കോളിഫ്‌ളവറിനോട് സാമ്യമുള്ള ചൈനീസ് കാബേജ്; ഇത് നീളമുള്ള ഇനം കാബേജ്

By Web Team  |  First Published Jul 10, 2020, 9:30 AM IST

വിത്ത് മുളപ്പിച്ചാണ് തൈകളുണ്ടാക്കുന്നത്. നഴ്‌സറിയിലെ തവാരണകളിലും ഗ്രീന്‍ഹൗസിലും വിത്ത് മുളപ്പിച്ച് പ്രധാനപ്പെട്ട കൃഷിയിടത്തിലേക്ക് മാറ്റിനടാവുന്നതാണ്. കൃഷിഭൂമിയില്‍ തടമെടുത്ത് നേരിട്ടും വിത്ത് വിതറാം.
 


പേര് സൂചിപ്പിക്കുന്നതുപോലെ ചൈന തന്നെയാണ് ചൈനീസ് കാബേജിന്റെ ജന്മദേശം. ഇന്ത്യയിലും വളരുന്ന ഈ പച്ചക്കറിയുടെ ഏറ്റവും വലിയ വിപണി ചൈനയും ജപ്പാനും കൊറിയയും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമാണ്. ബ്രൊക്കോളിയോടും കോളിഫ്‌ളവറിനോടും സാമ്യമുള്ള ചൈനീസ് കാബേജ് സൂപ്പിലും സാലഡിലും ഉപയോഗിക്കാറുണ്ട്. ഇന്ത്യയില്‍ കാബേജിന്റെ പുതുമയുള്ള ഇലകള്‍ കറിയിലും ചട്‍ണിയിലും കൂടാതെ വറുത്തും ഉപയോഗിക്കുന്നുണ്ട്. പല ഏഷ്യന്‍ രാജ്യങ്ങളിലും പല പേരുകളില്‍ അറിയപ്പെടുന്ന ഈ കാബേജ് പൊതുവേ അറിയപ്പെടുന്നത് ചൈനീസ് കാബേജ് എന്നാണ്. സെലറി കാബേജ്, ഓറിയന്റല്‍ കാബേജ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.\

ചൈനീസ് കാബേജ് തണുപ്പുകാലത്ത് വളര്‍ത്തി വിളവെടുക്കുന്ന പച്ചക്കറി തന്നെയാണ്. കാത്സ്യത്തിന്റെയും വിറ്റാമിന്റെയും നല്ല ഉറവിടമാണ് ചൈനീസ് കാബേജ്. കലോറി കുറഞ്ഞ ഇലവര്‍ഗങ്ങളാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ ഇത് ഉത്തമമാണ്.

Latest Videos

undefined

അകത്തുള്ള ഇലകള്‍ ഇളം മഞ്ഞനിറത്തിലും നീളമുള്ള തലഭാഗവും ഇടതിങ്ങിയ കട്ടിയുള്ള പച്ച ഇലകളുമാണ് ചൈനീസ് കാബേജിന്റെ പ്രത്യേകത. 15 മുതല്‍ 30 സെ.മീ വരെ ഉയരത്തില്‍ വളരുന്ന തണ്ടുകളാണ്.

പുതുമയുള്ള ഇലകളും ഇളംതണ്ടുകളും ഈ ചെടിയുടെ പ്രത്യേകതയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ വളരെ ഡിമാന്‍റുള്ള പച്ചക്കറിയായതിനാല്‍ വ്യാവസായികമായ ഉത്പാദനം വരുമാനം നേടിക്കൊടുക്കുന്നു.

ആന്‍റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഈ കാബേജ് ചര്‍മത്തിന് നല്ലതാണ്. അതുപോലെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ കലോറിയുള്ള ചൈനീസ് കാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

15 ഡിഗ്രി സെല്‍ഷ്യസിനും 22 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയുള്ള സ്ഥലത്താണ് ചൈനീസ് കാബേജ് നന്നായി കൃഷി ചെയ്യുന്നത്. കാബേജിന്റെ തലഭാഗം രൂപപ്പെടുന്ന സമയമാണ് ജലസേചനം ഏറ്റവും അത്യാവശ്യം.

