ജനിതകമാറ്റം വരുത്തിയ റബ്ബർ വളരുക അസമിൽ, പരീക്ഷണശാലയിലല്ല മണ്ണിൽത്തന്നെ...

By Web Team  |  First Published Jul 1, 2021, 2:22 PM IST

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും പട്ടമരപ്പിനെ നേരിടാനും കഴിയുന്ന റബ്ബറെന്ന ലക്ഷ്യത്തോടെയാണ് ഈ റബ്ബര്‍ വികസിപ്പിച്ചിരിക്കുന്നത്. 
 


ജനിതകമാറ്റം വരുത്തിയ റബ്ബര്‍ തൈ വേരുപിടിക്കുന്നത് അസമില്‍. അതും മണ്ണില്‍ തന്നെയാണ് വളരുക. റബ്ബര്‍ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ പരീക്ഷണാര്‍ത്ഥം അസമിലെ തോട്ടത്തിലാവും ഇവ വളരുക. ആദ്യമായിട്ടാവും പരീക്ഷണശാലയ്ക്ക് പുറത്ത് തോട്ടത്തില്‍ ജിഎം റബ്ബര്‍ നടുന്നത്. 

നേരത്തെ കേരളം, തമിഴ്നാട്, കര്‍ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ജിഎം റബ്ബര്‍ നടാനായി അപേക്ഷിച്ചിരുന്നു. എന്നാല്‍, ഇവിടങ്ങളില്‍ നിന്നൊന്നും അനുമതി ലഭിച്ചിരുന്നില്ല. അങ്ങനെയാണ് അസമില്‍ അവ നടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും പട്ടമരപ്പിനെ നേരിടാനും കഴിയുന്ന റബ്ബറെന്ന ലക്ഷ്യത്തോടെയാണ് ഈ റബ്ബര്‍ വികസിപ്പിച്ചിരിക്കുന്നത്. 

Latest Videos

undefined

ഈ റബ്ബര്‍ മറ്റ് പ്രാദേശിക സസ്യങ്ങളെ പ്രതികൂലമായി ബാധിക്കില്ല എന്നും റബ്ബര്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ജിഎം റബ്ബര്‍ മണ്ണില്‍ നടാന്‍ നമുക്കായി എന്നത് വലിയ നേട്ടമാണ്. മറ്റു രാജ്യങ്ങള്‍ ലാബിലാണ് അവ പരീക്ഷിക്കുന്നത്. പരീക്ഷണം വിജയിച്ചു കഴിഞ്ഞാല്‍ അത് കര്‍ഷകര്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്ന് റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ്ബ് നേരത്തെ പറഞ്ഞിരുന്നു. 

20 വര്‍ഷമെടുത്ത് ഡോ. എ തുളസീധരന്‍ എന്ന ശാസ്ത്രജ്ഞനാണ് ലബോറട്ടറി പരീക്ഷണത്തിലൂടെ ഇത് വികസിപ്പിച്ചെടുത്തത്. റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ 18 വര്‍ഷം ബയോ ടെക്നോളജി വിഭാഗം മേധാവിയായിരുന്നു തുളസീധരന്‍. ജിഎം റബ്ബറിന് വികസിപ്പിക്കാനുള്ള ശ്രമം നടക്കുന്നത് 1995 -ലാണ്. അന്ന് ഡോ.എം.ആര്‍ സേതുരാജ് ആയിരുന്നു ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍, ഡോ.എം.ബി അശോകന്‍ ബയോടെക്നോളജി വിഭാഗം മേധാവിയും. 1998 -ല്‍ ഡോ. തുളസീധരന്‍ മേധാവിയായി വന്നു. അക്കാലത്താണ് ജീന്‍ കോശത്തില്‍ സന്നിവേശിപ്പിക്കുന്നത്. 2001 -ല്‍ ചെടിയുണ്ടായി. പിന്നീട്, ആറ് ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ പരീക്ഷണം. ഇത് വിജയമായിരുന്നു. 

ഏതായാലും റബ്ബർ ബോർഡ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് വളരെ പ്രതീക്ഷയോടെയാണ് ഈ ജനിതക റബ്ബർ നട്ടുപിടിപ്പിക്കുന്നതിനെ കാണുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!