ഗ്രാമ്പൂ വളര്‍ത്തിയാല്‍ പലതുണ്ട് ഗുണം; പൂമൊട്ടിനും ഞെട്ടിനും ഇലകള്‍ക്കും ഡിമാന്റ്

By Web Team  |  First Published Jun 4, 2020, 2:31 PM IST

ആദ്യത്തെ മൂന്ന് മുതല്‍ നാല് വര്‍ഷം വരെ ജലസേചനം വളരെ അത്യാവശ്യമാണ്. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് നനയ്‌ക്കേണ്ട ആവശ്യമില്ല. രണ്ടോ മൂന്നോ വര്‍ഷം പ്രായമായ മരങ്ങള്‍ക്ക് ജൂണ്‍ -ജൂലൈ മാസങ്ങളില്‍ കൊമ്പുകോതല്‍ നടത്തിക്കൊടുക്കണം.


വീട്ടുപറമ്പില്‍ കൃഷി ചെയ്ത് വരുമാനം നേടാന്‍ കഴിയുന്ന സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ. പൂര്‍ണവളര്‍ച്ചയെത്തി വിരിയാത്ത ഉണങ്ങിയ പൂമൊട്ടുകളാണ് ഗ്രാമ്പൂവായി മാറുന്നതെന്ന് പറയാം. ഇന്ത്യയില്‍ തമിഴ്‌നാടും കേരളവും കര്‍ണാടകവുമാണ് ഗ്രാമ്പൂവിന്റെ ഉത്പാദകര്‍. കടലോര പ്രദേശങ്ങളിലെ മണല്‍ നിറഞ്ഞ മണ്ണൊഴികെ മറ്റെല്ലായിടത്തും ഗ്രാമ്പൂ വളരും. ജൂണ്‍-ജൂലൈ മാസങ്ങളാണ് ഗ്രാമ്പൂ കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയം. ഭക്ഷണസാധനങ്ങള്‍ക്ക് സുഗന്ധം പകരുന്ന ഗ്രാമ്പൂവിന്റെ ഒരു ചെടി വീട്ടുപറമ്പിലും വളര്‍ത്തിനോക്കാം.

Latest Videos

undefined

 

സാധാരണയായി ചൂടുള്ളതും അന്തരീക്ഷത്തില്‍ ആര്‍ദ്രതയുള്ളതുമായ പ്രദേശങ്ങളിലാണ് ഗ്രാമ്പൂ വളര്‍ത്തുന്നത്. വര്‍ഷത്തില്‍ 150 മുതല്‍ 250 സെ.മീ വരെ മഴ പെയ്യുന്ന സ്ഥലങ്ങളിലും സമുദ്രനിരപ്പില്‍ നിന്നും 800 മുതല്‍ 900 മീറ്റര്‍ വരെ ഉയരമുള്ള സ്ഥലങ്ങളിലുമാണ് ഗ്രാമ്പൂ വളരുന്നത്. തണുപ്പുള്ള കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. നല്ല പശിമരാശി മണ്ണും ചുവന്ന മണ്ണും ഗ്രാമ്പൂ വളര്‍ത്താന്‍ ഏറ്റവും യോജിച്ചതാണ്. വെള്ളം കെട്ടിക്കിടക്കുന്നത് കൃഷി നശിപ്പിക്കാന്‍ ഇടയാക്കും.

കൃഷിരീതിയും വിളവെടുപ്പും

പൂര്‍ണവളര്‍ച്ചയെത്തുന്ന വിത്തുകളില്‍ നിന്നാണ് ഗ്രാമ്പൂ പ്രജനനം നടത്തുന്നത്. നടാനായി വിത്ത് തയ്യാറാക്കാനായി രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. അതിനുശേഷം പുറംതൊലി (Pericarp) നീക്കം ചെയ്ത ഉടനെ വിത്ത് നടണം.

വിത്ത് വിതയ്ക്കാനായി 15 മുതല്‍ 20 സെ.മീ ഉയരത്തിലും ഒരു മീറ്റര്‍ വീതിയിലും മണ്ണ് കൂട്ടിയിട്ട് തടമുണ്ടാക്കണം. ജൈവവളം ചേര്‍ത്ത മണ്ണാണ് ഉപയോഗിക്കേണ്ടത്. വിത്ത് നടുമ്പോള്‍ രണ്ട് സെ.മീ ആഴത്തില്‍ തൈകള്‍ തമ്മില്‍ 3 സെ.മീ അകലമുണ്ടാകുന്ന രീതിയില്‍ ആയിരിക്കണം. സൂര്യപ്രകാശത്തില്‍ നിന്നും സംരക്ഷിച്ച് നിലനിര്‍ത്തണം. ചാണകപ്പൊടിയാണ് വളമായി ഉപയോഗിക്കാന്‍ നല്ലത്. 15 മുതല്‍ 20 ദിവസങ്ങള്‍ കൊണ്ട് വിത്ത് മുളയ്ക്കും. മുളച്ച ശേഷം തൈകള്‍ പോളിത്തീന്‍ ബാഗുകളിലേക്ക് മാറ്റാം. 3:1:3 എന്ന അനുപാതത്തില്‍ മണ്ണും ചാണകപ്പൊടിയും മണലും ചേര്‍ത്തായിരിക്കണം ബാഗ് നിറയ്‌ക്കേണ്ടത്.

