പാരമ്പര്യത്തനിമ പേറുന്ന, വൈക്കോല്‍ മേഞ്ഞ വീട്ടില്‍ താമസിക്കുന്ന രാമന്‍ വയനാട്ടുകാര്‍ക്ക് 'നെല്ലച്ഛ'നാണ്. ചെറുവയല്‍ കുറിച്യത്തറവാട്ടിലെ കേളപ്പന്റെയും തേയിയുടെയും മകനായി 1952 -ലാണ് ജനനം.
വയല്‍ക്കാഴ്ചകള്‍ ചുരുങ്ങുന്ന നാട്ടില്‍ വിശാലമായ നെല്‍പ്പാടവും അതിന് ഓരത്ത് പുല്ലുമേഞ്ഞ കൊച്ചുവീടും. പതിറ്റാണ്ടുകളെ പിന്നിലാക്കിയ ഈ വീട്ടിലിരുന്നാണ് ചെറുവയല്‍ രാമന്‍ എന്ന വയനാടിന്റെ 'നെല്ലച്ഛന്‍' കൃഷിയെയും മണ്ണിനെയും കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്യുന്നത്.
പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചയാളാണ് എടവക കമ്മന സ്വദേശി ചെറുവയല്‍ രാമന്‍ എന്ന രാമേട്ടന്‍. ചെറുവയല്‍ കുറിച്യ തറവാട്ടിലേക്ക് രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ പത്മശ്രീ എത്തുമ്പോള്‍ അത് ഏറ്റവും അര്‍ഹതപ്പെട്ടയാള്‍ക്ക് ലഭിച്ചതിന്റെ സന്തോഷത്തില്‍ തന്നെയാണ് വയനാട്ടുകാര്‍. 20 ഏക്കര്‍ സ്ഥലം കുടുംബസ്വത്തായുണ്ടെങ്കിലും ഇന്നും പുല്ലുമേഞ്ഞ വീട്ടില്‍ ജീവിച്ച് കാലത്തെയെല്ലാം തോല്‍പ്പിക്കുകയാണ് ചെറുവയല്‍ രാമന്‍ എന്ന തനി കര്‍ഷകന്‍.
undefined
നൂറ്റാണ്ട് മുമ്പ് വയനാട്ടില്‍ കൃഷി ചെയ്തിരുന്നവയടക്കം 32 ഇനം നെല്‍വിത്തുകളുടെ സംരക്ഷകനായ ഇദ്ദേഹം കാലാവാസ്ഥ മാറി മറിഞ്ഞിട്ടും വെല്ലുവിളികളെ അതിജീവിച്ച് ഇവയില്‍ മുപ്പതെണ്ണം ഇപ്പോഴും കൃഷിയിറക്കുന്നുണ്ട്. ചെറുവയല്‍ വീട്ടില്‍ തന്നെ കാണാന്‍ വരുന്നവര്‍ക്കെല്ലാം തനത് കൃഷി പാഠം പകര്‍ന്നു നല്‍കുമ്പോഴും ആരുടെയും കൈയടിക്ക് വേണ്ടി രാമേട്ടന്‍ കാത്തുനില്‍ക്കാറില്ലെന്നതും പ്രത്യേകത.
പൈതൃക നെല്‍വിത്ത് സംരക്ഷകന്‍ എന്ന വിലാസത്തിനപ്പുറം കൃഷിയെ മാത്രം ആശ്രയിച്ച് കഴിഞ്ഞ് പോരുന്ന അവസാന കണ്ണികളിലൊരാള്‍ കൂടിയാണ് രാമേട്ടന്‍. പുരസ്‌കാര വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ പലയിടങ്ങളില്‍ നിന്നും രാമേട്ടന് വിളി വരുന്നുണ്ട്. പലരും നേരിട്ടു വന്നു കണ്ട് അഭിനന്ദിക്കുന്നു. രാത്രി വൈകിയും രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിളിയെത്തുമ്പോള്‍ എല്ലാവരോടും നന്ദി പറയുകയാണ് ഈ ആദിവാസി കര്‍ഷകന്‍.
