ഉള്ളി വേണോ ഫ്രീയായി, കൃഷി നഷ്ടമായ കര്‍ഷകന്‍ 140,000 ഉള്ളി സൗജന്യമായി കൊടുക്കുന്നു!

By Web Team  |  First Published Aug 19, 2022, 5:36 PM IST

ആര്‍ക്കുവേണമെങ്കിലും തന്റെ കൃഷിയിടത്തില്‍ എത്തി സൗജന്യമായി ഉള്ളി ശേഖരിക്കാം. കാണുമ്പോള്‍ അത്ര ഭംഗി ഒന്നും തോന്നിയില്ലെങ്കിലും  ഉള്ളികള്‍ ഭക്ഷ്യയോഗ്യമാണെന്ന് ടിം ആവര്‍ത്തിക്കുന്നു.



ഉള്ളി വേണോ? അതും സൗജന്യമായി. തന്റെ കൃഷിത്തോട്ടത്തിലെ ഉള്ളി മുഴുവന്‍ സൗജന്യമായി നല്‍കാന്‍ ആളുകളെ തേടുകയാണ് ഒരു  കര്‍ഷകന്‍ . സംഗതി ഇവിടെയല്ല, കുറച്ചു ദൂരെയാണ് അങ്ങ് യു എസിലെ നോര്‍ഫോക്കിലുള്ള ഹോക്ക്വോള്‍ഡില്‍. എന്താണ് ഈ ഭ്രാന്തന്‍ തീരുമാനത്തിന് പിന്നിലെ കാരണമെന്നല്ലേ? ഇതാ ആ കഥ ഇങ്ങനെയാണ്.

ഏറെ പ്രതീക്ഷകളോടെയാണ് തന്റെ കൃഷിയിടത്തിലെ 2 ഏക്കര്‍ സ്ഥലത്ത് ടിം യങ്ങ് എന്ന യുവകര്‍ഷകന്‍ ഉള്ളി കൃഷി ആരംഭിച്ചത്. ടിം ആഗ്രഹിച്ചതുപോലെ തന്നെ ഉള്ളികള്‍ കിളിര്‍ത്തു നൂറു മേനിയായി വിളഞ്ഞു. തന്റെ കൃഷിയിടത്തിലേക്ക് നോക്കുമ്പോള്‍ സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ മനം നിറഞ്ഞു. അങ്ങനെ കഴിഞ്ഞ ജനുവരി മാസത്തില്‍ ആദ്യ വിളവെടുപ്പിനുള്ള സമയം വന്നെത്തി. 250 ടണ്‍ നല്ല ഉള്ളി വിജയകരമായി വിളവെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ആദ്യ വിളവെടുപ്പ് വിജയമായതോടെ ടിമ്മിന്റെ പ്രതീക്ഷകളും വലുതായി.

Latest Videos

undefined

പക്ഷേ അധികം വൈകിയില്ല വെല്ലുവിളികള്‍ ഓരോന്നായി വരാന്‍ തുടങ്ങി. ആദ്യമെത്തിയത് വരള്‍ച്ചയാണ്. അനിയന്ത്രിതമായി ഉയര്‍ന്ന താപനില ഉള്ളി ചെടികളെ സാരമായി തന്നെ ബാധിച്ചു. കഠിനമായ താപനിലയില്‍ നിന്നും തന്റെ കൃഷിത്തോട്ടത്തെ എങ്ങനെ രക്ഷിച്ചെടുക്കാം എന്നുള്ള ആലോചനയിലായി ടിം. പക്ഷേ അതിനൊരു പരിഹാരം കണ്ടെത്തുന്നതിന് മുന്‍പേ തന്നെ അടുത്ത വെല്ലുവിളിയുമെത്തി. 

