മഞ്ഞുകാലത്ത് മുളകുചെടികള്‍ക്കും വേണം പരിചരണം

By Web Team  |  First Published Dec 17, 2020, 12:38 PM IST

തണുപ്പുകാലത്തിന് മുമ്പേ തന്നെ സ്ഥിരമായി ചട്ടികളില്‍ വളര്‍ത്തുന്ന മുളകുചെടിയാണെങ്കില്‍ നന്നായി കൊമ്പുകോതല്‍ നടത്തണം. ഏതെങ്കിലും തരത്തിലുള്ള കീടങ്ങളോ അസുഖങ്ങളോ ചെടിയിലുണ്ടോയെന്ന് പരിശോധിക്കണം.


ഹോട്ട് പെപ്പര്‍ എന്ന് ഇംഗ്ലീഷില്‍ പൊതുവേ വിളിപ്പേരുള്ള ഉരുണ്ടതും നീണ്ടതുമായ ഇനത്തില്‍പ്പെട്ട പച്ചമുളക് വീട്ടില്‍ വളര്‍ത്തി പാചകാവശ്യത്തിന് ഉപയോഗിക്കുന്നവരാണ് നമ്മള്‍. ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപോഷ്ണ മേഖലാ പ്രദേശങ്ങളിലും നന്നായി വളരുന്ന പച്ചമുളക് തണുപ്പുള്ള കാലാവസ്ഥയില്‍ അല്‍പം കൂടി പരിചരണം ആവശ്യമുള്ള വിളയാണ്. തണുപ്പ് അമിതമായാല്‍ ചെടി നശിച്ചുപോകാന്‍ സാധ്യതയുണ്ട്. മഞ്ഞുകാലത്ത് മുളകുചെടിയെ സംരക്ഷിച്ച് നിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

Latest Videos

undefined

സാധാരണ ചൂടുള്ള കാലാവസ്ഥയില്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭിച്ചാല്‍ വര്‍ഷം മുഴുവനും വിളവ് തരുന്ന ചെടി 35 ഡിഗ്രി ഫാറന്‍ഹീറ്റില്‍ കുറഞ്ഞ കാലാവസ്ഥയില്‍ അതിജീവിക്കാന്‍ പ്രയാസമാണ്. തണുപ്പ് കൂടുതലായാല്‍ മുളക് തൈകള്‍ ചെടിച്ചട്ടികളിലാക്കി മുറ്റത്തുള്ള ഷെഡ്ഡുകളിലോ ഗ്രീന്‍ഹൗസിലോ വീട്ടിനകത്തേക്കോ മാറ്റുന്നതാണ് നല്ലത്.  ഇങ്ങനെ പറിച്ചുനടാനായി മുളകുതൈകള്‍ ഇളക്കിയെടുക്കുമ്പോള്‍ പഴുത്തതും പഴുക്കാത്തതുമായ മുളകുകള്‍ ചെടിയിലുണ്ടാകാം. പഴുക്കാത്തവ ചെടിയില്‍ തന്നെ അവശേഷിപ്പിക്കാവുന്നതാണ്. വേരുകള്‍ക്ക് ക്ഷതം സംഭവിക്കാത്ത വിധത്തില്‍ ഏകദേശം ആറ് ഇഞ്ച് ആഴത്തിലായി ഇളക്കിയെടുക്കണം. വേരുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണ് കുടഞ്ഞുകളഞ്ഞ ശേഷം വേരുപടലത്തേക്കാള്‍ വലുപ്പമുള്ള പാത്രത്തിലേക്ക് മാറ്റിനടണം.

തണുപ്പുകാലത്തിന് മുമ്പേ തന്നെ സ്ഥിരമായി ചട്ടികളില്‍ വളര്‍ത്തുന്ന മുളകുചെടിയാണെങ്കില്‍ നന്നായി കൊമ്പുകോതല്‍ നടത്തണം. ഏതെങ്കിലും തരത്തിലുള്ള കീടങ്ങളോ അസുഖങ്ങളോ ചെടിയിലുണ്ടോയെന്ന് പരിശോധിക്കണം. വെള്ളീച്ചകളോ ആഫിഡുകളോ ചെടിയിലുണ്ടെങ്കില്‍ വേപ്പെണ്ണയോ ഏതെങ്കിലും സോപ്പോ ഉപയോഗിച്ച് തുരത്തിയോടിച്ച ശേഷമേ കൊമ്പുകോതല്‍ നടത്താവൂ. അതുപോലെ മണ്ണും പരിശോധിക്കണം. ചെടികളുടെ ചുറ്റില്‍ നിന്നും പുതയിട്ട വസ്തുക്കള്‍ നീക്കം ചെയ്യണം.

പച്ചമുളക് ചെടിയുടെ വേരുകള്‍ നല്ല ആരോഗ്യമുള്ളതാണെങ്കില്‍ നന്നായി കൊമ്പുകോതല്‍ നടത്തിയാലും അതിജീവിക്കും. പഴുത്തതും പഴുക്കാത്തതുമായ എല്ലാ മുളകുകളും പറിച്ചെടുത്ത ശേഷമായിരിക്കണം കൊമ്പുകോതല്‍ നടത്തേണ്ടത്. ഇതിനുശേഷം ചെടിച്ചട്ടികള്‍ മാറ്റിവെക്കുന്ന സ്ഥലത്ത് വെളിച്ചം കുറവാണെങ്കില്‍ ഇലകള്‍ക്ക് മഞ്ഞനിറം ബാധിച്ച് കൊഴിഞ്ഞുപോകാനും സാധ്യതയുണ്ട്.

ഇപ്രകാരം കൊമ്പുകോതല്‍ നടത്തിയശേഷം തരിരൂപത്തിലുള്ള വളങ്ങള്‍ നല്‍കി ആവശ്യത്തിന് വെള്ളമൊഴിക്കണം. ആവശ്യമെങ്കില്‍ കരിയിലകളോ വൈക്കോലോ ഉപയോഗിച്ച് പുതിയിടലും നടത്താം. തണുപ്പുകാലത്ത് കൂടുതല്‍ നനയ്ക്കരുത്. തണുപ്പുകാലം മാറി അത്യാവശ്യം ചൂടുള്ള കാലാവസ്ഥ വരുമ്പോള്‍ ചെടിച്ചട്ടികള്‍ സൂര്യപ്രകാശം ലഭിക്കുന്ന വീട്ടുപറമ്പിലേക്ക് മാറ്റാം.


 

click me!