വെള്ളവും വളവും ഇല്ലെങ്കിലും സിംഗപ്പൂര്‍ ഡെയ്‌സി വളരും

By Web Team  |  First Published Oct 5, 2020, 2:06 PM IST

ഒരിക്കല്‍ വേര് പിടിച്ച് വളര്‍ന്നാല്‍ പിന്നീട് വെള്ളമില്ലെങ്കിലും ദീര്‍ഘകാലം നിലനില്‍ക്കുമെന്നതും ഈ ചെടിയുടെ പ്രത്യേകതയാണ്. വളപ്രയോഗം ആവശ്യമില്ല.


സിംഗപ്പൂര്‍ ഡെയ്‌സി, ട്രെയിലിങ്ങ് ഡെയ്‌സി, ബേ ബിസ്‌കെയ്ന്‍ എന്നൊക്കെ അറിയപ്പെടുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ സുപരിചിതമാണ്. സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍, മെക്‌സിക്കോ എന്നിവിടങ്ങളിലാണ് ഈ മഞ്ഞപ്പൂവിന്റെ ഉത്ഭവം. അതുപോലെ ഫ്‌ളോറിഡയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ ചെടി വളരുന്നുണ്ട്. വളരെ പെട്ടെന്ന് വ്യാപിച്ച് വളരുന്ന സ്വഭാവമുള്ള ചെടിയാണ്. വളരാന്‍ കിട്ടുന്ന എല്ലാ സ്ഥലത്തും പരമാവധി തഴച്ചുവളരുന്ന പ്രകൃതമാണ് സിംഗപ്പൂര്‍ ഡെയ്‌സിക്ക്.

വെഡെലിയ ട്രൈലോബാറ്റ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചെടിയുടെ ഇലയ്ക്ക് രണ്ടോ നാലോ ഇഞ്ച് നീളമുണ്ടാകും. ഏകദേശം ഒരിഞ്ച് മുതല്‍ അഞ്ച് ഇഞ്ച് വരെ വീതിയുമുള്ള ഇലകളാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വര്‍ഷം മുഴുവനും പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടിയാണ് സിംഗപ്പൂര്‍ ഡെയ്‌സി. പകുതി തണലുള്ള സ്ഥലത്തും പൂര്‍ണമായും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തും വളരാന്‍ ഇഷ്ടപ്പെടുന്നു. ഒരിക്കല്‍ വേര് പിടിച്ച് വളര്‍ന്നാല്‍ പിന്നീട് വെള്ളമില്ലെങ്കിലും ദീര്‍ഘകാലം നിലനില്‍ക്കുമെന്നതും ഈ ചെടിയുടെ പ്രത്യേകതയാണ്. വളപ്രയോഗം ആവശ്യമില്ല.

Latest Videos

മിക്കവാറും എല്ലാ തരത്തിലുമുള്ള മണ്ണിലും വളരുന്ന ഈ ചെടി പുതുതായി വളര്‍ത്താനും വളരെ എളുപ്പമാണ്. ഏത് ചെറിയ കഷണം തണ്ടും മണ്ണുമായി സ്പര്‍ശിച്ചാല്‍ വേര് പിടിപ്പിച്ചെടുക്കാം. കീടങ്ങളെ പ്രതിരോധിക്കാന്‍ വളരെയേറെ കഴിവുള്ള ചെടിയാണിത്. ചില സാഹചര്യങ്ങളില്‍ ചിതലുകളും പുല്‍ച്ചാടികളും വളരെ ചെറിയ രീതിയിലുള്ള ആക്രമണം നടത്താറുണ്ട്. വിഷാംശമില്ലാത്ത ചെടിയാണ്. എന്നാല്‍, ഭക്ഷ്യയോഗ്യമായ ചെടിയല്ല. വളര്‍ത്തുമൃഗങ്ങളും കന്നുകാലികളും ഇലകള്‍ ഭക്ഷണമാക്കാതിരിക്കുന്നതാണ് നല്ലത്.

പടര്‍ന്ന് പിടിച്ച് കടന്നുകയറ്റം നടത്തുന്ന തരത്തിലുള്ള ചെടിയായതിനാല്‍ ഫ്‌ളോറിഡയിലും മറ്റുചില രാജ്യങ്ങളിലും കളകളുടെ വിഭാഗത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൃഷിഭൂമിയില്‍ ഉപദ്രവകാരിയായാണ് കണക്കാക്കുന്നത്. തൂക്കുപാത്രങ്ങളിലും തിങ്ങിനിറഞ്ഞ് വളര്‍ത്താവുന്ന സ്ഥലങ്ങളിലും സംഗപ്പൂര്‍ ഡെയ്‌സി തെരഞ്ഞെടുത്ത് നട്ടുപിടിപ്പിക്കാം.

click me!