ലാമിയേസി സസ്യകുടുംബത്തില്‍പ്പെട്ട തുമ്പയുടെ ശാസ്ത്രനാമം ല്യൂക്കസ് ആസ്‌പെറ എന്നാണ്. രണ്ടടിയോളം വളരുന്ന ഈ ചെടി പ്രത്യേക പരിചരണമൊന്നും ആവശ്യമില്ലാതെ തന്നെ വളരുന്നതാണ്. അല്‍പം വരണ്ടതും മണല്‍ നിറഞ്ഞതുമായ മണ്ണില്‍ നന്നായി വളരും. 15 മുതല്‍ 60 സെ.മീ നീളത്തില്‍ വളര്‍ച്ചയുണ്ടാകും.
ചിങ്ങമാസം തുടങ്ങിയാല്‍ തുമ്പച്ചെടിക്കുള്ള പ്രസക്തി കണ്ടില്ലെന്ന് നടിക്കാനാവില്ലല്ലോ. തുമ്പപ്പൂവില്ലാത്ത ഓണപ്പൂക്കളത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇഷ്ടം പോലെ വളര്‍ന്ന് പൂവിട്ട് നിന്നിരുന്ന തുമ്പച്ചെടിയും ഇന്ന് കണി കാണാന്‍ കിട്ടാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. തുമ്പച്ചെടിയുടെ ഇലയും വേരും ഔഷധമായി ഉപയോഗിക്കുന്നതാണ്. തുമ്പയില്‍ത്തന്നെ മൂന്നിനങ്ങളുണ്ട്. കരിന്തുമ്പ, പെരുന്തുമ്പ, സാധാരണ നമ്മള്‍ പൂക്കളമിടാനുപയോഗിക്കുന്ന തുമ്പയും.
undefined
തുമ്പച്ചെടിയുടെ പ്രാധാന്യം വിശദമാക്കുന്ന ഒരു കഥയുണ്ട്. ഒരിക്കല്‍ മഹാബലിയെ വരവേല്‍ക്കാനായി മുക്കുറ്റിയും ആമ്പല്‍പ്പൂക്കളുമൊക്കെ പ്രൗഢിയോടെ പോയപ്പോള്‍ മണവും നിറവുമില്ലാത്ത തുമ്പച്ചെടി നാണത്തോടെ മാറി നില്‍ക്കുകയായിരുന്നുവെന്ന് കഥയില്‍ പറയുന്നു. മുക്കുറ്റിയെയും മറ്റു പൂക്കളെയും കടാക്ഷിച്ച മഹാബലി തുമ്പപ്പൂവിനെ വാരിയെടുത്ത് മൂര്‍ധാവില്‍ ചൂടിയെന്ന് കഥ. അന്നുമുതല്‍ തുമ്പ ഭാഗ്യവതിയാകുകയും ഓണപ്പൂക്കളത്തില്‍ പ്രധാന സ്ഥാനം അലങ്കരിക്കുകയും ചെയ്തുവെന്ന് പഴങ്കഥയില്‍ വ്യക്തമാക്കുന്നു.
ഓണക്കാലമായാല്‍ അതിരാവിലെ സൂര്യനുദിക്കുന്നതിന് മുമ്പേ പറമ്പുകള്‍ തോറും ഓടിനടന്ന് തുമ്പപ്പൂ പറിക്കുന്ന ചിത്രം മലയാളികളുടെ മനസിലുണ്ട്. പുതിയ തലമുറയ്ക്ക് നഷ്ടമാകുന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവങ്ങളില്‍ ഏറ്റവും പ്രധാനം ഇതു തന്നെ. നമ്മുടെ കേരളത്തില്‍ മാത്രമല്ല, ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും ചൈനയിലുമെല്ലാം തുമ്പച്ചെടിയുടെ സാന്നിധ്യം കണ്ടിട്ടുണ്ട്.
തുമ്പച്ചെടിയുടെ ഇലകളില്‍ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസൈഡ് ആണ് അണുനാശകസ്വഭാവം കാണിക്കുന്നത്. തേള്‍ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചുപുരട്ടാറുണ്ട്. അതുപോലെ തന്നെ തുമ്പയിലയിട്ട വെള്ളം തിളപ്പിച്ച് കുളിക്കാറുമുണ്ട്. ജലദോഷമുള്ളവര്‍ തുമ്പയിലയും മഞ്ഞളുമിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാറുണ്ട്.
ലാമിയേസി സസ്യകുടുംബത്തില്‍പ്പെട്ട തുമ്പയുടെ ശാസ്ത്രനാമം ല്യൂക്കസ് ആസ്‌പെറ എന്നാണ്. രണ്ടടിയോളം വളരുന്ന ഈ ചെടി പ്രത്യേക പരിചരണമൊന്നും ആവശ്യമില്ലാതെ തന്നെ വളരുന്നതാണ്. അല്‍പം വരണ്ടതും മണല്‍ നിറഞ്ഞതുമായ മണ്ണില്‍ നന്നായി വളരും. 15 മുതല്‍ 60 സെ.മീ നീളത്തില്‍ വളര്‍ച്ചയുണ്ടാകും.
തുമ്പയുടെ ഇലകള്‍ക്ക് എട്ട് സെ.മീ നീളവും ഏകദേശം 1.25 സെ.മീ വീതിയുമുണ്ടാകും. തുമ്പച്ചെടിയിലും കായയുണ്ടാകുന്നുണ്ട്. ഏകദേശം 2.5 മി.മീ നീളത്തിലുള്ള കായയാണുണ്ടാകുന്നത്. ബ്രൗണ്‍ നിറത്തിലുള്ള കട്ടിയുള്ള ആവരണം ദീര്‍ഘചതുരാകൃതില്‍ കാണപ്പെടുന്നു. ഓണ്‍ലൈന്‍ സൈറ്റുകളില്‍ തുമ്പവിത്തുകള്‍ ഇന്ന് വില്‍പ്പനയ്ക്കുണ്ടെന്നതും കൗതുകമുള്ള കാര്യമാണ്.
ആമസോണ്‍ പോലുള്ള വെബ്‌സൈറ്റുകളില്‍ തുമ്പച്ചെടിയുടെ പൊടി 100 ഗ്രാമിന് 190 രൂപ വരെ വിലയുണ്ട്. ആന്റി ഓക്‌സിഡന്റും ആന്റി ഫംഗല്‍ ഗുണങ്ങളുള്ളതുമായ രാസവസ്തുക്കള്‍ ചേര്‍ക്കാത്ത പൗഡര്‍ എന്ന രീതിയിലാണ് പരസ്യങ്ങള്‍ നല്‍കിയിരിക്കുന്നത്. തേള്‍ കടിച്ചാലുള്ള വിഷത്തിനെതിരെ ഫലപ്രദമാണെന്നും വെബ്‌സൈറ്റില്‍ കാണാം. കാലം മാറിയെങ്കിലും തുമ്പച്ചെടിക്കുള്ള പ്രാധാന്യം മായാതെ നിലനില്‍ക്കുന്നുവെന്ന് ഇതില്‍ നിന്നുതന്നെ മനസിലാക്കാം.