ടെറേറിയത്തിലും ഭംഗിയായി വളര്‍ത്താവുന്ന ചെടിയാണിത്. പഴയ അക്വേറിയം രൂപമാറ്റം വരുത്തി ചെടി വളര്‍ത്താനായി ഉപയോഗിക്കാം. ഈര്‍പ്പം നിലനില്‍ക്കാനും പ്രാണികളെ ആകര്‍ഷിച്ച് വലയിലാക്കാനും ഇത് സാഹചര്യമൊരുക്കുന്നു.
പ്രാണികളെ ആകര്‍ഷിച്ച് കെണിയിലാക്കാനുള്ള സാമര്‍ഥ്യമാണ് ഈ ചെടിയുടെ പ്രത്യേകത. പറക്കുന്ന പ്രാണികളെ മാത്രമല്ല, ഉറുമ്പിനെയും ഈ ഇരപിടിയന്‍ ചെടി അകത്താക്കാറുണ്ട്. ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തിയാല്‍ വീട്ടിനകത്തുള്ള ശല്യക്കാരായ പ്രാണികളെയും തുരത്താം. മാംസഭുക്കായ വീനസ് ഫ്‌ളൈ ട്രാപ്പ് എന്ന ഈ ചെടി ( Venus fly trap) ഈര്‍പ്പമുള്ള സ്ഥലത്താണ് വളരാന്‍ ഇഷ്ടപ്പെടുന്നത്.
പോഷകങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് വളരുന്നുവെന്ന പ്രത്യേകതയുള്ളതുകൊണ്ടുതന്നെ ആഹാരത്തിനായി പ്രാണികളും ചെറിയ ജീവികളും മാത്രം മതി. ഏകദേശം 200 വ്യത്യസ്ത ഇനത്തില്‍പ്പെട്ട മാംസഭുക്കുകളായ ചെടികളുണ്ട്. ഇവയ്‌ക്കെല്ലാം ഇരപിടിക്കാനുള്ള രീതികളും വ്യത്യസ്തമായാണ് പ്രകൃതി നല്‍കിയിരിക്കുന്നത്. പല വലുപ്പത്തിലും ആകൃതിയിലുമുള്ള ചെടികളുണ്ട്.
വീനസ് ഫ്‌ളൈ ട്രാപ്പ് എന്ന ചെടി അല്‍പം അസിഡിറ്റിയുള്ള മണ്ണിലാണ് വളരുന്നത്. പീറ്റ് മോസും അല്‍പം മണലും ചേര്‍ന്ന മിശ്രിതത്തില്‍ ഈ ചെടി നടുമ്പോള്‍ വളര്‍ച്ചയ്ക്ക് അനുയോജ്യമായ സാഹചര്യം ലഭിക്കും. ഈ മിശ്രിതം ഉപയോഗിച്ചാല്‍ മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കാതെ തന്നെ ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയും.
പകല്‍ സമയത്ത് 22 ഡിഗ്രി സെല്‍ഷ്യസിനും 24 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കണം താപനില. രാത്രികാല താപനില 13 ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ താഴ്ന്നുപോയാലും ചെടിക്ക് ശരിയായ വളര്‍ച്ചയുണ്ടാകില്ല. വീനസ് ഫ്‌ളൈ ട്രാപ്പ് വളര്‍ത്തുമ്പോള്‍ രാസവസ്തുക്കളോ അമിതമായ ധാതുപദാര്‍ഥങ്ങളോ അടങ്ങിയ വെള്ളം നല്‍കാനും പാടില്ല.
ടെറേറിയത്തിലും ഭംഗിയായി വളര്‍ത്താവുന്ന ചെടിയാണിത്. പഴയ അക്വേറിയം രൂപമാറ്റം വരുത്തി ചെടി വളര്‍ത്താനായി ഉപയോഗിക്കാം. ഈര്‍പ്പം നിലനില്‍ക്കാനും പ്രാണികളെ ആകര്‍ഷിച്ച് വലയിലാക്കാനും ഇത് സാഹചര്യമൊരുക്കുന്നു. അക്വേറിയത്തില്‍ ഭൂരിഭാഗം മോസും ബാക്കി ഭാഗത്ത് മണലും നിറച്ചാല്‍ മതി. നല്ല സൂര്യപ്രകാശം ലഭിക്കുന്ന ജനലിനരികില്‍ ചെടി വളര്‍ത്തണം.
ഏകദേശം നാലോ ആറോ ചലിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇലകളാണ് ഈ ചെടിയുടെ പ്രത്യേകത. ഈ ഇലകള്‍ തുറക്കാനും അടയ്ക്കാനും കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇലകളുടെ അരികില്‍ പിങ്ക് കലര്‍ന്ന റോസ് നിറവും പ്രാണികളെ ആകര്‍ഷിക്കാനുള്ള പൂന്തേനും ഈ ചെടിയുടെ പ്രത്യേകതയാണ്.