ഒരു വർഷം മുമ്പ് കൊളംബോ യൂണിവേഴ്സിറ്റി അധികൃതർ ഗോപിയുടെ തോട്ടത്തിലെത്തി ജാതി കൃഷിയെ കുറിച്ച് പഠിച്ചിരുന്നു. തുടർന്ന് ഏറെ വിശകലനങ്ങള്‍ക്ക് ശേഷമാണ് ഗോപിയെ ഡോക്ടറേറ്റിന് പരിഗണിച്ചത്.
ഇടുക്കി: മൾട്ടിറൂട്ട് ജാതിക്കൃഷിയിൽ അതിശയിപ്പിക്കുന്ന കണ്ടുപിടിത്തങ്ങൾ നടത്തിയ അടിമാലി സ്വദേശി ചെറുകുന്നേൽ ഗോപിയെത്തേടി അന്തർദേശീയ അംഗീകാരം. ശ്രീലങ്കയിലെ കൊളംബോ ആസ്ഥാനമായുള്ള ഓപ്പൺ ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റിയുടെ കൃഷി വിഭാഗത്തിലെ ഡോക്ടറേറ്റിനാണ് ഗോപി അർഹനായത്. കാലവർഷത്തിലും കാറ്റിലും ജാതിത്തൈകൾ നശിക്കുന്നതിന് പരിഹാരമായാണ് അടിമാലി സ്വദേശിയും ജാതി കർഷകനുമായ ചെറുകുന്നേൽ ഗോപി മൾട്ടി റൂട്ട് ജാതി തൈകൾ ഉത്പാദിപ്പിച്ചത്. ഗോപി ഉത്പാദിപ്പിക്കുന്ന ജാതിത്തൈ തേടി സംസ്ഥാനത്തെമ്പാടുമുള്ള ജാതി കർഷകര്‍ ഇന്ന് അടിമാലിയിലെത്തുന്നു.
ഒരു വർഷം മുമ്പ് കൊളംബോ യൂണിവേഴ്സിറ്റി അധികൃതർ ഗോപിയുടെ തോട്ടത്തിലെത്തി ജാതി കൃഷിയെ കുറിച്ച് പഠിച്ചിരുന്നു. തുടർന്ന് ഏറെ വിശകലനങ്ങള്‍ക്ക് ശേഷമാണ് ഗോപിയെ ഡോക്ടറേറ്റിന് പരിഗണിച്ചത്. തനിക്ക് ലഭിച്ച അംഗീകാരത്തിന്‍റെ സന്തോഷം ഗോപി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവച്ചു. 1995 -ൽ സംസ്ഥാന സർക്കാരിന്‍റെ കർഷകോത്തമ അവാർഡ്, തൊടുപുഴ ഗാന്ധിജി സ്റ്റഡി സെന്‍ററിന്‍റെ കർഷകതിലക്, 96 -ൽ നാഷണൽ ഹോർട്ടി കൾച്ചർ ബോർഡിന്‍റെ ഉദ്യാൻ പണ്ഡിറ്റ്, സ്പൈസസ് ബോർഡ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ഇതിനകം ഗോപിയെ തേടിയെത്തിയിട്ടുണ്ട്. നേന്ത്രവാഴ കൃഷിയിലൂടെയാണ് ഗോപിയെ കേരളത്തിലെ കർഷകർ അറിഞ്ഞ് തുടങ്ങിയത്. 1987 - 88 കാലഘട്ടത്തിൽ വലിയ, തൂക്കമുള്ള വാഴക്കുല ഉത്പാദിപ്പിച്ച് ഗോപി നേതൃക്കര്‍ഷകരുടെ ശ്രദ്ധ നേടിയിരുന്നു. 2008 മുതലാണ് മൾട്ടിറൂട്ട് തൈകളുമായി ജാതികൃഷിയിൽ ഗോപി വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നത്.