സ്ഥലപരിമിതിയാണോ പ്രശ്നം? വലിയ പാത്രങ്ങളിലും വാഴ കൃഷി ചെയ്യാം...

By Web Team  |  First Published Mar 8, 2022, 7:00 AM IST

വിത്ത് മുളപ്പിച്ച് വളര്‍ത്തുന്നവര്‍ 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കാറുണ്ട്. വിത്തിന്റെ കട്ടിയുള്ള ആവരണം മൃദുവാകാന്‍ ഇത് നല്ലതാണ്.


വാഴ തൊടിയില്‍ കൃഷി ചെയ്‍ത് വിളവെടുക്കുന്നവരാണ് നമ്മള്‍. മനോഹരമായ വാഴത്തോട്ടങ്ങള്‍ കാണാന്‍ തന്നെ പ്രത്യേക ആകര്‍ഷണമാണ്. സ്ഥലപരിമിതി ഉള്ളവര്‍ക്ക് വലിയ പാത്രങ്ങളിലും വാഴ കൃഷി ചെയ്യാവുന്നതാണ്. ചിലയിനങ്ങള്‍ നാല് മുതല്‍ എട്ട് മാസങ്ങള്‍ കൊണ്ട് പഴം തരുമ്പോള്‍ മറ്റുചിലയിനങ്ങള്‍ എട്ടുമുതല്‍ ഒന്‍പത് മാസങ്ങള്‍ കൊണ്ടാണ് കായകള്‍ ഉത്പാദിപ്പിക്കുന്നത്. എന്തായാലും പ്രത്യേക പരിചരണമൊന്നും കൂടാതെ തന്നെ വളര്‍ത്താവുന്ന വാഴയ്ക്ക് മട്ടുപ്പാവിലെ പാത്രങ്ങളിലും സ്ഥാനം കൊടുക്കാം. ഇത്തരം ഇനങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനങ്ങളുമായി പെട്ടെന്ന് യോജിച്ചുപോകാനുള്ള കഴിവുണ്ടായിരിക്കും. കുള്ളന്‍ ഇനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

നമ്മള്‍ കൃഷി ചെയ്യുന്നത് മിക്കവാറും മ്യൂസ അകുമിനേറ്റ്, മ്യൂസ ബള്‍ബിസിയാന എന്നിങ്ങനെയുള്ള ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന വാഴകളാണ്. കുള്ളന്‍വാഴകള്‍ക്ക് വിപണിയില്‍ സാധാരണ വാങ്ങുന്ന വാഴപ്പഴങ്ങളേക്കാള്‍ രുചി കൂടുതലാണ്. ഇവയുടെ ഇലകള്‍ രണ്ടു മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തിലേ വളരുകയുള്ളൂ. എന്നാല്‍, സാധാരണ വാഴകളുടെ ഇലകള്‍ 15 മീറ്റര്‍ വരെ നീളത്തില്‍ വളരും.

Latest Videos

undefined

വീട്ടിനകത്തും വേണമെങ്കില്‍ വാഴ വളര്‍ത്താം. അതിനു പറ്റിയ ഇനങ്ങളാണ് ഡ്വാര്‍ഫ് റെഡ്, ഡ്വാര്‍ഫ് കാവന്‍ഡിഷ്, ഡ്വാര്‍ഫ് ജമൈക്കന്‍, രാജപുരി, വില്യംസ് ഹൈബ്രിഡ്, ഡ്വാര്‍ഫ് ലേഡീസ് ഫിംഗര്‍ എന്നിവ.

വലുതും ആഴമുള്ളതുമായ പാത്രങ്ങളാണ് വാഴ വളര്‍ത്താന്‍ ആവശ്യം. ആറ് മുതല്‍ എട്ട് ഇഞ്ച് വരെ ആഴമുള്ളതും അഞ്ച് ഇഞ്ച് വീതിയുള്ളതുമായ പാത്രം നല്ലതാണ്. ആഴത്തിലുള്ള പാത്രമാണ് വേര് പിടിക്കാന്‍ നല്ലത്. സെറാമിക്, പ്ലാസ്റ്റിക്, മെറ്റല്‍, മരം എന്നിവ കൊണ്ടുള്ള പാത്രങ്ങളില്‍ വാഴ വളര്‍ത്താവുന്നതാണ്. കളിമണ്ണ് കൊണ്ടുള്ള പാത്രങ്ങള്‍ ഏറെ അനുയോജ്യമാണ്.

