കൊക്കോ തോട്ടങ്ങളില്‍ ഇടവിളയായി വാഴ, പൈനാപ്പിള്‍, ചക്ക എന്നിവയെല്ലാം വളര്‍ത്തി വിളവെടുക്കാവുന്നതാണ്. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനവും ഭക്ഷണത്തിനുള്ള മാര്‍ഗവും ഇതിലൂടെ കണ്ടെത്താനാകുന്നു.
ദൈവത്തിന്റെ ഭക്ഷണം എന്നറിയപ്പെടുന്ന ഗ്രീക്ക് പദമായ തിയോബ്രോമ എന്ന വാക്കില്‍ നിന്ന് നമുക്ക് ലഭിച്ച വിളയായ കൊക്കോ ഇന്ന് ചോക്കലേറ്റ് നിര്‍മിക്കുന്നതിനുള്ള പ്രധാനപ്പെട്ട അസംസ്‌കൃത വസ്തുവാണ്. വളരെ സ്വാദുള്ള ഭക്ഷണവസ്തുക്കള്‍ വളരുന്ന ഒരു മലമ്പ്രദേശത്ത് നിന്ന് ദൈവങ്ങള്‍ കണ്ടെടുത്ത വിളയാണ് കൊക്കോ എന്ന് മായന്മാര്‍ വിശ്വസിച്ചിരുന്നതായി ഐതിഹ്യങ്ങള്‍ പറയുന്നു. ഏകദേശം 30 അടി ഉയരത്തില്‍ വളരുന്ന ഈ മരത്തില്‍ നിന്ന് 30 വര്‍ഷത്തോളം കായകള്‍ ലഭിക്കും. ഓരോ വര്‍ഷവും മരത്തിന്റെ ചില്ലകളില്‍ ആയിരക്കണക്കിന് പൂക്കള്‍ വിരിയുമെങ്കിലും വളരെ കുറച്ച് മാത്രമേ കൊക്കോ ആയി വിളവെടുക്കാന്‍ കഴിയാറുള്ളു. കൊക്കോ മരത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ അറിയാം.
മാല്‍വേഷ്യ സസ്യകുടുംബത്തിലെ ചെറിയൊരു മരമാണ് കൊക്കോ. എട്ടു മുതല്‍ 10 സെ.മീ വരെ കനമുള്ളതും ഏകദേശം 25 സെ.മീ നീളമുള്ളതുമായ കൊക്കോയുടെ കായയ്ക്ക് 300 മുതല്‍ 400 ഗ്രാം വരെയാണ് ഭാരം. സൂര്യപ്രകാശവും വായുവും വെള്ളവും പോഷകങ്ങളും കൃത്യമായ അളവില്‍ ലഭിച്ചാല്‍ നല്ല ആരോഗ്യമുള്ള മരങ്ങളായി വളര്‍ത്തിയെടുക്കാനും കൊക്കോ പഴങ്ങള്‍ വിളവെടുക്കാനും കഴിയും.
undefined
കൊക്കോ മരം യഥാര്‍ഥത്തില്‍ പല തരത്തിലുമുള്ള മണ്ണിലും വളരും. ശരിയായ വളര്‍ച്ചയ്ക്ക് കൃത്യമായ അളവില്‍ ജലാംശം ആവശ്യമാണ്. വേനല്‍ക്കാലത്ത് വേരുകളില്‍ ആവശ്യമായ വെള്ളമെത്താനുള്ള സാഹചര്യമുണ്ടാകണം. മണ്ണിന്റെ പി.എച്ച് മൂല്യം 4 -നും 7.5 -നും ഇടയിലാണെങ്കില്‍ ഏറ്റവും അനുയോജ്യമായിരിക്കും.
ജൈവരീതിയില്‍ കൊക്കോ വളര്‍ത്തുമ്പോള്‍ അമിതമായ പണം കൊടുത്ത് ചെടികളെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെയും വളങ്ങളുടെയും ആവശ്യകത ഇല്ലാതാക്കാം. വില കൂടിയ ഹൈബ്രിഡ് ഇനങ്ങള്‍ക്ക് പകരം പ്രാദേശികമായ വിത്തുകള്‍ പ്രയോജനപ്പെടുത്താം. രാസവളങ്ങള്‍ക്ക് പകരം കമ്പോസ്റ്റ് ഉപയോഗിക്കാം. ഇത് കര്‍ഷകര്‍ക്ക് വന്‍മുടക്കുമതല്‍ ഇല്ലാതെ കൃഷി ചെയ്യാന്‍ സഹായിക്കും.
അന്താരാഷ്ട്ര വിപണിയില്‍ ജൈവരീതിയില്‍ വിളവെടുത്ത കൊക്കോയ്ക്ക് ഉയര്‍ന്ന വില ലഭിക്കുന്നുണ്ട്. സുസ്ഥിരമായ രീതിയില്‍ കൃഷി ചെയ്യാനും ജൈവമാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ കഴിയും. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതിരിക്കുമ്പോള്‍ കര്‍ഷകരുടെ ജീവനും സംരക്ഷിക്കപ്പെടുന്നു.
