് കൂണ്‍ കൃഷി ചെയ്യുന്ന ഒരാളെപ്പറ്റിയും സഞ്ജീവിന് അറിവില്ലായിരുന്നു. അതുകൊണ്ടു തന്നെ വെല്ലുവിളികള്‍ ഏറ്റെടുത്ത് സ്വയം പരീക്ഷണക്കൃഷി തുടങ്ങുകയായിരുന്നു. കൂണ്‍ കൃഷി എന്താണെന്നു തന്നെ ആര്‍ക്കും അറിവില്ലാത്ത കാലവുമായിരുന്നു. വിത്തുകള്‍ പ്രാദേശിക വിപണിയില്‍ ലഭ്യമല്ലാത്തതു കാരണം ഡല്‍ഹിയില്‍ നിന്ന് വരുത്തേണ്ടിയും വന്നു.
ശാസ്ത്രീയ രീതിയിലുള്ള കൂണ്‍കൃഷി
സീസണ്‍ അനുസരിച്ച് കൃഷി ചെയ്യാനായിരുന്നു സഞ്ജീവിന്റെ പദ്ധതി. പരമ്പരാഗതമായി ചെയ്തുപോന്ന മറ്റു കൃഷികള്‍ക്കൊപ്പം ഇതുംകൂടി ആയപ്പോള്‍ കൂടുതല്‍ വരുമാനവും ലഭിച്ചു. ഏതാണ്ട് എട്ടുവര്‍ഷത്തോളം നല്ല ഗുണനിലവാരമുള്ള കൂണുകള്‍ കൃഷി ചെയ്യാനും വിപണിയില്‍ വേരുറപ്പിക്കാനുമായി അദ്ദേഹം കഷ്ടപ്പെടുകയും ചെയ്തു.
'2001 -ലാണ് കൃത്യമായ പരിചരണം നല്‍കി കൂണ്‍ വളര്‍ത്താന്‍ ആരംഭിച്ചത്. കോണ്‍ക്രീറ്റ് കൊണ്ടുള്ള മുറി തയ്യാറാക്കി ആറ് ലെയറുകളിലുള്ള മെറ്റല്‍ കൊണ്ടുള്ള തട്ടുകള്‍ ഉണ്ടാക്കി. കമ്പോസ്റ്റ് നിറച്ച ബാഗുകള്‍ തട്ടുകളുടെ മുകളില്‍ വെച്ചു. ഈ ജൈവ കമ്പോസ്റ്റില്‍ സാധാരണ യൂറിയയില്‍ അടങ്ങിയ അതേ അളവിലുള്ള നൈട്രജന്‍ അടങ്ങിയിട്ടുണ്ട്.' സഞ്ജീവ് താന്‍ കൃഷി ചെയ്യുന്ന രീതിയെക്കുറിച്ച് വിശദമാക്കുന്നു.
2008 -ല്‍ വിത്തുകള്‍ ഉത്പാദിപ്പിക്കാനുള്ള ഒരു ലബോറട്ടറിയും ഇദ്ദേഹം സ്ഥാപിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ 1500 ചതുരശ്ര അടി സ്ഥലത്തേക്ക് ഈ പരീക്ഷണശാല വ്യാപിപ്പിക്കാനും കഴിഞ്ഞു. ഇവിടെ നിന്ന് വിത്തുകളും കൂണുകളും ജമ്മു, ജലന്ധര്‍,ഹരിയാന, ഹിമാചല്‍ എന്നിവിടങ്ങളിലേക്കും മറ്റുള്ള അയല്‍ സംസ്ഥാനങ്ങളിലേക്കും അയച്ചുകൊടുക്കുന്നു. ഒരു ദിവസം ഏഴ് ക്വിന്റല്‍ കൂണ്‍ വിളവെടുക്കുന്ന ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 1.25 കോടി രൂപ ആണ്.
'കൂണിന് വിപണിയിലുള്ള വന്‍ ഡിമാന്റാണ് ഈ കൃഷിയുടെ വിജയം. കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതല്‍ വിളവെടുക്കാനും കഴിയും. വെര്‍ട്ടിക്കല്‍ ഫാമിങ്ങ് ഉപയോഗിച്ച് വിളവ് വര്‍ധിപ്പിക്കാം. പരമ്പരാഗത രീതിയില്‍ കൃഷി ചെയ്താല്‍ 200 എക്കര്‍ സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിളവാണ് വെറും രണ്ട് ഏക്കര്‍ സ്ഥലത്ത് നിന്ന് എനിക്ക് കിട്ടുന്നത്.' സഞ്ജീവ് ഓര്‍മിപ്പിക്കുന്നു.
2015 -ല്‍ മികച്ച കര്‍ഷകനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ പുരസ്‌കാരവും സഞ്ജീവിന് ലഭിച്ചു. വര്‍ഷം മുഴുവനും കൃഷി ചെയ്ത് വിളവെടുക്കാവുന്ന പോഷകഗുണമുള്ള ഭക്ഷ്യവസ്തുവാണ് കൂണ്‍ എന്ന് സഞ്ജീവ് വ്യക്തമാക്കുന്നു.