ക്രിസ്മസ് കാക്റ്റസ് അഥവാ ഹോളിഡേ കാക്റ്റസ്; ചുവപ്പും പിങ്കും വെളുപ്പും മഞ്ഞയും നിറങ്ങളുടെ മനോഹാരിത

By Web Team  |  First Published Oct 31, 2020, 2:53 PM IST

തണ്ടുകള്‍ മുറിക്കുമ്പോള്‍ ചുരുങ്ങിയത് അഞ്ച് അടുക്കുകള്‍ ചേര്‍ത്തുവെച്ച പോലുള്ള ഭാഗങ്ങള്‍ മുറിച്ചെടുക്കണം. നടുന്നതിന് മുമ്പ് നാല് ദിവസങ്ങള്‍ നല്ല വായു സഞ്ചാരമുള്ളതും നേരിട്ടല്ലാതെയുള്ള സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് വെച്ച് ഈര്‍പ്പം മാറ്റണം. 


ഇലകളില്ലാതെ തണ്ടുകള്‍ ചേര്‍ത്ത് യോജിപ്പിച്ച പ്രത്യേക രൂപത്തിലുള്ള ക്രിസ്മസ് കാക്റ്റസ് (Christmas Cactus)പൂന്തോട്ടങ്ങളില്‍ പലയിടത്തും കണ്ടുവരുന്നുണ്ട്. സക്കുലന്റ് വിഭാഗത്തില്‍പ്പെട്ട മനോഹരമായ പൂച്ചെടിയായ ഇത് ഹോളിഡേ കാക്റ്റസ് എന്നും സൈഗോ കാക്റ്റസ് എന്നും അറിയപ്പെടുന്നു. കള്ളിച്ചെടിയുടെ ഇനത്തില്‍പ്പെട്ടതാണെങ്കിലും വരണ്ട മരുഭൂമിയില്‍ നിന്ന് നമ്മുടെ ഉദ്യാനത്തിന് ലഭിച്ച ചെടിയല്ല ഇത്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ക്രിസ്മസ് കാക്റ്റസ് പൂന്തോട്ടത്തിന് അഴക് നല്‍കുന്ന സുന്ദരിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Latest Videos

undefined

ഹമ്മിങ്ങ് ബേര്‍ഡ് വഴി പരാഗണം നടക്കുന്ന ഇത്തരം ചെടികള്‍ ഉഷ്ണമേഖലാ മഴക്കാടുകളില്‍ നന്നായി വളരുന്നുണ്ട്. ഇന്നത്തെ കാലത്ത് പല ചെടികളും ക്രിസ്മസ് കാക്റ്റസ് എന്ന പേരില്‍ വില്‍ക്കപ്പെടുന്നത് യഥാര്‍ഥത്തില്‍ ക്രാബ് കാക്റ്റസ് എന്നറിയപ്പെടുന്ന മറ്റൊരിനമാണ്. ഇതിന് താങ്ക്‌സ് ഗിവിങ്ങ് കാക്റ്റസ് എന്നും പേരുണ്ട്. ഈ ചെടിയില്‍ യഥാര്‍ഥ ക്രിസ്മസ് കാക്റ്റസിനേക്കാള്‍ നാല് ആഴ്ചകള്‍ക്ക് മുമ്പേ പൂക്കളുണ്ടാകും. ഏതിനത്തില്‍പ്പെട്ട ചെടിയായാലും പരിചരിക്കുന്ന രീതിയെല്ലാം സമാനമാണ്. പൂക്കളുണ്ടാകുന്ന സമയത്തില്‍ മാത്രമേ മാറ്റം വരുന്നുള്ളു.

ക്രിസ്മസ് കാക്റ്റസിന്റെ പൂക്കള്‍ താഴേക്ക് തൂങ്ങിനില്‍ക്കുന്നവയാണ്. പിങ്ക് നിറത്തിലും പര്‍പ്പിള്‍ നിറത്തിലുമുള്ള കേസരവും പരാഗരേണുവുമാണ് ഇവയുടെ മറ്റൊരു പ്രത്യേകത. വിത്ത് മുളപ്പിച്ച് വളര്‍ത്താമെങ്കിലും തണ്ടില്‍ നിന്ന് പുതിയ ചെടി ഉണ്ടാക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള അല്‍പം ചൂടുള്ള കാലാവസ്ഥയിലാണ് തണ്ടുകള്‍ മുറിച്ചെടുത്ത് വളര്‍ത്തുന്നത്. പൂക്കളുണ്ടായ ശേഷം ചുരുങ്ങിയത് ഒരു മാസമെങ്കിലും കാത്തിരുന്ന ശേഷമേ തണ്ടുകള്‍ മുറിച്ചെടുക്കാവൂ.

തണ്ടുകള്‍ മുറിക്കുമ്പോള്‍ ചുരുങ്ങിയത് അഞ്ച് അടുക്കുകള്‍ ചേര്‍ത്തുവെച്ച പോലുള്ള ഭാഗങ്ങള്‍ മുറിച്ചെടുക്കണം. നടുന്നതിന് മുമ്പ് നാല് ദിവസങ്ങള്‍ നല്ല വായു സഞ്ചാരമുള്ളതും നേരിട്ടല്ലാതെയുള്ള സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലത്ത് വെച്ച് ഈര്‍പ്പം മാറ്റണം. ഈര്‍പ്പമുള്ള ചട്ടിയിലാണ് നടേണ്ടത്. അര ഇഞ്ച് മുതല്‍ ഒരിഞ്ച് വരെ ആഴത്തിലാണ് നടാറുള്ളത്. നേരിട്ടുള്ള സൂര്യപ്രകാശം പതിക്കാന്‍ ഇടവരരുത്. പക്ഷേ, വെളിച്ചം ആവശ്യമാണ്. 12 ആഴ്ചകളായാല്‍ ചെടിയില്‍ പുതിയ വളര്‍ച്ചകള്‍ രൂപപ്പെട്ട് ചെടി ആരോഗ്യത്തോടെ വളരാന്‍ തുടങ്ങും. അല്‍പം ക്ഷമയോടെ കാത്തിരുന്നാല്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൊണ്ട് പൂക്കളുണ്ടാകും. പൂമൊട്ടുകള്‍ ഉണ്ടാകാന്‍ തുടങ്ങുമ്പോള്‍ കൃത്യമായി ദിവസവും നനയ്ക്കണം.

വളര്‍ത്താനുപയോഗിക്കുന്ന നടീല്‍മിശ്രിതം ഓരോ മൂന്ന് വര്‍ഷം കഴിയുന്തോറും മാറ്റി പുതിയത് നിറയ്ക്കണം. 60 ശതമാനം മണ്ണും 40 ശതമാനം മണലും കലര്‍ന്ന മിശ്രിതമാണ് നല്ലത്. വെള്ളം കെട്ടിനില്‍ക്കുന്ന മണ്ണ് നല്ലതല്ല.

ചുവന്ന നിറത്തിലുള്ള പൂക്കളാണ് സര്‍വസാധാരണമായി കണ്ടുവരുന്നത്. പിങ്ക് നിറത്തിലുള്ളതും വെളുപ്പ് നിറത്തിലുള്ളതുമായ പൂക്കളുണ്ടാകുന്ന ക്രിസ്മസ് കാക്റ്റസുമുണ്ട്. അധികം പ്രചാരത്തിലില്ലാത്ത മഞ്ഞ പൂക്കളുണ്ടാകുന്ന ഇനവുമുണ്ട്. 

click me!