മനോഹരമായതും ആകര്‍ഷകമായ പൂക്കളുള്ളതുമായ ഇനങ്ങള്‍ അലങ്കാരത്തിനായും വളര്‍ത്താവുന്നതാണ്. അതില്‍ത്തന്നെ ചിലയിനങ്ങള്‍ പഴങ്ങള്‍ ഉത്പാദിപ്പിക്കുന്നു. മ്യൂസ സിക്കിമെന്‍സിസ് റെഡ് ടൈഗര്‍, മ്യൂസ ഓര്‍ണേറ്റ എന്നിവ അലങ്കാരത്തിനായി വളര്‍ത്തുന്നവയാണ്.

വാഴക്കന്ന് പാത്രങ്ങളില്‍ നട്ടുവളര്‍ത്താം. ഭക്ഷണത്തിനായി കൃഷി ചെയ്യുന്ന വാഴകളില്‍ വിത്തുകള്‍ ഉണ്ടാകാറില്ല. വിത്തുകള്‍ വഴി കൃഷി ചെയ്യുന്ന വാഴകളിലെ പഴങ്ങള്‍ നിങ്ങള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു കടകളിലും കിട്ടുന്നത് പോലെയാകില്ല. വലുപ്പമുള്ളതും അതിനുള്ളില്‍ തന്നെ ധാരാളം വിത്തുകളുള്ളതുമായിരിക്കും. മികച്ച നഴ്‌സറികളില്‍ നിന്ന് മാത്രമേ വാഴക്കന്നുകള്‍ വാങ്ങാവൂ. പാത്രങ്ങളില്‍ നന്നായി വളരുമെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം കുള്ളന്‍വാഴയുടെ ഇനങ്ങള്‍ ചോദിച്ചു വാങ്ങണം. ഇത്തരം വാഴകള്‍ നാല് മീറ്റര്‍ വരെ ഉയരത്തിലേ വളരുകയുള്ളു.

വാഴയ്ക്ക് ചൂടുകാലാവസ്ഥയിലും അതിജീവിക്കാന്‍ കഴിയും. നന്നായി വെള്ളം നല്‍കണം. 14 ഡിഗ്രി സെല്‍ഷ്യസിന് താഴെ താപനിലയാകുമ്പോള്‍ വാഴയുടെ വളര്‍ച്ച നില്‍ക്കും. തണുപ്പുള്ള സ്ഥലങ്ങളില്‍ ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കും. പഴങ്ങളുടെ തൊലിക്ക് ചാരനിറമുണ്ടാകുകയും ചെയ്യും. തണുപ്പുള്ള സമയത്ത് പാത്രങ്ങള്‍ വീട്ടിനകത്ത് വെക്കുന്നതാണ് നല്ലത്. 26 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനുമിടയിലുള്ള താപനിലയാണ് വാഴക്കൃഷിക്ക് അനുയോജ്യം.

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ ജൈവവളം ചേര്‍ത്താണ് കന്നുകള്‍ നടുന്നത്. പാത്രങ്ങളില്‍ നടുമ്പോള്‍ കള്ളിച്ചെടികളും പനകളും വളര്‍ത്താന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള മണ്ണാണ് അനുയോജ്യം. സാധാരണ പൂന്തോട്ടത്തിലെ മണ്ണ് ഉപയോഗിച്ചാല്‍ ഫലം കുറവായിരിക്കും. മണലും പെര്‍ലൈറ്റ് അല്ലെങ്കില്‍ വെര്‍മിക്കുലൈറ്റ് എന്നിവ ഒരോ അനുപാതത്തില്‍ യോജിപ്പിക്കണം. ഇതിലേക്ക് കമ്പോസ്റ്റ് ചേര്‍ത്ത് പാത്രങ്ങളില്‍ നടാവുന്നതാണ്.

മണ്ണിന്റെ പി.എച്ച് മൂല്യം 6 -നും 7 -നും ഇടയിലായിരിക്കണം. സള്‍ഫര്‍ ചേര്‍ത്ത് പി.എച്ച് മൂല്യം കുറയ്ക്കാവുന്നതാണ്. നല്ല രുചിയുള്ള പഴങ്ങള്‍ ലഭിക്കാന്‍ അല്‍പ്പം അസിഡിക്ക് ആയ മണ്ണ് നല്ലതാണ്.

