'ബട്ടര്‍ഫ്ലൈ ബുഷ്' വളര്‍ത്താം പൂന്തോട്ടത്തില്‍; പൂമ്പാറ്റകള്‍ക്ക് പ്രിയമുള്ള പൂച്ചെടി

By Web Team  |  First Published Nov 8, 2020, 9:58 AM IST

വിത്ത് മുളപ്പിച്ച് വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ നല്ല സൂര്യപ്രകാശം ആവശ്യമാണ്. അധികം ആഴത്തില്‍ മേല്‍മണ്ണ് വിത്തുകള്‍ക്ക് മീതെ ഇടാന്‍ പാടില്ല. ക്ഷമയോടെ കാത്തിരുന്നാല്‍ ഒരു മാസം കൊണ്ട് വിത്ത് മുളയ്ക്കും. 


ആകര്‍ഷകമായ പൂക്കളാല്‍ പൂമ്പാറ്റകളെ ആകര്‍ഷിക്കാന്‍ കഴിവുള്ള ചെടിയെ ബട്ടര്‍ഫ്ലൈ ബുഷ് (Butterfly bush) എന്നല്ലാതെ വേറെന്താണ് വിളിക്കുക? വേനല്‍ക്കാലത്തും വസന്തകാലത്തും പൂവിടുന്ന ഈ ചെടിയുടെ നിത്യഹരിതമായ ഇലകളും കാഴ്ചയുടെ വസന്തം തന്നെ തീര്‍ക്കാറുണ്ട്. പലതരത്തിലുള്ള സാഹചര്യങ്ങളിലും വളരാന്‍ കഴിവുള്ള ബട്ടര്‍ഫ്ലൈ ബുഷ് ഉദ്യാനത്തിന് നല്ലൊരു മുതല്‍ക്കൂട്ടാണ്.

Latest Videos

undefined

നല്ല വെയിലുള്ളതോ പകുതി തണല്‍ ലഭിക്കുന്നതോ ആയ പ്രദേശത്ത് നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് ഈ ചെടി വളരാറുള്ളത്. ആറ് മുതല്‍ 12 അടി വരെ നീളത്തില്‍ വളരുന്ന ചെടി നാലോ അഞ്ചോ മീറ്റര്‍ വരെ വ്യാപിക്കും. പൂക്കളുണ്ടായാല്‍ മുറിച്ചു മാറ്റാതിരുന്നാല്‍ വിത്തുകള്‍ ഉത്പാദിപ്പിക്കുകയും താഴെ വീണ് മുളച്ച് കളകള്‍ പോലെ വളരുകയും ചെയ്യും. ഹൈബ്രിഡ് ആയ ചെടിയായതിനാല്‍ വിത്തുകള്‍ വീണ് മുളച്ചുണ്ടാകുന്ന ചെടികള്‍ക്ക് മാതൃസസ്യത്തെപ്പോലെ ആകര്‍ഷകത്വമുണ്ടാകില്ല.

പൂമ്പാറ്റകളെ ആകര്‍ഷിക്കാനായി ചെടി വളര്‍ത്തുമ്പോള്‍ ലാര്‍വകളുണ്ടാക്കുന്ന പ്രശ്‌നവും ബാധിക്കുമല്ലോ. ഇലകള്‍ ഭക്ഷണമാക്കുന്നത് ചെടികളെ ദോഷകരമായി ബാധിക്കുമ്പോള്‍ ലാര്‍വകളെ ഒഴിവാക്കാനുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. ജാപ്പനീസ് ബീറ്റില്‍സ് എന്ന പ്രാണിയും ഇലകള്‍ ആഹാരമാക്കാറുണ്ട്.

വിത്ത് മുളപ്പിച്ച് വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ നല്ല സൂര്യപ്രകാശം ആവശ്യമാണ്. അധികം ആഴത്തില്‍ മേല്‍മണ്ണ് വിത്തുകള്‍ക്ക് മീതെ ഇടാന്‍ പാടില്ല. ക്ഷമയോടെ കാത്തിരുന്നാല്‍ ഒരു മാസം കൊണ്ട് വിത്ത് മുളയ്ക്കും. കമ്പ് മുറിച്ചെടുക്കുകയാണെങ്കില്‍ ഏകദേശം 8 സെ.മീ വലുപ്പത്തില്‍ മുറിച്ചെടുത്ത് താഴെയുള്ള ഇലകള്‍ ഒഴിവാക്കിയാണ് നടുന്നത്.

കൊമ്പുകോതല്‍ നടത്തി കൃത്യമായ ആകൃതി നിലനിര്‍ത്താവുന്നതാണ്. വര്‍ഷത്തില്‍ ഏതു സമയത്തും ഇത് ചെയ്യാം. അതുപോലെ അസുഖം ബാധിച്ചതും കേടു വന്നതുമായ ശാഖകള്‍ വെട്ടിമാറ്റിക്കളയാം. ഇലകള്‍ മഞ്ഞനിറമാകുന്നതു കണ്ടാല്‍ മണ്ണ് കൂടുതല്‍ അസിഡിക് ആണെന്ന് സംശയിക്കേണ്ടതാണ്. മണ്ണിന്‍റെ പി.എച്ച് മൂല്യം 6 നും 7നും ഇടയിലായിരിക്കണം. സൂക്ഷ്മ മൂലകങ്ങള്‍ ആഗിരണം ചെയ്യാന്‍ ചെടിക്ക് കഴിയാതെ  വരുമ്പോഴാണ് ഇലകള്‍ മഞ്ഞയാകുന്നത്.

തണുപ്പ് കൂടൂമ്പോഴും ഇലകള്‍ക്ക് ഈര്‍പ്പമുണ്ടാകുമ്പോഴും ഡൗണി മില്‍ഡ്യു എന്ന അസുഖം വരികയും പ്രകാശ സംശ്ലേഷണത്തിനുള്ള കഴിവ് കുറയുകയും ഇലകളുടെ അറ്റത്ത് നിറം മങ്ങി മങ്ങി പാടേ കൊഴിഞ്ഞു പോകാനും ഇടയുണ്ട്. അനുയോജ്യമല്ലാത്ത കളനാശിനികള്‍ സ്‌പ്രേ ചെയ്യുമ്പോള്‍ കാറ്റില്‍ അന്തരീക്ഷത്തില്‍ കലരുകയും ബട്ടര്‍ഫ്ലൈ ബുഷില്‍ പതിക്കുകയും ചെയ്താല്‍ ഇലകള്‍ നശിക്കും. രാസവസ്തുക്കള്‍ അടങ്ങിയ കളനാശിനികള്‍ വളരെ ശ്രദ്ധയോടെ മാത്രമേ ഉപയോഗിക്കാവൂ.

click me!