പാരമ്പര്യത്തനിമ പേറുന്ന, വൈക്കോല്‍ മേഞ്ഞ വീട്ടില്‍ താമസിക്കുന്ന രാമന്‍ വയനാട്ടുകാര്‍ക്ക് 'നെല്ലച്ഛ'നാണ്. ചെറുവയല്‍ കുറിച്യത്തറവാട്ടിലെ കേളപ്പന്റെയും തേയിയുടെയും മകനായി 1952 -ലാണ് ജനനം. ബുദ്ധിയുറച്ച കാലംതൊട്ടെ പച്ചപ്പും കൃഷിയുമായിരുന്നു കാഴ്ച. പതിനേഴാം വയസ്സില്‍ അമ്മാവന്‍ മരണമടഞ്ഞതോടെയാണ് വലിയ ഉത്തരവാദിത്തങ്ങള്‍ രാമനില്‍ വന്നു ചേര്‍ന്നത്. അങ്ങനെ ഗോത്രത്തിന്റെയും കൃഷിയുടെയും ചുമതലക്കാരനായി തുടങ്ങിയ ജീവിതമാണ് പദ്മശ്രീയുടെ നിറവില്‍ എത്തി നില്‍ക്കുന്നത്.
കൂട്ടുകുടുംബ വ്യവസ്ഥ നിലനില്‍ക്കുന്ന കുറിച്യത്തറവാട്ടില്‍ അമ്മാവന്‍ ഏല്‍പിച്ച നെല്‍വിത്തുകളും കന്നുകാലികളും ഏക്കറുകണക്കിനു ഭൂമിയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും, മറ്റു പ്രതികൂല സാഹചര്യങ്ങളും കാരണം ഉന്നത വിദ്യാഭ്യാസമെന്നത് സ്വപ്‌നമായി അവശേഷിച്ചു. എങ്കിലും ജീവിതാനുഭവങ്ങളിലൂടെ രാമേട്ടന്‍ സ്വയത്തമാക്കിയ അറിവുകള്‍ ഒരു സര്‍വ്വകാലയിലും കാണണമെന്നില്ല. പരിസ്ഥിതിയെയും കൃഷിയെയും ജീവനോളം സ്‌നേഹിക്കുന്ന രാമന്‍ ബ്രസീലിലെ ലോക കാര്‍ഷിക സെമിനാറിലടക്കം വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ ശബ്ദമായി മാറിയത് അദ്ദേഹത്തിന്റെ നിയോഗം തന്നെയായി.
2011 -ല്‍ ഹൈദരാബാദില്‍ നടന്ന രാജ്യാന്തര ജൈവവൈവിധ്യ സംരക്ഷണ സമ്മേളനത്തില്‍ കേരളത്തിലെ കര്‍ഷകരെ പ്രതിനിധീകരിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയര്‍ പുരസ്‌കാരം, ജനിതക സംരക്ഷണ പുരസ്‌കാരം ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ ഇതിനിടയില്‍ തേടിയെത്തി. പുതിയ തലമുറ കേട്ടിട്ടുപോലുമില്ലാത്ത കുന്നുംകുളമ്പന്‍, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടന്‍, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം തുടങ്ങി അനേകയിനം നെല്‍വിത്തുകള്‍ ചെറുവയലിലെ വീട്ടില്‍ അദ്ദേഹം സംരക്ഷിച്ചു പോരുന്നു. വിത്തുകള്‍ വാങ്ങാനെത്തുന്ന കര്‍ഷകരില്‍ നിന്ന് പണം ഈടാക്കാറില്ല രാമേട്ടന്‍.
ലഭിച്ച സമ്മാനങ്ങള്‍ സൂക്ഷിക്കാന്‍തക്ക വീടല്ലെങ്കിലും സങ്കടം ലവലേശമില്ല ചെറുവയല്‍ രാമേട്ടന്. ഭാര്യ: ഗീത. മക്കള്‍: രമേശന്‍, രാജേഷ്, രമണി, രജിത.