മധുരമുള്ള ചെറി തക്കാളി വളര്‍ത്താം; കാണാനും ഏറെ അഴക്

By Web Team  |  First Published Jun 18, 2020, 1:57 PM IST

അഞ്ചോ ആറോ ഇലകള്‍ വരുമ്പോള്‍ 60 സെ.മീ അകലം നല്‍കി പറിച്ചു നടാം. തൈകള്‍ പറിച്ചുനടുന്നതിനുമുമ്പായി ആവശ്യത്തിന് വെള്ളം നല്‍കിയാല്‍ വേരുകളില്‍ മണ്ണ് കൂടുതലായി ശേഖരിക്കാനും മാറ്റിനടുമ്പോള്‍ വാടിപ്പോകുന്നത് തടയാനും കഴിയും. പറിച്ചുനട്ടാല്‍ ഉടനെ നനയ്ക്കണം.


ചെറിയുടെ വലുപ്പത്തിലുള്ളതും ഉരുണ്ടതുമായ ചെറു തക്കാളി സാധാരണ തക്കാളിയേക്കാള്‍ മധുരമുള്ളതും നൂറില്‍പ്പരം വിവിധ ഇനങ്ങളുള്ളതുമാണ്. വര്‍ഷം മുഴുവനും കായകള്‍ വിളവെടുക്കാവുന്ന രീതിയില്‍ വളരുമെങ്കിലും വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ ഉത്പദനമുണ്ടാകുന്നത്. സ്‌പെയിന്‍, മൊറോക്കോ, ചൈന എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതലായി ചെറി തക്കാളി വളര്‍ത്തുന്നത്. യൂറോപ്പിലും അമേരിക്കയിലുമാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. കേരളത്തിലെ കാലാവസ്ഥയിലും ചെറി തക്കാളി വളര്‍ത്തി വിളവെടുക്കാം.

Latest Videos

undefined

 

ചെറി തക്കാളിയിലെ വിവിധ ഇനങ്ങള്‍

സൂപ്പര്‍ സ്വീറ്റ് 100 ചെറി തക്കാളി, ഇറ്റാലിയന്‍ ഐസ് ചെറി തക്കാളി, യെല്ലോ പിയര്‍ ചെറി തക്കാളി, ബ്ലാക്ക് പേള്‍ ചെറി തക്കാളി, സണ്‍ ഗോള്‍ഡ് ചെറി തക്കാളി, ചെറീസ് ജൂബിലി ചെറി തക്കാളി, ബ്ലഡി ബച്ചര്‍ ചെറി തക്കാളി, ഗ്രീന്‍ എന്‍വി ചെറി തക്കാളി, നാപാ ഗ്രേപ് ചെറി തക്കാളി, ഹണിബഞ്ച് ചെറി തക്കാളി, ചാഡ്വിക്ക് ചെറി, ഐസിസ് കാന്‍ഡി ചെറി തക്കാളി എന്നിവയാണ് വിവിധ ഇനങ്ങള്‍.

കൃഷിരീതിയും പരിചരണവും

ചൂടുകാലത്തെ വിളയായാണ് ഇന്ത്യയില്‍ ചെറി തക്കാളി വളര്‍ത്തുന്നത്. 19 ഡിഗ്രി സെല്‍ഷ്യസിനും 30 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയാണ് കൃഷി ചെയ്യാന്‍ അനുയോജ്യം. നല്ല സൂര്യപ്രകാശം ആവശ്യമുള്ള വിളയാണ്.

പി.എച്ച് മൂല്യം 6 നും 7 നും ഇടയിലുള്ള മണ്ണിലാണ് ചെറി തക്കാളി നന്നായി വളരുന്നത്. വേരുകള്‍ക്ക് വെള്ളം ശേഖരിച്ച് വെക്കാന്‍ കഴിവുള്ളതും ജൈവവള സമ്പന്നമായതും നല്ല നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണായിരിക്കണം.

ചെറി തക്കാളിയുടെ വിത്തുകള്‍ വളരെ ചെറുതായതിനാല്‍ ട്രേയില്‍ ചകിരിച്ചോറ് നിറച്ച് വിത്ത് വിതയ്ക്കുന്നതാണ് നല്ലത്. ആവശ്യത്തിന് ഈര്‍പ്പം കിട്ടുന്ന രീതിയില്‍ ഈ തൈകള്‍ പരിപാലിക്കണം. നഴ്‌സറിയുടെ അന്തരീക്ഷത്തില്‍ വിത്ത് വിതറി മുളപ്പിച്ച് 30 ദിവസങ്ങള്‍ക്ക് ശേഷം പറിച്ച് നടാവുന്നതാണ്.

അഞ്ചോ ആറോ ഇലകള്‍ വരുമ്പോള്‍ 60 സെ.മീ അകലം നല്‍കി പറിച്ചു നടാം. തൈകള്‍ പറിച്ചുനടുന്നതിനുമുമ്പായി ആവശ്യത്തിന് വെള്ളം നല്‍കിയാല്‍ വേരുകളില്‍ മണ്ണ് കൂടുതലായി ശേഖരിക്കാനും മാറ്റിനടുമ്പോള്‍ വാടിപ്പോകുന്നത് തടയാനും കഴിയും. പറിച്ചുനട്ടാല്‍ ഉടനെ നനയ്ക്കണം.

പറിച്ചുനടുന്നതിനുമുമ്പായി വളം ചേര്‍ത്ത് മണ്ണ് പാകപ്പെടുത്തണം. തുള്ളിനന സംവിധാനത്തിലൂടെ നൈട്രജനും ഫോസ്ഫറസും കലര്‍ന്ന വളങ്ങള്‍ നല്‍കാം. അതുപോലെ കീടനിയന്ത്രണത്തിനുള്ള മരുന്നുകളും തുള്ളിനന വഴി നല്‍കാം. ജൈവവളങ്ങളും മണ്ണിരക്കമ്പോസ്റ്റും നല്‍കാം.

 

വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള കഴിവില്ലാത്ത ചെടിയായതിനാല്‍ പഴങ്ങള്‍ ഉണ്ടാകുന്ന സമയത്ത് വെള്ളത്തിന്റെ അഭാവം കാണാറുണ്ട്. ചൂടുകാലാവലസ്ഥയില്‍ പൂക്കളും പഴങ്ങളും കൊഴിഞ്ഞു പോകാന്‍ സാധ്യതയുള്ളതുകൊണ്ട് ശരിയായ വളര്‍ച്ചയ്ക്ക് കൃത്യമായി നനയ്ക്കണം.

പൂര്‍ണവളര്‍ച്ചയെത്തിയ തക്കാളികള്‍ അതിരാവിലെ വിളവെടുക്കുന്നതാണ് നല്ലത്. ഒരു വര്‍ഷത്തില്‍ 240 ദിവസത്തോളം വിളവ് ലഭിക്കും. ഒരു ഏക്കറില്‍ 5,500 മുതല്‍ 5,700 വരെ ചെടികള്‍ നടാവുന്നതാണ്.  

click me!