ഹിക്കറി മരത്തിലെ കായകള്‍; സ്വാദിഷ്ഠമായ പരിപ്പ് വിളവെടുക്കാം

By Web Team  |  First Published Dec 24, 2020, 12:17 PM IST

വാള്‍നട്ടുമായി സാമ്യമുള്ളതും മധുരമുള്ളതുമായ പരിപ്പാണിത്. തണുപ്പുകാലത്താണ് വിളവെടുപ്പ് നടത്താറുള്ളത്.


ആകര്‍ഷകത്വമുള്ളതും നിരവധി ശാഖകളുള്ളതുമായ തണല്‍വൃക്ഷമായ ഹിക്കറി മരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഏകദേശം 60 മുതല്‍ 80 അടി വരെ ഉയരത്തില്‍ വളരുന്ന ഈ മരം മിക്കവാറും എല്ലാത്തരം മണ്ണിലും വളരും. ഈ മരത്തിലെ കായകളില്‍ നിന്ന് ലഭിക്കുന്ന പരിപ്പ് ഭക്ഷ്യയോഗ്യമാണ്. പക്ഷേ, ഇത് റോഡരികില്‍ വളര്‍ത്തുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ താഴോട്ട് പതിക്കുന്ന കായകള്‍ വാഹനങ്ങള്‍ക്ക് കേടുവരുത്താന്‍ സാധ്യതയുണ്ട്.

ഭക്ഷ്യയോഗ്യമായ പരിപ്പ് (Nut) ഉത്പാദിപ്പിക്കുന്നതിനായി ഷെല്‍ബാര്‍ക്ക് ഹിക്കറി എന്നും ഷാഗ്ബാര്‍ക്ക് ഹിക്കറി എന്നും പേരുള്ള രണ്ടിനത്തില്‍പ്പെട്ട മരങ്ങളാണ് വളര്‍ത്തുന്നത്. ഷാഗ്ബാര്‍ക്ക് പരിപ്പ് കനംകുറഞ്ഞതും വെളുത്ത പുറംതോടുള്ളതുമാണ്. എന്നാല്‍, ഷെല്‍ബാര്‍ക് പരിപ്പ് കട്ടികൂടിയതും ബ്രൗണ്‍നിറത്തിലുള്ളതുമായ തോടുള്ളതാണ്. ഷെല്‍ബാര്‍ക്ക് ഇനത്തില്‍പ്പെട്ട മരങ്ങളാണ് വലുപ്പം കൂടിയ പരിപ്പുകള്‍ ഉത്പാദിപ്പിക്കുന്നത്.

Latest Videos

undefined

വളര്‍ച്ചാനിരക്ക് കുറവുള്ളതിനാല്‍ ഏകദേശം 15 വര്‍ഷത്തോളമെടുത്താണ് കായകളുണ്ടാകുന്നതും പരിപ്പ് ലഭിക്കുന്നതും. വടക്കേ അമേരിക്കയിലാണ് ഈ മരം കൂടുതലായി കാണുന്നത്. ഈ പരിപ്പ് വിളവെടുക്കുന്നത് പരമ്പരാഗതമായി കുടുംബങ്ങള്‍ ചെയ്തുപോരുന്ന പ്രവൃത്തിയാണ്. അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ വെറും മൂന്ന് ഇനത്തില്‍പ്പെട്ട ഹിക്കറി മരങ്ങള്‍ മാത്രമേ കാണപ്പെടുന്നുള്ളു.

വാള്‍നട്ടുമായി സാമ്യമുള്ളതും മധുരമുള്ളതുമായ പരിപ്പാണിത്. തണുപ്പുകാലത്താണ് വിളവെടുപ്പ് നടത്താറുള്ളത്. ശരത്കാലത്ത് ബ്രൗണ്‍ നിറത്തിലുള്ള കട്ടികൂടിയ പരിപ്പ് പഴുക്കുകയും നല്ല കാറ്റുള്ളപ്പോള്‍ താഴെ വീഴുകയും ചെയ്യും. അതുപോലെ മരത്തിന്റെ ശാഖകള്‍ പിടിച്ചുകുലുക്കിയും വിളവെടുപ്പ് നടത്താറുണ്ട്.

അമേരിക്കയുടെ കിഴക്ക് ഭാഗത്തുള്ള കാടുകളില്‍ ഹിക്കറി മരങ്ങള്‍ സര്‍വസാധാരണമാണ്. ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും വന്‍തോതിലുള്ള വിളവെടുപ്പ് നടത്താം. എന്നിരുന്നാലും എല്ലാ വര്‍ഷവും അല്‍പമെങ്കിലും കായകള്‍ ലഭിക്കാറുണ്ട്. കൃത്യമായി ശേഖരിച്ച് സൂക്ഷിച്ചാല്‍ ദീര്‍ഘകാലത്തോളം കേടുകൂടാതെ നിലനില്‍ക്കുന്ന പരിപ്പാണിത്. പറിച്ചെടുത്തശേഷം ഈ കായകള്‍ ഒരു ബക്കറ്റ് വെള്ളത്തിലിട്ടാല്‍ പൊങ്ങിക്കിടക്കുന്നവ ഒഴിവാക്കണം. അതിന് ശേഷം ചൂടുള്ള സ്ഥലത്തേക്ക് മാറ്റി ഈര്‍പ്പം പൂര്‍ണമായും ഒഴിവാക്കണം. ഏതാനും ആഴ്ചകള്‍ കഴിഞ്ഞാലേ പൂര്‍ണമായും ഉണങ്ങുകയുള്ളു. അതിനുശേഷം തണുപ്പുള്ള സ്ഥലത്ത് ഒരു മാസത്തോളം സംഭരിച്ച് വെക്കാം. നല്ല വായുസഞ്ചാരമുണ്ടാകണം.

ഹിക്കറി പരിപ്പിന്റെ ഉപയോഗങ്ങള്‍

പ്രധാനപ്പെട്ട ഉപയോഗമെന്നത് സ്വാദോടെ ഭക്ഷിക്കാമെന്നത് തന്നെയാണ്. വെറുതെ കടിച്ച് തിന്നാന്‍ പറ്റിയ പരിപ്പാണിത്. നട്ട്മീറ്റ് (nutmeats) എന്നറിയപ്പെടുന്ന ഭാഗവും ഭക്ഷ്യയോഗ്യമാണ്. ഇത് ഉപ്പുവെള്ളത്തിലിട്ടശേഷം പുറത്തെടുത്ത് വറുത്തെടുത്ത് കഴിക്കാവുന്നതാണ്.

പരിപ്പിന്റെ പുറംതോട് വളരെ കട്ടിയുള്ളതാണെങ്കിലും ഉയര്‍ന്ന അളവില്‍ എണ്ണയുടെ അംശമുണ്ട്. ഇതിന് നല്ല മണവുമുണ്ട്. മാംസവിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അല്‍പം ചേര്‍ത്താല്‍ പ്രത്യേക ഗന്ധം ലഭിക്കും. 

click me!