കാടിറങ്ങിയ കാട്ടാനകള്‍ അപ്പുക്കുട്ടന്‍ മാഷിന്‍റെ പറമ്പിലൂടെ കടന്ന് പോകുന്നതോടെ തെങ്ങുകളില്‍ പലതും കടപുഴകി നിലം പൊത്തും.
കേരളത്തിന്‍റെ സംസ്ഥാന മൃഗ പദവിയുള്ള ആനയും സംസ്ഥാന വൃക്ഷ പദവിയുള്ള കല്പവൃക്ഷം എന്ന് വിളിപ്പേരുള്ള തെങ്ങും തമ്മിലെന്ത് എന്ന് ചോദിച്ചാല്‍ വയനാട്, പള്ളിവയല്‍ ഗ്രാമക്കാരുടെ അപ്പുക്കുട്ടന്‍ മാഷിന് പറയാന്‍ ചിലതുണ്ട്. കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ അപ്പുക്കുട്ടന്‍ മാഷിന്‍റെ പറമ്പില്‍ നിന്ന് നിലം പൊത്തിയത് ഒന്നോ രണ്ടോ മൂന്നോ തെങ്ങുകളല്ല. നാല്പതോളം തെങ്ങുകള്‍. എല്ലാം കുത്തി മറിച്ചത് അതുവഴി ഓരോ തവണയും കടന്ന് പോയ കാട്ടാനകള്‍. കര്‍ഷകന്‍ കൂടിയായ അപ്പുക്കുട്ടന്‍ മാഷിന് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു കാര്യങ്ങള്‍. ഒടുവില്‍ അദ്ദേഹം തന്‍റെ തെങ്ങുകള്‍ സംരക്ഷിക്കാന്‍ ഒപ്പം വികൃതികളായ ആനകളെ മര്യാദ പഠിപ്പിക്കാനായി മുള്ള് കൈയിലെടുത്തു.
വയനാട് ജില്ലയിലെ വടക്കനാട് പ്രദേശത്തെ വനയോര ഗ്രാമമാണ് പള്ളിവയല്‍. എല്ലാ വനയോര ഗ്രാമങ്ങളെയും പോലെ കൃഷി തന്നെയാണ് പള്ളിവയല്‍ ഗ്രാമത്തിന്‍റെയും പ്രധാന വരുമാന മാര്‍ഗം. കൃഷി എന്നാല്‍ തെങ്ങ്, വാഴ, കാപ്പി, കവുങ്ങ്, നെല്ല്.... കൃഷി ഇനങ്ങളില്‍ പലതും മനുഷ്യനെ പോലെ മൃഗങ്ങള്‍ക്കും ഏറെ ഇഷ്ടമുള്ളവ. സ്വാഭാവികമായും വേനല്‍ക്കാലം തുടങ്ങുമ്പോള്‍ ഭക്ഷണം തേടി ആനകള്‍ അടക്കമുള്ള മൃഗങ്ങള്‍ കാടിറങ്ങും. അത്തരമുള്ള ഓരോ കാടിറക്കവും അവസാനിക്കുന്നത് പള്ളിവയല്‍ ഗ്രാമത്തിലെ കൃഷി ഭൂമികളില്‍ വലിയതോതിലുള്ള നാശം വിതച്ച ശേഷം മാത്രമായിരിക്കും.
undefined
അപ്പുക്കുട്ടന്‍ മാഷിന്‍റെ കൃഷിയിടത്തിലും വൈവിധ്യമുള്ള വിളകളുണ്ട്. സ്വാഭാവികമായും വന്യമൃഗങ്ങള്‍ കാടിറങ്ങി നാട് കയറുമ്പോള്‍ മാഷിന്‍റെ പറമ്പിലൂടെയും കടന്ന് പോകുന്നു. പക്ഷേ, അപ്പുക്കുട്ടന്‍ മാഷിന്‍റെ പറമ്പിലെ തെങ്ങുകളോട് കാട്ടാനകള്‍ക്ക് വല്ലാത്ത 'കലിപ്പാ'ണ്. അഞ്ചാറ് വര്‍ഷത്തിനിടെ അദ്ദേഹത്തിന്‍റെ പറമ്പിലൂടെ കടന്ന് പോയ കാട്ടാനകള്‍ കുത്തി മറിച്ചിട്ട തെങ്ങുകള്‍ അദ്ദേഹത്തിന്‍റെ മനസില്‍ ഉയര്‍ത്തിയത് വലിയ ആധിയാണ്. വീടിന് ചുറ്റുമുള്ള തെങ്ങുകളെ ആനകള്‍ നോട്ടമിട്ടാല്‍ അത് വീടിന്‍റെ സുരക്ഷയെ കൂടി ബാധിക്കും. രണ്ട് നില വീടിനും മുകളിലേക്ക് വളര്‍ന്നു നില്‍ക്കുന്നവയാണ് വീടിന് ചുറ്റുമുള്ള തെങ്ങുകളില്‍ പലതും എന്നാണ് അദ്ദേഹത്തിന്‍റെ ഭയത്തിന്‍റെ പ്രധാന കാരണവും.
ഒരു കിലോ മാങ്ങ വിറ്റു, കർഷകൻ നേടിയത് മൂന്നുലക്ഷം രൂപ, കർഷകരെ ലക്ഷപ്രഭു വരെയാക്കുന്ന മാമ്പഴം
ഒടുവില്‍, രക്ഷ തേടി അപ്പുക്കുട്ടന്‍ മാഷ് ഒരു കാര്യം ചെയ്തു. തെങ്ങുകള്‍ക്ക് ചുറ്റും മുള്‍ക്കമ്പി ചുറ്റി. അതും പോരാഞ്ഞ് മരപലകകളില്‍ ആണി അടിച്ച് അത് തെങ്ങിന് ചുറ്റും കെട്ടിവച്ചു. പ്രത്യേകിച്ചും വീടിന് സമീപത്തെ തെങ്ങുകള്‍ക്ക്. ആന തെങ്ങ് മറിച്ചിടാന്‍ ശ്രമിച്ചാല്‍ ആണിയും മുള്ളും ശരീരത്തില്‍ തറഞ്ഞ് കയറും. ഇതോടെ അവ പിന്‍ തിരിയുമെന്നാണ് അദ്ദേഹം കരുതുന്നത്. ആനകള്‍ക്ക തെങ്ങ് മാത്രമല്ല പ്രിയം. കവുങ്ങുകള്‍ വാഴകള്‍, പോകുന്ന വഴിയുള്ള കാപ്പി ചെടികള്‍, പ്ലാവിന് ചുറ്റുമുള്ള മറ്റ് മരങ്ങള്‍... എന്നിങ്ങനെ കര്‍ഷകരുടെ ജീവിതത്തെ ഏറെ ദുരിതപൂര്‍ണ്ണമാക്കുന്നു ഓരോ വന്യമൃഗ കാടിറക്കവും. വന്യമൃഗ സംഘര്‍ഷത്തിന് പരിഹാരം പ്രദേശവാസികള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും വനം വകുപ്പോ സര്‍ക്കാരോ കാര്യമായതൊന്നും ചെയ്യുന്നില്ലെന്നാണ് പതിറ്റാണ്ടുകളായുള്ള പരാതി. വന്യമൃഗ സംഘര്‍ഷം തുടങ്ങിയ കാലം മുതലുള്ള പരാതി. ഇനി നഷ്ടപരിഹാരമാകട്ടെ ഇന്നും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു.