മഴ നനഞ്ഞ് മണ്ണറിഞ്ഞ് പുതിയൊരു പാഠം, കൃഷി ചെയ്യാന്‍ കൃഷ്ണ മേനോൻ കോളേജിലെ വിദ്യാർത്ഥിനികൾ 

By Rintu JohnFirst Published Jul 9, 2024, 5:38 PM IST
Highlights

ഇനി വരുന്ന ഒരു വർഷക്കാലം ഇവർ വിദ്യാർത്ഥികൾ മാത്രമായിരിക്കില്ല ഈ നെൽപ്പാടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വമുള്ള കർഷകർ കൂടി ആയിരിക്കും. ഒരു വർഷത്തേക്കാണ് ഇവർ ഈ നെൽവയൽ ഏറ്റെടുത്തിരിക്കുന്നത്.

പണ്ട് പണ്ട് ഒരു നാട്ടിൽ നോക്കത്താ ദൂരത്തോളം കൃഷിഭൂമികൾ ഉണ്ടായിരുന്നു. അവിടെ മണ്ണൊരുക്കി, വിത്തിറക്കി, കളപറിച്ച്, വിളകൾ ശേഖരിച്ചായിരുന്നു ആ നാട്ടിലെ ജനങ്ങൾ ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കിയിരുന്നത്... ഇങ്ങനെയൊരു കഥ വരും തലമുറകൾക്ക് പറഞ്ഞു കൊടുക്കേണ്ട കാലം അധികം വിദൂരമാകാൻ സാധ്യതയില്ല. എന്നാൽ, മണ്ണും മഴയും ചെളിയും കൃഷിയും ഒക്കെ നിത്യജീവിതത്തിൽ നിന്നും അന്യമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അവയെല്ലാം തങ്ങളുടെ ജീവിതാനുഭവങ്ങളിലേക്ക് തിരികെ പിടിക്കാൻ ശ്രമം നടത്തുകയാണ് ഒരു കൂട്ടം മിടുക്കികൾ.   

കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവൺമെൻറ് വനിതാ കോളേജിലെ എൻഎസ്എസ് യൂണിറ്റിലെ നൂറോളം വിദ്യാർത്ഥിനികൾ ചേർന്നാണ് ഭൂതകാലത്തിന്റെ കാർഷികാനുഭവങ്ങൾ തേടിയുള്ള ഈ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇവർക്ക് കൂട്ടായി കോളേജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ നിതീഷ് കെ പി യും ഉണ്ട്. 

Latest Videos

കണ്ണൂർ നാറാത്ത് പഞ്ചായത്തിലെ കാക്കത്തുരുത്തിയിലെ എടപ്പെട്ട വയലിലാണ് വിദ്യാർത്ഥിനികൾ നെൽകൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഒന്നര ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പാടത്ത് കൃഷിയിറക്കുമ്പോൾ കുട്ടികൾക്ക് വയൽ അറിവുകൾ പറഞ്ഞു പറഞ്ഞുകൊടുത്ത് സഹായിക്കുന്നതിനായി നാട്ടുകാരും കൂട്ടിനുണ്ട്. പ്രദേശത്തെ പഴയ തലമുറയിൽ പെട്ട കൃഷിക്കാരിയായ ശാന്തേച്ചിയാണ് ഇവരുടെ പ്രധാന സഹായി. 

'ഈ വർഷം നാം നടുന്നത് നാളത്തെ ഭക്ഷണമാണ്. ഞാൻ നട്ട നെൽവിത്തുകൾ സംരക്ഷിക്കേണ്ടത് എൻറെ മാത്രം കർത്തവ്യമാണ്. ഞാൻ ഇന്ന് അനുഭവിച്ച നിർവൃതിയുടെ നിമിഷങ്ങൾ മറവിയിലേക്ക് തള്ളിവിടുകയില്ല. ഓർമ്മയുടെ നിമിഷങ്ങളിൽ ഒരിക്കലെങ്കിലും നിങ്ങളുടെ കൈ പിടിക്കുവാൻ ഞാനുണ്ടാകും. എൻറെ നെൽവിത്തുകൾ വളരുമ്പോൾ ഞാൻ ആകാശത്തോളം ഉയരും. നിങ്ങളെ ഞങ്ങൾ സംരക്ഷിക്കും ഞങ്ങൾ സംരക്ഷിക്കും ഞങ്ങൾ സംരക്ഷിക്കും...' എന്നുറക്കെ ചൊല്ലിക്കൊണ്ടാണ് ഈ മിടുക്കികൾ മഴയറിഞ്ഞ് നാട്ടിനട്ട് തങ്ങളുടെ കാർഷിക ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 

ഇനി വരുന്ന ഒരു വർഷക്കാലം ഇവർ വിദ്യാർത്ഥികൾ മാത്രമായിരിക്കില്ല ഈ നെൽപ്പാടത്തിന്റെ പൂർണ്ണ ഉത്തരവാദിത്വമുള്ള കർഷകർ കൂടി ആയിരിക്കും. ഒരു വർഷത്തേക്കാണ് ഇവർ ഈ നെൽവയൽ ഏറ്റെടുത്തിരിക്കുന്നത്. ഇവിടെ ഉമ എന്ന ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷി ചെയ്യുന്നത്. കേവലം ഒരു ദിവസത്തെ ആഘോഷമല്ല ഇവർ ഈ പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. നടുന്നത് മുതൽ കള പറിച്ച് കറ്റ കൊയ്യുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും ചെയ്യുന്നത് വിദ്യാർഥിനികൾ തന്നെയായിരിക്കും. 

നെൽകൃഷിക്ക് ശേഷം ഈ വയലിൽ ഉഴുന്ന്, വൻപയർ, ചെറുപയർ, മുതിര എന്നിവ കൃഷി ചെയ്യാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. വിദ്യാർത്ഥിനികളുടെ ഈ കാർഷിക ഉദ്യമത്തിന് നാറാത്ത് കൃഷിഭവന്റെയും പൂർണ്ണപിന്തുണയുണ്ട്. പോയകാലത്തെ കാർഷിക സമൃദ്ധിയിലേക്കുള്ള ഒരു മടങ്ങിപ്പോക്ക് ഇനി സാധ്യമല്ലെങ്കിലും ആ  അനുഭവങ്ങളെങ്കിലും വിദ്യാർത്ഥികൾക്ക് സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഒരു പദ്ധതി ആസൂത്രണം ചെയ്തത് എന്നാണ് ഡോക്ടർ നിതീഷ് കെ പി പറയുന്നത്.

തരിശിട്ട മണ്ണിൽ പുതുനാമ്പുകളുടെ വേരാഴ്ത്തി ഇവർ പുതിയൊരു പാഠം പഠിച്ചു തുടങ്ങുകയാണ്. ഭൂതകാലത്തിന്റെ ഓർമ്മകളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് വിയർപ്പിന്റെ രുചി അറിഞ്ഞുള്ള ഈ പഠനം ജീവിതകാലം മുഴുവൻ ഇവർക്ക് ഒരു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട.

(തയ്യാറാക്കിയത്: റിന്‍റു ജോണ്‍)
 

click me!