പപ്പായ മരത്തിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ

By Web Team  |  First Published Nov 28, 2020, 10:18 AM IST

പച്ച പപ്പായ കായ മരത്തിൽതന്നെ നിലനിർത്തി അതിലെ കറ ഊറ്റിയെടുക്കുന്ന പരിപാടിയാണ് പപ്പായ ടാപ്പിങ്. റബ്ബർ ടാപ്പിങ് പോലെ തന്നെയാണ് പപ്പായ ടാപ്പിങ്. 


പപ്പായച്ചെടി പരിചയമില്ലാത്ത ആരുമില്ല. പഴുത്ത പപ്പായയും പച്ച പപ്പായയും എത്രമാത്രം ​ഗുണപ്രദമാണെന്നും പപ്പായ എങ്ങനെ കൃഷി ചെയ്യാമെന്നുമൊക്കെ മിക്കവർക്കും അറിയാം. കേരളത്തിലെ മിക്ക വീടുകളിലും ഒരു പപ്പായ മരമെങ്കിലും കാണും.

പപ്പായക്കായ സംസ്കരിച്ചല്ലാതെ പപ്പായ മരത്തിൽ നിന്നുണ്ടാക്കാവുന്ന മൂല്യവർദ്ധിത ഉല്പന്നങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഇത്തരത്തിൽ വിപണന സാദ്ധ്യതയുള്ള രണ്ട് മൂല്യവർദ്ധിത ഉല്പന്നങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്.

Latest Videos

undefined

പപ്പായത്തണ്ടിൽനിന്ന് സ്ട്രോ

പ്ലാസ്റ്റിക് നിരോധനകാലത്ത് പലരും കടമ്പയായി കണ്ട ഉല്പന്നമായിരുന്നു സ്ട്രോ. ജ്യൂസുകൾ വിൽക്കുന്ന കടകളിലൊക്കെ പ്ലാസ്റ്റിക് സ്ട്രോകൾക്ക്  പകരക്കാരനെ കണ്ടെത്താൻ വിഷമമായിരുന്നു. ഇതിനു പ്രതിവിധിയായാണ് പപ്പായത്തണ്ടിൽനിന്ന് സ്ട്രോ ഉൽപ്പാദിപ്പിക്കാവുന്ന പുതിയ വിദ്യ. കർഷകരിൽനിന്ന് നേരിട്ടു ശേഖരിക്കുന്ന അഴുകാത്തതും ചീയാത്തതുമായ പപ്പായത്തണ്ടുകൊണ്ടാണ് സ്ട്രോ നിർമ്മിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പപ്പായത്തണ്ടുകൾ സംഭരണകേന്ദ്രങ്ങളിലെത്തിച്ച് രണ്ടായി മുറിക്കും. പിന്നീട് ശുദ്ധജലത്തിൽ രണ്ടോമൂന്നോ പ്രാവശ്യം കഴുകിയെടുക്കും. അതിനുശേഷം പ്രത്യേകമായി തയ്യാറാക്കിയ രാസലായനിയിൽ കഴുകിയെടുത്ത് തണ്ടുകളിലെ മാംസ്യം (protien) നീക്കം ചെയ്യും. പിന്നീട് പ്രത്യേകം ഡ്രയറുകൾ ഉപയോ​ഗിച്ച് ഉണക്കി പായ്ക്കറ്റിലാക്കും. പ്രതിദിനം നാലായിരത്തോളം സ്ട്രോകൾ ഒരു ചെറുകിട നിർമ്മാണ കേന്ദ്രത്തിൽ നിർമ്മിക്കാൻ പറ്റും. സാങ്കേതിക വിദ്യയിലെ വ്യത്യാസമനുസരിച്ച് എണ്ണവും രീതികളും മാറാം. കേരളത്തിൽ തിരുവനന്തപുരം കൊച്ചുവേളി വ്യവസായ മേഖലയിൽ ഇത്തരം ഒരു യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ഒരു സ്ട്രോയ്ക്ക് ഏകദേശം മൂന്നുരൂപ വില വരും.

പപ്പായക്കറയിൽ നിന്ന് പാപെയിൻ

പച്ച പപ്പായ കായ മരത്തിൽതന്നെ നിലനിർത്തി അതിലെ കറ ഊറ്റിയെടുക്കുന്ന പരിപാടിയാണ് പപ്പായ ടാപ്പിങ്. റബ്ബർ ടാപ്പിങ് പോലെ തന്നെയാണ് പപ്പായ ടാപ്പിങ്. പക്ഷേ, മരത്തിനു പകരം കായയിലാണ് ടാപ്പിങ് എന്നു മാത്രം. പാകമായ കായയുടെ തൊലിയിൽ  ബ്ലേഡോ കത്തിയോ ഉപയോ​ഗിച്ച് ഏകദേശം രണ്ടു മില്ലീമീറ്റർ ആഴത്തിൽ മുറിവുണ്ടാക്കിയാണ് ടാപ്പിങ് നടത്തുന്നത്. ഈ മുറിവിലൂടെ വെളുത്ത കറ ഒഴുകിയിറങ്ങും. ഇത് പാത്രങ്ങളിൽ ശേഖരിക്കും. പിന്നീട് കുപ്പികളിലേക്ക് മാറ്റാം. സാധാരണ അന്തരീക്ഷ താപനിലയിൽ പത്തുദിവസത്തോളം ഈ കറ കേടു കൂടാതെയിരിക്കും. ഒരു പപ്പായകായയിൽ നിന്ന് ഒരിക്കൽ കറയെടുത്താൽ ഒരാഴ്ച കഴിഞ്ഞ് വീണ്ടും എടുക്കാം. ഇങ്ങനെ പരമാവധി നാലു തവണ വരെ. ഒരു മരത്തിൽ നിന്ന് തുടർച്ചയായി മൂന്നുമാസം വരെ കറയെടുക്കാം. കറയെടുത്ത പപ്പായക്ക് കറയെടുത്തതുകൊണ്ട് പ്രത്യേകമായി തകരാറുകൾ ഒന്നും സംഭവിക്കാത്തതിനാൽ പാകമായാൽ സാധാരണ പോലെ എല്ലാ ഉപയോ​ഗങ്ങൾക്കും പറ്റും. കേരളത്തിൽ കാഞ്ഞങ്ങാട്ടും തൃശൂരിലും പപ്പായത്തോട്ടത്തിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ കറയെടുക്കുന്നുണ്ട്. ശേഖരിച്ച കറയ്ക്ക് ഒരു കിലോ​ഗ്രാമിന് 150 രൂപയും സംസ്കരിച്ച കറയ്ക്ക് കിലോ​ഗ്രാമിന് ആറായിരം രൂപയും ഏകദേശവില ഉണ്ട്. 

കാണുക:

പപ്പായ കൃഷി ഒരു തൊഴിൽ സാധ്യത കൂടിയാണ്; ഇങ്ങനെ കൃഷിയൊരുക്കാം 

ദിവസവും പപ്പായ കഴിക്കൂ; ​ഗുണങ്ങൾ പലതാണ് 


 

click me!