എല്ലാവര്‍ക്കും സ്വാഗതം; സ്വന്തംഭൂമിയിലെ അരയേക്കര്‍സ്ഥലം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായി മാറ്റിവെച്ച കര്‍ഷകന്‍

By Web Team  |  First Published Oct 5, 2020, 11:37 AM IST

തനിക്കുള്ളത് മറ്റ് ജീവജാലങ്ങള്‍ക്ക് കൂടി പങ്കിട്ടുനല്‍കേണ്ടതുണ്ട് എന്നാണ് മുത്തു വിശ്വസിക്കുന്നത്. അതിനാല്‍ത്തന്നെ തന്‍റെ തോട്ടത്തിലെത്തുന്ന ഓരോ പക്ഷികളെയും മൃഗങ്ങളെയും ശല്യപ്പെടുത്താതെ അദ്ദേഹം മാറിനില്‍ക്കുന്നു.


കൊയമ്പത്തൂരിലെ തൊണ്ടമുത്തൂരിലാണ് മുത്തു മുരുകനെന്ന അറുപത്തിരണ്ടുകാരനായ കര്‍ഷകന്‍റെ ഫാം. കര്‍ഷകന്‍ മാത്രമല്ല മുത്തു മുരുകന്‍, ഒരു പരിസ്ഥിതി സ്നേഹി കൂടിയാണ്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളായി അദ്ദേഹത്തിന് ആ ഫാമിലൂടെ ഒരു നടത്തമുണ്ട്. അവിടെ വരുന്ന പക്ഷികളെയും മറ്റ് ജീവജാലങ്ങളെയുമെല്ലാം നോക്കി അവയോടെല്ലാം കുശലം പറഞ്ഞാണ് ആ നടപ്പ്. 'എന്നെ സംബന്ധിച്ച് ഭൂമിയിലെ ഏറ്റവും മനോഹരമായ ഇടം ഇതാണ്. ഇവിടെയുള്ള മൃഗങ്ങളോടും പക്ഷികളോടുമെല്ലാം സൗഹാര്‍ദ്ദത്തില്‍ ഞാന്‍ കഴിഞ്ഞുപോകുന്നു' എന്നാണ് അദ്ദേഹം പറയുന്നത്. 

COVID-19 ലോക്ക്ഡൗൺ സമയത്ത്, പക്ഷികൾക്ക് ഭക്ഷണം നൽകാനായി ബജ്റയും മണിച്ചോളവും കൃഷിചെയ്യാൻ മുത്തു തന്‍റെ അര ഏക്കർ സ്ഥലം മാറ്റിവെച്ചു. 'ഞാൻ ഏപ്രിലിൽ വിത്ത് വിതച്ചു. മൂന്നുമാസമാണ് വിളവെടുക്കാന്‍ വേണ്ടത്. അന്നുമുതൽ ധാരാളം പക്ഷികള്‍ അവിടെയെത്തുന്നുണ്ട്.' അദ്ദേഹം പറയുന്നു. മുനിയ ഇനത്തില്‍ പെട്ട പക്ഷികളുടെ വലിയൊരു കൂട്ടം തന്നെ അവിടെയെത്തിയതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഒപ്പം തന്നെ പ്രാവുകൾ, കാക്കകൾ, വവ്വാലുകൾ, കുരുവികൾ, മയിലുകൾ, അണ്ണാൻ തുടങ്ങി ഒരുപാട് ജീവികള്‍ മുത്തുവിന്‍റെ പാടത്തെത്താറുണ്ട്. 

Latest Videos

undefined

തനിക്കുള്ളത് മറ്റ് ജീവജാലങ്ങള്‍ക്ക് കൂടി പങ്കിട്ടുനല്‍കേണ്ടതുണ്ട് എന്നാണ് മുത്തു വിശ്വസിക്കുന്നത്. അതിനാല്‍ത്തന്നെ തന്‍റെ തോട്ടത്തിലെത്തുന്ന ഓരോ പക്ഷികളെയും മൃഗങ്ങളെയും ശല്യപ്പെടുത്താതെ അദ്ദേഹം മാറിനില്‍ക്കുന്നു. താന്‍ അടുത്ത് ചെല്ലുകയോ അവയെ ഉപദ്രവിക്കുകയോ ചെയ്യാറില്ലെന്നും പകരം ദൂരെനിന്നും അവയെ കാണുക മാത്രമേ ചെയ്യാറുള്ളൂവെന്നും അദ്ദേഹം പറയുന്നു. മിക്ക പക്ഷികളും പുലര്‍ച്ചയോ വൈകുന്നേരമോ ആണ് അവിടെയെത്താറുള്ളത്. 

വളരെ ചെറിയ പ്രായത്തില്‍ത്തന്നെ ധാന്യങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട് മുത്തു. എന്നാല്‍, ആദ്യമായിട്ടാണ് പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും വേണ്ടി ഭൂമിയിലെ നല്ലൊരു ഭാഗം മാറ്റിവെക്കുന്നത് എന്ന് അദ്ദേഹം പറയുന്നു. ബീന്‍സ്, തക്കാളി, വെണ്ടക്ക തുടങ്ങി ഒരുപാട് പച്ചക്കറികള്‍ മുത്തു വളര്‍ത്തുന്നുണ്ട്. 
'കൃഷിക്കാർ നാണ്യവിളകളിലേക്കും കെട്ടിടങ്ങള്‍ പണിയുന്നതിലേക്കും വേണ്ടി കാർഷിക ഭൂമി വാങ്ങുന്നതിനാൽ പക്ഷികൾക്ക് ഭക്ഷണം കണ്ടെത്താൻ കഴിയുന്നില്ല. ഇത് നഗരത്തിലെ പക്ഷികളുടെ എണ്ണം കുറച്ചിട്ടുണ്ട്, അവയെ തിരികെ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു'വെന്നാണ് ഈ കര്‍ഷകന്‍ പറയുന്നത്. ജലസേചനത്തിനായി മഴവെള്ളവും, വളമായി ചാണകവും അദ്ദേഹം ഉപയോഗിക്കുന്നു. രാസകീടനാശിനികള്‍ അദ്ദേഹം ഉപയോഗിക്കാറേയില്ല. 

പക്ഷികള്‍ക്ക് കൂടൊരുക്കുന്നതിനായി ഫാമിനു ചുറ്റും മരങ്ങളും അദ്ദേഹം നട്ടുപിടിപ്പിച്ചിട്ടുണ്ട്. ചില മരങ്ങളെല്ലാം പക്ഷികള്‍ തന്നെ നിലത്തിട്ട വിത്തുകളില്‍ നിന്നുമുണ്ടായതാണ്. പ്രകൃതിയെ നിലനിര്‍ത്താനുള്ള ചെറിയ മാര്‍ഗങ്ങളിലൊന്ന് മാത്രമാണിതെന്ന് അദ്ദേഹം പറയുന്നു. ഒരുപാടുപേര്‍ അവിടെയെത്തുന്ന പക്ഷികളെയും മറ്റും കാണുന്നിതനായി മുത്തുവിന്‍റെ ഫാം സന്ദര്‍ശിക്കാറുണ്ട്. മുത്തു പറയുന്നത് ഇതുപോലെ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമായിത്തന്നെ ഭൂമിയുടെ ഒരുഭാഗം എന്നും മാറ്റിവയ്ക്കും, ഈ ഭൂമി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് എന്നുമാണ്. 


 

click me!