പ്രതിരോധശക്തിക്കും മുടിയുടെ വളർച്ചയ്ക്കും നല്ലത്, കിവിപ്പഴത്തിന് ആവശ്യക്കാര്‍ ഏറെ...

By Web Team  |  First Published May 15, 2020, 3:03 PM IST

ഹാര്‍ഡി റെഡ് കിവിയുടെ തൊലി കളയേണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് പറിച്ചെടുത്ത് അതുപോലെ തന്നെ കഴുകി വൃത്തിയാക്കി മുന്തിരിപ്പഴങ്ങള്‍ കഴിക്കുന്നതുപോലെ കഴിക്കാമെന്നതാണ് പ്രത്യേകത.


വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പഴമായ കിവിക്ക് കേരളത്തിലും വളരെയേറെ ആവശ്യക്കാരുണ്ട്. രോഗപ്രതിരോധ ശേഷിയുണ്ടെന്ന കാരണത്താല്‍ അടുത്തകാലത്തായി ആളുകള്‍ കിവി പഴം തേടി വിപണികളിലെത്താറുണ്ട്. കാലിഫോര്‍ണിയയിലും മണിപ്പൂരിലും ന്യൂസിലാന്റിലും കിവിയുടെ കൃഷി വ്യാപകമായുണ്ട്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളില്‍ കൃഷി ചെയ്താണ് ഇവര്‍ ധാരാളം വിളവുണ്ടാക്കുന്നത്. കിവിപ്പഴത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാം.

Latest Videos

undefined

 

അല്‍പം പുളിരസമാണ് നമുക്ക് കിട്ടുന്ന കിവിപ്പഴത്തിന്. ഫോളിക് ആസിഡ്, കാല്‍സ്യം, കോപ്പര്‍, സിങ്ക് എന്നിവയും ഈ ചെറിയ പഴത്തില്‍ അടങ്ങിയിരിക്കുന്നു. ആക്റ്റീനിഡിയ ഡെലീഷ്യോസ എന്ന ചെടിയിലാണ് ഈ പഴമുണ്ടാകുന്നത്. ആക്റ്റീനിഡിയ പര്‍പ്യൂറെ എന്ന മറ്റൊരിനം കിവിപ്പഴമുണ്ട്. ഇതാണ് ഹാര്‍ഡി റെഡ് കിവി എന്നറിയപ്പെടുന്നത്. മുന്തിരിയുടെ വലുപ്പത്തിലുള്ളതും രോമം പോലുള്ള വളര്‍ച്ചയില്ലാത്തതുമായ പഴമാണിത്. ഇതിന് മറ്റുള്ള വലിയ ഇനങ്ങളെ അപേക്ഷിച്ച് മധുരരസമാണ്.

ഹാര്‍ഡി റെഡ് കിവിയുടെ തൊലി കളയേണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് പറിച്ചെടുത്ത് അതുപോലെ തന്നെ കഴുകി വൃത്തിയാക്കി മുന്തിരിപ്പഴങ്ങള്‍ കഴിക്കുന്നതുപോലെ കഴിക്കാമെന്നതാണ് പ്രത്യേകത.

ഹാര്‍ഡി റെഡ് കിവിയെ പരിചയപ്പെടാം

കിവിയുടെ മറ്റ് വര്‍ഗങ്ങളെപ്പോലെ തന്നെ ആണ്‍ ചെടിയും പെണ്‍ ചെടിയും ഉണ്ടെങ്കിലേ പഴങ്ങള്‍ ഉത്പാദിപ്പിക്കുകയുള്ളു. 30 അടി ഉയരത്തില്‍ വളരും. രണ്ടാം വര്‍ഷത്തിലേക്ക് കടന്ന ചെടിയില്‍ നിന്നേ പഴങ്ങള്‍ ലഭിക്കുകയുള്ളു.

തൈകള്‍ തണുപ്പില്‍ നിന്നും സംരക്ഷിക്കാനായി വീടിനകത്ത് വെച്ച് വിത്ത് വിതച്ച് മുളപ്പിക്കാം. മൂപ്പെത്തിയ തൈകള്‍ തണുപ്പിനെ പ്രതിരോധിക്കുമെങ്കിലും പുതിയ മുകുളങ്ങള്‍ പിടിച്ചുനില്‍ക്കാതെ നശിച്ചുപോകും. നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് തൈകള്‍ വളര്‍ത്തണം.  തണ്ട് മുറിച്ചുനട്ടും കിവി വളര്‍ത്താം. വളര്‍ച്ചയുടെ ഏതു ഘട്ടത്തിലും തണ്ടുകള്‍ മുറിച്ചെടുക്കാം, പക്ഷേ ജൂലൈ മുതല്‍ ആഗസ്റ്റ് വരെയുള്ള സമയത്തുള്ള തണ്ടുകളാണ് നടാന്‍ അനുയോജ്യം.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് ഹാര്‍ഡി റെഡ് കിവിക്ക് ആവശ്യം. പകുതി തണലുള്ള സ്ഥലത്തും കിവി വളര്‍ത്താം. പക്ഷേ ധാരാളം സൂര്യപ്രകാശം കിട്ടിയാലേ മെച്ചപ്പെട്ട വിളവ് ലഭിക്കുകയുള്ളു. ഹാര്‍ഡി റെഡ് കിവിക്ക് കാര്യമായി അസുഖങ്ങളൊന്നും ബാധിക്കാറില്ല. പ്രൂണിങ്ങ് അമിതമായി നടത്തിയാല്‍ പഴങ്ങളുണ്ടാകുന്നത് കുറയും.

