ഡ്രസീന വളരെ കുറഞ്ഞ വെളിച്ചത്തിലും നന്നായി വളരുന്നതാണ്. ആഗ്രഹിച്ച രൂപത്തിലേക്ക് ചെടിയെ മാറ്റിയ ശേഷം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ മാറ്റിവെക്കുക.
ഡ്രസീനയുടെ കുടുംബത്തിലെ നിരവധി ചെടികള്‍ ഇന്‍ഡോര്‍ പ്ലാന്റായി വളര്‍ത്തുന്നുണ്ട്. ബോണ്‍സായ് രൂപത്തില്‍ വളര്‍ത്താവുന്ന ഡ്രസീനയെക്കുറിച്ച് അല്‍പം കാര്യങ്ങള്‍.
undefined
ഡ്രസീന മാര്‍ജിനേറ്റ അഥവാ മഡഗാസ്‌കര്‍ ഡ്രാഗണ്‍ ട്രീ എന്നയിനമാണ് ബോണ്‍സായ് രൂപത്തില്‍ വളര്‍ത്താന്‍ ഉത്തമം. ഈ ചെടി റെഡ് എഡ്‍ജ്‍ഡ് ഡ്രസീന എന്ന പേരിലും അറിയപ്പെടുന്നു. സാധാരണ പൂന്തോട്ടത്തിലെ മണ്ണില്‍ 12 അടി ഉയരത്തില്‍ വളരുന്ന ഈ ഇനം ചെറിയ പാത്രങ്ങളില്‍ ഇന്‍ഡോര്‍ പ്ലാന്‍റായി വളര്‍ത്താം.
ഡ്രസീനയുടെ ശാഖകള്‍ സാധാരണ കുത്തനെ അല്ലാതെ വശങ്ങളിലേക്കാണ് വളരുന്നത്. ഇളം മഞ്ഞനിറത്തിലും തിളങ്ങുന്ന മഞ്ഞനിറത്തില്‍ ചെറിയ പച്ചപ്പുള്ളികളുള്ളതുമായ ഇലകളോടുകൂടിയവയാണ് ഈ ചെടികള്‍. അധികം ഉയരത്തില്‍ വളരാത്തതായതുകൊണ്ടുതന്നെ ബോണ്‍സായ് രൂപത്തിലാക്കാന്‍ എളുപ്പമാണ്. വീട്ടിനകത്ത് വായുശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ചെടിയാണിത്.
ബോണ്‍സായ് രൂപത്തില്‍ ഡ്രസീന രൂപപ്പെടുത്തിയെടുക്കാന്‍ മണ്ണില്‍ വളരുന്ന ചെടിയുടെ ഒരു വശത്ത് നല്ല സൂര്യപ്രകാശം പതിപ്പിക്കണം. കുറേ ദിവസങ്ങള്‍ കഴിയുമ്പോള്‍ അതിന്റെ ശാഖകള്‍ സൂര്യപ്രകാശത്തിന് നേരെ 90 ഡിഗ്രിയില്‍ വളരാന്‍ തുടങ്ങും. ഈ വളര്‍ച്ച ആരംഭിച്ചാല്‍ പാത്രത്തിന്റെ മറുവശം സൂര്യപ്രകാശത്തിന് നേരെ വളരാനായി തിരിച്ച് വെക്കണം. അങ്ങനെ ചെടിയുള്ള പാത്രം സൂര്യപ്രകാശത്തിന് നേരെ തിരിച്ച് വെച്ച് വളര്‍ച്ച ക്രമീകരിക്കുകയാണ് ചെയ്യുന്നത്. നേര്‍ത്ത നൂല് ഉപയോഗിച്ച് ശാഖകള്‍ ഒരുമിച്ച് ചേര്‍ത്ത് കെട്ടി ആഗ്രഹിക്കുന്ന രൂപത്തിലാക്കിയെടുക്കാം. പ്രൂണിങ്ങ് നടത്തുമ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന രൂപത്തില്‍ വെട്ടിയൊതുക്കാം. നീളമുള്ള ശാഖകള്‍ വെട്ടി ചെറുതാക്കണം.
ഡ്രസീന വളരെ കുറഞ്ഞ വെളിച്ചത്തിലും നന്നായി വളരുന്നതാണ്. ആഗ്രഹിച്ച രൂപത്തിലേക്ക് ചെടിയെ മാറ്റിയ ശേഷം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ മാറ്റിവെക്കുക. അങ്ങനെ ചെയ്യുമ്പോള്‍ വളര്‍ച്ചയുടെ തോത് കുറയുകയും ബോണ്‍സായ് രൂപത്തില്‍ നിലനില്‍ക്കുകയും ചെയ്യും.
ആഴ്ചയില്‍ ഒരിക്കല്‍ നനയ്ക്കണം. ബോണ്‍സായ് വളര്‍ത്തിയ പാത്രത്തിന് അടിയില്‍ വെള്ളം നിറച്ച് പെബിള്‍സ് ഇട്ട പാത്രം വെച്ചാല്‍ ആവശ്യത്തിന് അന്തരീക്ഷ ആര്‍ദ്രത നിലനിര്‍ത്താം.