ഈ തൈകള്‍ മണ്ണിലേക്ക് മാറ്റി നടുമ്പോള്‍ 7 മീറ്റര്‍ അകലമുണ്ടായിരിക്കണം. കമ്പോസ്റ്റും പച്ചിലകളും ചാണകപ്പൊടിയും നിറച്ചാണ് നടേണ്ടത്. മേല്‍മണ്ണ് കൊണ്ട് കുഴി മൂടണം.

ഒരു വര്‍ഷത്തില്‍ ഒരു ചെടിക്ക് 50 കി.ഗ്രാം കമ്പോസ്റ്റ് അല്ലെങ്കില്‍ ചാണകപ്പൊടി, 3 കി.ഗ്രാം എല്ലുപൊടി എന്നിവ ആവശ്യമാണ്. തുടക്കത്തില്‍ 1:1:2 എന്ന അനുപാതത്തില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ നല്‍കണം. പിന്നീട് ഓരോ വര്‍ഷം കഴിയുന്തോറും 3:3:15 എന്ന അനുപാതത്തില്‍ എന്‍.പി.കെ മിശ്രിതം നല്‍കണം.

ആദ്യത്തെ മൂന്ന് മുതല്‍ നാല് വര്‍ഷം വരെ ജലസേചനം വളരെ അത്യാവശ്യമാണ്. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് നനയ്‌ക്കേണ്ട ആവശ്യമില്ല. രണ്ടോ മൂന്നോ വര്‍ഷം പ്രായമായ മരങ്ങള്‍ക്ക് ജൂണ്‍ -ജൂലൈ മാസങ്ങളില്‍ കൊമ്പുകോതല്‍ നടത്തിക്കൊടുക്കണം.

തൈകള്‍ മാറ്റി നട്ടാല്‍ നാല് വര്‍ഷമാകുമ്പോള്‍ പൂക്കളുണ്ടാകും. 15 വര്‍ഷമാകുമ്പോള്‍ മാത്രമാണ് ഗ്രാമ്പൂവില്‍ നിറയെ കായ്കളുണ്ടാകുന്നത്. പച്ചയില്‍ നിന്ന് പിങ്ക് നിറത്തിലേക്ക് ഗ്രാമ്പൂവിന്റെ അടിഭാഗം മാറുമ്പോള്‍ വിളവെടുക്കാന്‍ പാകമായെന്ന് മനസിലാക്കാം. ഉണങ്ങിയ ശേഷമാണ് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. തണ്ടില്‍ നിന്ന് വേര്‍പെടുത്തിയ ഉടനെ ഉണക്കിയെടുത്തില്ലെങ്കില്‍ ഒരുതരം വെള്ളനിറത്തിലായി മാറുകയും പുളിപ്പ് അനുഭവപ്പെടുകയും ചെയ്യും. കൃഷി ചെയ്യുമ്പോള്‍ രോഗങ്ങളെ കരുതിയിരിക്കണം. പൂമൊട്ടു കൊഴിഞ്ഞുപോകാറുണ്ട്. കുമിള്‍ രോഗം ബാധിച്ചാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ഒന്നര മാസം ഇടവിട്ട് ഇടവിട്ട് തളിക്കാവുന്നതാണ്.

 

നല്ല വെയിലുള്ള കാലാവസ്ഥയിലാണ് ഉണക്കുന്നതെങ്കില്‍ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ തിളങ്ങുന്ന ബ്രൗണ്‍നിറം ലഭിക്കും. രണ്ട് സെ.മീറ്ററില്‍ കുറവായിരിക്കും നീളം. ഒരു കി.ഗ്രാം ഗ്രാമ്പൂ വിളവെടുത്താല്‍ 13,000 -ത്തോളം ഉണങ്ങിയ ഗ്രാമ്പൂ ലഭിക്കും. ഒരു ഏക്കറില്‍ 15 മുതല്‍ 20 ടണ്‍ വരെ ഗ്രാമ്പൂ വിളവെടുക്കാം.

അന്താരാഷ്ട്ര വിപണിയില്‍ നല്ല ഡിമാന്റുള്ള സുഗന്ധ വ്യഞ്ജനമാണ് ഗ്രാമ്പൂ. ഗ്രാമ്പൂവില്‍ നിന്നുണ്ടാക്കുന്ന എണ്ണ ദഹനം സുഗമമാക്കാനും പല്ലിന്റെ ആരോഗ്യത്തിനും ഉപയോഗിക്കുന്നുണ്ട്. പൂമൊട്ടിന്റെ ഞെട്ട്, ഉണങ്ങിയ ഇലകള്‍ എന്നിവ വാറ്റി തൈലമുണ്ടാക്കുന്നു. പെര്‍ഫ്യൂം, സോപ്പ് എന്നിവയും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു.

click me!