കൊക്കോ തോട്ടങ്ങളില്‍ ഇടവിളയായി വാഴ, പൈനാപ്പിള്‍, ചക്ക എന്നിവയെല്ലാം വളര്‍ത്തി വിളവെടുക്കാവുന്നതാണ്. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനവും ഭക്ഷണത്തിനുള്ള മാര്‍ഗവും ഇതിലൂടെ കണ്ടെത്താനാകുന്നു.
നല്ല നീര്‍വാര്‍ച്ചയുള്ളതും ആവശ്യത്തിന് ഈര്‍പ്പം നിലനില്‍ക്കാന്‍ ശേഷിയുള്ളതുമായ മണ്ണിലാണ് കൊക്കോ വളര്‍ത്താന്‍ അനുയോജ്യം. തെങ്ങിന്‍തോട്ടങ്ങളിലും കവുങ്ങിന്‍തോട്ടങ്ങളിലും കൊക്കോ വളര്‍ത്താം. ഏകദേശം 90 മുതല്‍ 100 വരെ മി.മീ മഴ ഒരു മാസത്തില്‍ ലഭിക്കുന്ന സ്ഥലത്താണ് ഈ മരം നന്നായി വളരുന്നത്. വാര്‍ഷിക മഴ ലഭ്യത 1500 മുതല്‍ 2000 വരെയുമാണ് കണക്കാക്കിയിട്ടുള്ളത്. ഏറ്റവും കുറഞ്ഞത് 15 ഡിഗ്രി സെല്‍ഷ്യസിലും ഏറ്റവും കൂടിയത് 40 ഡിഗ്രി സെല്‍ഷ്യസിലും കൊക്കോ മരം ആരോഗ്യത്തോടെ വളരും. വളര്‍ച്ചയ്ക്ക് അനുയോജ്യമായ വളരെ നല്ല അന്തരീക്ഷം ലഭ്യമാകുന്നത് ഏകദേശം 25 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള സ്ഥലത്താണ്.
സെപ്റ്റംബര്‍ മാസത്തിന്റെ അവസാനമോ മെയ്-ജൂണ്‍ മാസത്തിന്റെ ആരംഭത്തിലോ ആണ് സാധാരണയായി കൊക്കോ തൈകള്‍ വളര്‍ത്താന്‍ ആരംഭിക്കുന്നത്. വിത്ത് മുളപ്പിച്ച് വളര്‍ത്താം. കുഴിച്ചിടുന്നതിന് മുമ്പ് വിത്ത് ചാരമോ ഉണങ്ങിയ മണലോ ഉപയോഗിച്ച് ഉരസിയ ശേഷം പശ പോലുള്ള പദാര്‍ഥം ഒഴിവാക്കണം. പ്രത്യേകമായി മണ്ണുകൊണ്ട് തയ്യാറാക്കിയ ബെഡ്ഡിലോ പ്ലാസ്റ്റിക് കവറിലോ വിത്തുകള്‍ പാകാം. കൂര്‍ത്ത ഭാഗം മുകളിലേക്ക് ആയിരിക്കണം. മണ്ണുകൊണ്ടുള്ള തവാരണകളിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ വിത്ത് മുളച്ച് രണ്ട് ആഴ്ചകള്‍ക്ക് ശേഷം പോളിത്തീന്‍ ബാഗിലേക്ക് മാറ്റണം. ഈ തൈകള്‍ തോട്ടത്തിലേക്ക് പറിച്ചു നടുന്നത് നാല് മാസങ്ങള്‍ക്ക് ശേഷമാണ്.
ഗ്രാഫ്റ്റിങ്ങ്, ബഡ്ഡിങ്ങ് എന്നിവ വഴിയും കൊക്കോ കൃഷി ചെയ്യാം. കായ ഉണ്ടായാല്‍ ഏകദേശം ആറുമാസത്തിനുശേഷമാണ് മൂത്ത് പഴുക്കുന്നത്. വിത്തിന്റെ അറയ്ക്കുള്ളില്‍ കാണപ്പെടുന്ന കുരുവാണ് ചോക്ക്‌ലേറ്റിലുള്ള പൗഡറായി മാറ്റപ്പെടുന്നത്. ഒരു വിത്തിന്റെ അറയില്‍ ഏകദേശം അന്‍പതോളം കുരുവുണ്ടാകും.
കൊക്കോയുടെ ഗുണത്തെ ആശ്രയിച്ചാണ് വിലയും നിര്‍ണയിക്കപ്പെടുന്നത്. വിളവെടുപ്പ് മുതല്‍ സംഭരണം വരെയുള്ള കാലഘട്ടത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയാണ് ഗുണനിലവാരമുള്ള കൊക്കോ ഉണ്ടാക്കുന്നത്. കായകള്‍ നന്നായി പഴുത്ത ശേഷം മാത്രമേ വിളവെടുക്കാവൂ.