ക്ലോറിന്‍ കലര്‍ന്ന പൈപ്പ് വെള്ളം ചെടിക്ക് നല്ലതല്ല; ഇന്‍ഡോര്‍ പ്ലാന്‌റുകള്‍ക്ക് നല്ലത് ഡിസ്റ്റില്‍ഡ് വാട്ടര്‍

By Web Team  |  First Published Aug 7, 2020, 4:53 PM IST

മുനിസിപ്പാലിറ്റി വിതരണം ചെയ്യുന്ന പൈപ്പ് വെള്ളം കഠിന ജലമാണ്. ഇത് ചെടികള്‍ക്ക് നല്ലതല്ല. ഇതില്‍ ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ടാകാം. ഡിസ്റ്റില്‍ഡ് വാട്ടറില്‍ സോഡിയം ചേര്‍ത്തല്ല മൃദുവാക്കുന്നത്.


ഇന്നത്തെ കാലത്ത് ശുദ്ധജലം കിട്ടാക്കനിയായി മാറുകയാണ്. പൈപ്പിലൂടെ ലഭിക്കുന്ന വെള്ളത്തില്‍ മാലിന്യങ്ങളും രാസവസ്തുക്കളുമൊക്കെ അടങ്ങിയിരിക്കാം. വെള്ളത്തിലെ രാസവസ്തുക്കളും ധാതുക്കളും ഒഴിവാക്കുന്ന പ്രക്രിയയാണ് ഡിസ്റ്റിലേഷന്‍. സ്വേദിത ജലം എന്നാണ് ഡിസ്റ്റില്‍ഡ് വാട്ടര്‍ അറിയപ്പെടുന്നത്. ഇത് ചെടികള്‍ക്ക് നല്ലതാണോ?

Latest Videos

undefined

പലരും ചിന്തിക്കുന്നതുപോലെ സ്വേദിത ജലം ഇന്‍ഡോര്‍ പ്ലാന്റിന് ഒഴിച്ചുകൊടുക്കാന്‍ വളരെ നല്ലതാണ്. പൈപ്പുവഴി വരുന്ന വെള്ളത്തില്‍ ക്ലോറിന്റെ  അംശമുണ്ടാകുമെന്ന് ഉറപ്പാണ്. കുടിവെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന വസ്‍തുക്കള്‍ ചെടികള്‍ക്ക് ഹാനികരമാണ്.

നമ്മള്‍ പുറത്ത് വളര്‍ത്തുന്ന ചെടികള്‍ക്ക് ക്ലോറിന്‍ അടങ്ങിയ വെള്ളത്തെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളുണ്ട്. മഴവെള്ളം ഭൂമിയില്‍ പതിക്കുമ്പോള്‍ ഈ രാസവസ്‍തുക്കളുടെ അംശം കാര്യമായി ബാധിക്കില്ല. പക്ഷേ, വീട്ടിനകത്ത് വളര്‍ത്തുന്ന ചെടികള്‍ നിങ്ങള്‍ നല്‍കുന്ന വെള്ളം അതുപോലെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

മുനിസിപ്പാലിറ്റി വിതരണം ചെയ്യുന്ന പൈപ്പ് വെള്ളം കഠിന ജലമാണ്. ഇത് ചെടികള്‍ക്ക് നല്ലതല്ല. ഇതില്‍ ഘനലോഹങ്ങളുടെ സാന്നിധ്യമുണ്ടാകാം. ഡിസ്റ്റില്‍ഡ് വാട്ടറില്‍ സോഡിയം ചേര്‍ത്തല്ല മൃദുവാക്കുന്നത്. രാസവസ്‍തുക്കള്‍ ഒഴിവാക്കുകയാണ് ചെയ്യുന്നത്. സ്വേദിതജലം ഉപയോഗിക്കുന്ന ചെടികള്‍ മറ്റുള്ള ചെടികളേക്കാള്‍ വളരെ വേഗത്തില്‍ വളരും. ധാരാളം ഇലകളോടുകൂടി തഴച്ചുവളരുകയും ചെയ്യും.

സ്വേദിത ജലത്തിലൂടെ പോഷകഘടകങ്ങളൊന്നും ലഭിക്കുന്നില്ല. അതുകൊണ്ട് വളപ്രയോഗം നടത്താന്‍ മറക്കരുത്. പലരും പൈപ്പ് വെള്ളം രാത്രി ബക്കറ്റില്‍ പിടിച്ച് വെച്ച് പിറ്റേന്ന് ചെടികള്‍ക്ക് ഒഴിക്കാറുണ്ട്. രാസവസ്തുക്കള്‍ ബാഷ്പീകരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. പക്ഷേ, അധികമുള്ള ധാതുക്കളൊന്നും ഇങ്ങനെ ബാഷ്പീകരിക്കപ്പെടില്ല. സ്വേദിത ജലത്തിന്റെ പി.എച്ച് മൂല്യം ന്യൂട്രല്‍ ആണ്. അതുകൊണ്ടാണ് വീട്ടിനകത്ത് വളര്‍ത്തുന്ന ചെടികള്‍ക്ക് ഏറ്റവും അനുയോജ്യമാകുന്നത്.

ഡിസ്റ്റില്‍ഡ് വാട്ടര്‍ വീടുകളിലുണ്ടാക്കുന്നത് വളരെ ശ്രമകരമായ പ്രവൃത്തിയാണ്. ധാരാളം സമയവും ആവശ്യമാണ്. ഇതിനുവേണ്ടി അടപ്പുള്ള ഒരു വലിയ പാത്രമെടുക്കണം. ചൂട് പുറത്ത് പോകാത്ത മറ്റൊരു സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രമെടുക്കണം. ഒരു കട്ട ഐസും. വലിയ പാത്രത്തിന്റെ പകുതിയോളം പൈപ്പ് വെള്ളം നിറയ്ക്കുക. ചെറിയ പാത്രം ഈ വെള്ളത്തില്‍ പൊങ്ങിക്കിടക്കണം. പാത്രത്തിന്റെ അടപ്പ് തല തിരിച്ച് വെക്കുക. ഐസ് ബ്ലോക്ക് ഈ കീഴ്‌മേല്‍ മറിച്ച് വെച്ച അടപ്പിന് മുകളില്‍ വെക്കുക. ഈ പാത്രം അല്‍പം നല്ല തീയില്‍ വെക്കുക. ചെറുതായി തിളപ്പിക്കുക. പിന്നീട് തീ കുറച്ച് ചൂട് കുറച്ചുകൊണ്ടുവരിക. തലതിരിച്ച് വെച്ച അടപ്പിലൂടെ വരുന്ന ഉരുകിയ വെള്ളം വളരെ ശ്രദ്ധയോടെ ഒഴിവാക്കുക. ഇങ്ങനെയാണ് സ്വേദിത ജലം വീടുകളില്‍ തയ്യാറാക്കുന്നത്. പക്ഷേ ഇത് എളുപ്പമുള്ള സംഗതിയല്ല. അതുകൊണ്ടുതന്നെ വളരെ അത്യാവശ്യഘട്ടത്തില്‍ വിപണിയില്‍ കിട്ടുന്ന ഡിസ്റ്റില്‍ഡ് വാട്ടര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

click me!