എപ്പോഴും തണുത്തിരിക്കും, പ്ലാസ്റ്റിക്കുകളോട് 'നോ' പറയാം, ഈ മുള കൊണ്ടുള്ള കുപ്പികളുടെ ഉപയോഗങ്ങളിങ്ങനെ...

By Web Team  |  First Published Jan 27, 2020, 9:12 AM IST

പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതുകൊണ്ട് വെള്ളത്തിന് നല്ല തണുപ്പുണ്ടാകും. പ്ലാസ്റ്റിക് ബോട്ടിലുകള്‍ അഥവാ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. മുളയുടെ പാത്രങ്ങളില്‍ വെള്ളം ശേഖരിക്കുന്നത് വേനല്‍ക്കാലത്ത് എന്തുകൊണ്ടും നല്ലതാണ്.


പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമായ സംസ്ഥാനമാണ് ആസ്സാം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുള ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നുമാണ് ആസാം. ഇവിടുത്തെ ജനതയുടെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതശൈലിയില്‍ മുള കൊണ്ടുള്ള ഉത്പന്നങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. പ്രധാനമായും കെട്ടിട നിര്‍മാണത്തിനും വീട്ടുപകരണങ്ങള്‍ നിര്‍മിക്കാനുമാണ് ഇവര്‍ മുള ഉപയോഗിക്കുന്നത്. ഇവിടെ ആസാമില്‍ നിന്നുള്ള ഒരു സംരംഭകനായ ധൃതിമാന്‍ ബോറ മുളകള്‍ ഉപയോഗിച്ചുള്ള കുപ്പികള്‍ നിര്‍മിച്ച് പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കാനുള്ള സുരക്ഷിതമായ മാര്‍ഗം കാണിച്ചുതരികയാണ്.

Latest Videos

undefined

 

ആസാമില്‍ മുള ഉപയോഗിച്ച് ധാരാളം കരകൗശലവസ്തുക്കള്‍ ഉണ്ടാക്കുന്നുണ്ട്. പൂര്‍ണമായും യന്ത്രങ്ങള്‍ ഒഴിവാക്കി കൈത്തൊഴിലായാണ് അവര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. തൊപ്പികള്‍, പായകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം വീടുകളില്‍ നിന്നുതന്നെ ഇവര്‍ നിര്‍മിച്ചുനല്‍കുന്നു. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ കൈത്തൊഴിലായല്ല ഇതൊന്നും ഇവര്‍ ചെയ്യുന്നത്. ജാതിയും മതവും നോക്കാതെ എല്ലാ വിഭാഗത്തില്‍പ്പെട്ട കര്‍ഷകരും ആസാമില്‍ മുള കൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നു.

മുള കൊണ്ടുള്ള കുപ്പികള്‍/ബോട്ടിലുകള്‍

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കാന്‍ കഴിയുന്ന സുരക്ഷിതമായ ഉത്പ്പന്നങ്ങളാണ് ധൃതിമാന്‍ ബോറ ഉണ്ടാക്കുന്നത്. അപകടകരമായ വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാതെ തന്നെ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ് ഇദ്ദേഹം തെളിയിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് പ്രകൃതിയിലേക്ക് കൂടുതല്‍ അടുക്കാനുള്ള വഴിയാണ് ഇത്തരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സംരംഭകര്‍ നമുക്ക് പറഞ്ഞുതരുന്നത്.

ഐ.ഐ.ടിയില്‍ പഠനം നടത്തിയ ശേഷമാണ് ഇദ്ദേഹം സംരംഭകനായത്. മുള കൊണ്ടുള്ള ബോട്ടിലുകള്‍ പ്രകൃതിയുമായി അലിഞ്ഞുചേരുന്നതായതുകൊണ്ടുതന്നെ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നില്ല. കുപ്പിയില്‍ വെള്ളം നിറച്ചാല്‍ വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുമെന്ന പേടിയേ വേണ്ട. വളരെ എളുപ്പത്തില്‍ നമുക്ക് ഉപയോഗിക്കാനും യാത്രകളില്‍ കൂടെ കൊണ്ടുപോകാനും കഴിയുന്ന തരത്തിലാണ് ഈ കുപ്പികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കുപ്പിയുടെ മുകളില്‍ കോര്‍ക്ക് ഉപയോഗിച്ച് അടയ്ക്കാന്‍ കഴിയുന്നതുകൊണ്ട് വെള്ളം പുറത്തേക്ക് പോകില്ല. 200 രൂപ മുതല്‍ 400 രൂപ വരെയാണ് കുപ്പിയുടെ വില.

 

പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതുകൊണ്ട് വെള്ളത്തിന് നല്ല തണുപ്പുണ്ടാകും. പ്ലാസ്റ്റിക് ബോട്ടിലുകള്‍ അഥവാ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. മുളയുടെ പാത്രങ്ങളില്‍ വെള്ളം ശേഖരിക്കുന്നത് വേനല്‍ക്കാലത്ത് എന്തുകൊണ്ടും നല്ലതാണ്. ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്‍ ഇതില്‍ ശേഖരിക്കുന്ന വെള്ളത്തിന് കഴിയും. പ്ലാസ്റ്റിക് ബോട്ടിലുകളില്‍ വേനല്‍ക്കാലത്ത് വെള്ളം ശേഖരിച്ചാല്‍ കൂടുതല്‍ ചൂടാകുകയേയുള്ളു.

മൗസം ബോറ എന്ന സുഹൃത്തും ഒപ്പം ചേര്‍ന്നാണ് മുള കൊണ്ടുള്ള ബോട്ടിലുകള്‍ നിര്‍മിക്കുന്നത്. www.tribalplanets.com എന്ന വെബ്‌സൈറ്റിലൂടെ തങ്ങളുടെ ഉത്പന്നം ആവശ്യക്കാരിലെത്തിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള പുതിയ പരിസ്ഥിതിസൗഹൃദ ഉല്‍പ്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രയാസമുള്ളതുകൊണ്ട് ബോധവല്‍ക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. പ്രാദേശികമായ ആളുകള്‍ പ്ലാസ്റ്റിക്കിന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കാമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരാണ്.

ഇവര്‍ നിര്‍മിച്ചിരിക്കുന്ന മുള കൊണ്ടുള്ള ബോട്ടിലുകള്‍ ആവശ്യക്കാരുടെ വീടുകളിലെത്തിക്കാന്‍ സാങ്കേതിക വിദ്യയെയും കൂട്ടുപിടിക്കാനാണ് തീരുമാനം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമ്പോള്‍ ഇത്തരം പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നവരെ നാം പ്രോത്സാഹിപ്പിക്കേണ്ടതാണ്.

click me!