വിവിധ തരത്തിലുള്ള മണ്ണില്‍ വളരുമെങ്കിലും നീര്‍വാര്‍ച്ചയുള്ള മണല്‍ അടങ്ങിയ മണ്ണാണ് നല്ലത്. 5.5 -നും 7.0 -നും ഇടയിലുള്ള പി.എച്ച് മൂല്യമുള്ള മണ്ണാണ് വേണ്ടത്.

വിത്ത് മുളപ്പിച്ചാണ് തൈകളുണ്ടാക്കുന്നത്. നഴ്‌സറിയിലെ തവാരണകളിലും ഗ്രീന്‍ഹൗസിലും വിത്ത് മുളപ്പിച്ച് പ്രധാനപ്പെട്ട കൃഷിയിടത്തിലേക്ക് മാറ്റിനടാവുന്നതാണ്. കൃഷിഭൂമിയില്‍ തടമെടുത്ത് നേരിട്ടും വിത്ത് വിതറാം.

തൈകള്‍ നടുന്നതിന് മൂന്ന് മാസം മുമ്പേ തന്നെ കൃഷിഭൂമി തയ്യാറാക്കണം. നേരത്തേ മണ്ണിലുള്ള ചെടികളുടെ അവശിഷ്ടങ്ങളും കളകളും ഒഴിവാക്കണം. ഒരു ഹെക്ടര്‍ സ്ഥലത്ത് ഏകദേശം 500 മുതല്‍ 600 വരെ ഗ്രാം വിത്തുകളാണ് നടുന്നത്. സാധാരണ പരമ്പരാഗതമായി കൃഷി ചെയ്യുന്ന രീതിയില്‍ ഏകദേശം ഒരു കി.ഗ്രാം വിത്ത് ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യാം.

വിത്തുകള്‍ രണ്ടു സെ.മീ അകലത്തിലായാണ് വിതയ്‌ക്കേണ്ടത്. ട്രേകളിലാണ് ചൈനീസ് കാബേജ് വിത്തുകള്‍ മുളപ്പിക്കുന്നതെങ്കില്‍ 125 തൈകള്‍ വരെ നഴ്‌സറിയില്‍ വളര്‍ത്താം. രണ്ടോ മൂന്നോ ആഴ്ചയ്ക്കു ശേഷം ഏകദേശം 16 സെ.മീ നീളത്തില്‍ വളരുമ്പോള്‍ തൈകള്‍ മാറ്റിനടാം.

നന്നായി വെള്ളം ആവശ്യമുള്ള വിളയാണിത്. മണ്ണിന്റെ ഇനത്തിനെയും കാലാവസ്ഥയെയും ആശ്രയിച്ച് ജലസേചനം വ്യത്യാസപ്പെടും. മണല്‍ കലര്‍ന്ന മണ്ണിലാണെങ്കില്‍ ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ജലസേചനം നടത്തുന്നതാണ് നല്ലത്.

ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷിഭൂമി ഒരുക്കിയ ശേഷം 15 മുതല്‍ 20 ടണ്‍ വരെ ജൈവവളം ചേര്‍ക്കാം. നൈട്രജന്‍ 160 മുതല്‍ 200 കി.ഗ്രാം വരെ ഒരു ഹെക്ടര്‍ സ്ഥലത്ത് ആവശ്യമാണ്. അതുപോലെ 80 മുതല്‍ 120 കിലോ വരെ ഫോസ്ഫറസും 180 മുതല്‍ 250 കിലോ വരെ പൊട്ടാഷും 100 മുതല്‍ 150 കിലോ വരെ കാല്‍ഷ്യവും 20 മുതല്‍ 40 കിലോ വരെ മഗ്നീഷ്യവും ഒരു ഹെക്ടര്‍ സ്ഥലത്ത് ആവശ്യമാണ്.

നട്ടുവളര്‍ത്തി 70 മുതല്‍ 100 ദിവസത്തിനുള്ളില്‍ ചൈനീസ് കാബേജ് വിളവെടുക്കന്‍ പാകമാകും. ഇലകള്‍ കൈകൊണ്ട് തന്നെ പറിച്ചെടുക്കാം. എട്ടിലകള്‍ വരുമ്പോഴാണ് വിളവെടുപ്പ് നടത്തുന്നത്.

click me!