രണ്ടേക്കര്‍ സ്ഥലത്ത് അവശേഷിച്ചിരുന്ന വിളയില്‍ വ്യാപകമായി പൂപ്പല്‍ രോഗം ബാധിച്ചു. ഒരുതരം ഫംഗസ് ബാധയായിരുന്നു അത്. ഇത് ബാധിച്ചതോടെ  അവശേഷിച്ച ഉള്ളികളില്‍ പകുതിയിലേറയും ചീഞ്ഞഴുകി തുടങ്ങി. ഇതോടെ ആകെ തകര്‍ന്നുപോയ ടിമ്മിന് ഇനിയും അവയെ സംരക്ഷിക്കാന്‍ പണിയെടുത്തത് കൊണ്ട് കാര്യമില്ല എന്ന് മനസ്സിലായി. കാര്യങ്ങള്‍ കൂടുതല്‍ മോശമായി പോകുന്നതിനു മുന്‍പേ അവശേഷിച്ച ഉള്ളിയുടെ വിളവെടുപ്പ് നടത്താന്‍ അദ്ദേഹം തീരുമാനിച്ചു.

അങ്ങനെ 140,000 നല്ല ഉള്ളികള്‍ അദ്ദേഹത്തിന് സംഭരിക്കാനായി. ഏകദേശം 40 ടണ്‍ വരും ഇത്. 
പക്ഷേ അവിടെയും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. ഭക്ഷ്യയോഗ്യമായ ഉള്ളിയാണ് സംഭരിച്ചതെങ്കിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലോ കടകളിലോ ഒന്നും ഇത് വില്‍്പനയ്ക്ക് എടുക്കുവാന്‍ തയ്യാറായില്ല. വില്‍പ്പനയ്ക്ക് യോഗ്യമായ വലിപ്പവും രൂപവും ഇല്ലാത്തതാണ് ടിമ്മിന്റെ ഉള്ളികള്‍ തള്ളിക്കളയാന്‍ കാരണം. ഈ തിരിച്ചടി അദ്ദേഹത്തെ ഏറെ തളര്‍ത്തിയെങ്കിലും താന്‍ ഏറെ ആഗ്രഹിച്ചു നട്ടു പരിപാലിച്ച് വിളവെടുത്ത ഉള്ളികള്‍ വെറുതെ നഷ്ടപ്പെടുത്തി കളയാന്‍ താന്‍ തയ്യാറല്ല എന്ന നിലപാടിലാണ് അദ്ദേഹം. അതിനായി ഒരു മാര്‍ഗ്ഗവും  കണ്ടെത്തി.

ആര്‍ക്കുവേണമെങ്കിലും തന്റെ കൃഷിയിടത്തില്‍ എത്തി സൗജന്യമായി ഉള്ളി ശേഖരിക്കാം. കാണുമ്പോള്‍ അത്ര ഭംഗി ഒന്നും തോന്നിയില്ലെങ്കിലും  ഉള്ളികള്‍ ഭക്ഷ്യയോഗ്യമാണെന്ന് ടിം ആവര്‍ത്തിക്കുന്നു. ശരിയായ രീതിയില്‍ സൂക്ഷിച്ചാല്‍ മാസങ്ങളോളം ഉള്ളി കേടുകൂടാതെ ഇരിക്കുമെന്നും തന്റെ കൃഷിയിടത്തില്‍ എത്തി എല്ലാവരും ഉള്ളി വാങ്ങി സഹായിക്കണമെന്നും ആണ് അദേഹത്തിന് അഭ്യര്‍ത്ഥിക്കാനുള്ളത്. ഭക്ഷണം പാഴായി പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എല്ലാവരും സൗജന്യമായി ഉള്ളി കൊണ്ടുപോകണമെന്നും അത് തനിക്കും കൊണ്ടുപോകുന്നവര്‍ക്കും ഉപകാരപ്രദമാകും എന്നും അദ്ദേഹം പറയുന്നു. 

അദ്ദേഹത്തിന്റെ  അഭ്യര്‍ത്ഥന ആളുകള്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണ്. ഉള്ളി വാങ്ങുവാനായി ടിമ്മി ന്റെ കൃഷിയിടത്തിലെത്തിയ അധ്യാപികയായ  ലിസ് ബഡ്ജെന്‍ പറഞ്ഞത്‌സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കിട്ടുന്നതിനേക്കാള്‍ മികച്ച ഉള്ളിയാണ് ഇവിടെ നിന്നും കിട്ടുന്നതെന്നാണ്. ഏതായാലും കൂടുതല്‍ ആളുകള്‍ ഉള്ളി തേടി തന്റെ അടുത്തെത്തുമെന്ന പ്രതീക്ഷയിലാണ് ടിം യങ്ങ്.

click me!