മൂന്നോ നാലോ വര്‍ഷങ്ങള്‍ കൊണ്ടാണ് സാധാരണ ഹാര്‍ഡി റെഡ് പഴങ്ങള്‍ ഉത്പാദിപ്പിക്കുന്നത്.

ചുവന്ന മാംസളമായി ഭാഗത്താണ് വിത്തുകള്‍ കാണപ്പെടുന്നത്. സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്താണ് ഈ പഴം മൂത്ത് പഴുക്കുന്നത്. മെയ് മാസത്തിലാണ് വെളുത്ത പൂക്കളുണ്ടാകുന്നത്.

കിവിയുടെ ഗുണങ്ങള്‍

വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് കിവിപ്പഴം. പ്രസവശേഷമുള്ള സ്‌ട്രെച്ച്മാര്‍ക്കുകള്‍ കുറയാന്‍ കിവിപ്പഴം സഹായിക്കുമെന്ന് പറയപ്പെടുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ശ്വാസതടസം, ആസ്ത്മ എന്നിവയ്ക്ക് പരിഹാരമായും സ്ഥിരമായി കിവിപ്പഴം കഴിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. കിവി ജ്യൂസ് കഴിച്ചാല്‍ പ്രതിരോധ ശക്തി വര്‍ധിക്കും. വിറ്റാമിന്‍ ഇ അടങ്ങിയതുകൊണ്ട് മുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്നു.

നോര്‍വേയിലെ ഓ സ് ലോ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ട പിടിക്കുന്നത് തടയാനും ഈ പഴം സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിലെ കൃഷി

 

സ്‌ക്വാഷും വൈനും ഉണ്ടാക്കാന്‍ കിവിപ്പഴം ഉപയോഗിക്കുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, ജമ്മു കാശ്മീര്‍, സിക്കിം, മേഖാലയ, അരുണാചല്‍ പ്രദേശ്, കേരളം എന്നിവിടങ്ങളിലെ മലയോരപ്രദേശങ്ങളില്‍ കിവി വളരും. ഇന്ത്യയില്‍ കൃഷി ചെയ്യുന്ന ഇനങ്ങളില്‍ പ്രധാനപ്പെട്ടവ അബോട്ട്, അല്ലിസണ്‍, ബ്രൂണോ, ഹായ് വാര്‍ഡ്, മോണ്ടി, ടോമുറി എന്നിവയാണ്.

നല്ലരീതിയില്‍ കിവി വളരാന്‍ ആവശ്യമായ സാഹചര്യങ്ങളില്‍ പ്രധാനം പോഷക ഗുണമുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായി മണ്ണാണ്. തണുപ്പില്‍ നിന്ന് സംരക്ഷിക്കാനുള്ള സംവിധാനമുണ്ടാകണം. വര്‍ഷം മുഴുവനും ആവശ്യമായ ഈര്‍പ്പം നിലനിര്‍ത്തുകയും വേണം. മഞ്ഞില്‍ നിന്നുള്ള സംരക്ഷണവും പ്രധാനമാണ്.

ഒരു ഹെക്ടറിന് 200 കിലോഗ്രാം നൈട്രജന്‍, 55 കിലോഗ്രാം ഫോസ്ഫറസ്, 150 കി.ഗ്രാം പൊട്ടാസ്യം എന്നിവ വസന്തകാലത്തും വേനല്‍ക്കാലത്തിന് മുമ്പായും നല്‍കണം. വിളവെടുപ്പ് തുടങ്ങിയാലും നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ കൃത്യമായി നല്‍കണം. അഞ്ച് വര്‍ഷം വളര്‍ച്ചയുള്ള മരത്തിന് 850 മുതല്‍ 900 വരെ ഗ്രാം നൈട്രജനും 800 മുതല്‍ 900 വരെ ഗ്രാം പൊട്ടാസ്യവും 500 മുതല്‍ 600 വരെ ഗ്രാം ഫോസ്ഫറസും നല്‍കണം. ഇതുകൂടാതെ ചാണകപ്പൊടിയും ചേര്‍ക്കാം. 

click me!