വിത്ത് മുളപ്പിച്ച് വളര്‍ത്തുന്നവര്‍ 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കാറുണ്ട്. വിത്തിന്റെ കട്ടിയുള്ള ആവരണം മൃദുവാകാന്‍ ഇത് നല്ലതാണ്. കാല്‍ ഇഞ്ച് ആഴത്തിലുള്ള കുഴിയിലാണ് വിത്ത് വിതയ്ക്കുന്നത്. കമ്പോസ്റ്റ് ഇട്ട് മൂടിക്കൊടുക്കും. വളരാനായി ഈര്‍പ്പമുള്ള മണ്ണ് തന്നെ നിലനിര്‍ത്തണം. മൂന്ന് ആഴ്ചയോളം വേണം വിത്ത് മുളയ്ക്കാന്‍. ചിലയിനങ്ങള്‍ മുളച്ച് വരാന്‍ മൂന്ന് മാസത്തോളം എടുക്കാറുണ്ട്. ആവശ്യമുള്ളത്ര വലുപ്പമെത്തിയാല്‍ വലുപ്പമുള്ള പാത്രങ്ങളിലേക്ക് മാറ്റി നടാവുന്നതാണ്.

വാഴക്കന്ന് ആണ് നടാന്‍ ഉപയോഗിക്കുന്നതെങ്കില്‍ ഫംഗസും ബാക്റ്റീരിയയുമൊന്നുമില്ലാതെ വൃത്തിയാക്കിയെടുക്കണം. പോട്ടിങ്ങ് മിശ്രിതത്തിലേക്ക് നട്ടാല്‍ വായുസഞ്ചാരവും സൂര്യപ്രകാശവും ഉറപ്പുവരുത്തണം. മുകുളങ്ങള്‍ വന്നുകഴിഞ്ഞാല്‍ അനുയോജ്യമായ വലിപ്പമുള്ള പാത്രങ്ങളിലേക്ക് മാറ്റി നടാവുന്നതാണ്. അതുപോലെതന്നെ ചെറിയ വാഴത്തൈകള്‍ വാങ്ങി പാത്രത്തിലേക്ക് നേരിട്ട് തന്നെ നടുകയും ചെയ്യാം.

വാഴയ്ക്ക് ഏഴ് മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കണം. ഈ പാത്രം മുറ്റത്തോ ബാല്‍ക്കണിയിലോ മട്ടുപ്പാവിലോ വെക്കാം. ഇനി നിങ്ങള്‍ വീട്ടിനകത്താണ് വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ നല്ല വെളിച്ചം കിട്ടുന്ന ജനലിന്റെ അരികില്‍ വെക്കുക.

മറ്റുള്ള പഴങ്ങളേക്കാള്‍ കൂടുതല്‍ വെള്ളം ആവശ്യമുള്ളതാണ് വാഴയ്ക്ക്. അതുപോലെ നന്നായി വളവും ആവശ്യമുണ്ട്. പാത്രങ്ങളില്‍ വളര്‍ത്തുമ്പോള്‍ നൈട്രജന്‍ അടങ്ങിയ വളങ്ങള്‍ നല്‍കണം. മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ആവശ്യമാണ്. വെള്ളത്തില്‍ ലയിക്കുന്ന വളങ്ങളാണ് കൂടുതല്‍ നല്ലത്. ഇത് ലഭ്യമല്ലെങ്കില്‍ 20-20-20 ഉപയോഗിക്കാം. ഇലകള്‍ മഞ്ഞനിറമാകുമ്പോള്‍ പോഷകങ്ങളുടെ അഭാവമുണ്ടെന്ന് മനസിലാക്കാം.

ആറ് മുതല്‍ ഒമ്പത് മാസം വരെയെടുത്ത് പൂക്കളുണ്ടാകും. പര്‍പ്പിള്‍ നിറത്തിലുള്ള ഇതളുകള്‍ കൊഴിഞ്ഞുപോകുമ്പോള്‍ കായകള്‍ വളരുന്നത് കാണാം. രണ്ടോ മൂന്നോ മാസങ്ങളെടുത്ത് പൂര്‍ണവളര്‍ച്ചയെത്തും. 

click me!