സോസ് ഉണ്ടാക്കി കോടികള്‍ നേടിയ സ്ത്രീകളുടെ സംരംഭം; കൃഷിയിലെ വേറിട്ട ആശയവുമായി അഞ്ജുവും ഭര്‍ത്താവും

By Web Team  |  First Published Feb 29, 2020, 5:02 PM IST

എല്ലാ പാചകക്കുറിപ്പുകളും അഞ്ജു സ്വയം കണ്ടെത്തിയതാണ്. ഗ്രാമത്തിലെ സ്ത്രീകളുടെ സഹായവുമുണ്ട്. ഇന്ന് 8 കോടി വരുമാനം മാസം ലഭിക്കുമ്പോള്‍ അഞ്ജുവിന് പറയാനുള്ളത് ഇതാണ്,' ഇത് നടപ്പിലാക്കപ്പെടാന്‍ കാത്തുനിന്ന ഒരാശയമായിരുന്നു. കര്‍ഷകരിലൂടെയാണ് ഈ ആശയം ഫലവത്തായത്'
 


ഇത് അഞ്ജു ശ്രീവാസ്‍തവയുടെയും ഭര്‍ത്താവിന്റെയും ആശയമായിരുന്നു. സോസ് ഉണ്ടാക്കി വില്‍പ്പന നടത്തിയാല്‍ കോടികള്‍ വരുമാനം നേടാനാകുമെന്നത് ആരും ഇവര്‍ക്ക് ഉപദേശിച്ചു കൊടുത്തതല്ല. പരീക്ഷണത്തിലൂടെ സ്വന്തം ആശയം വിജയത്തിലെത്തിക്കുകയായിരുന്നു. അഞ്ജു ശ്രീവാസ്‍തവയും ഭര്‍ത്താവും വിന്‍ഗ്രീന്‍സ് ഫാംസ് എന്ന സ്ത്രീകളുടെ സംരംഭത്തിന് തുടക്കമിട്ടത് ഡല്‍ഹിയുടെയും ഹരിയാനയുടെയും അതിര്‍ത്തി പ്രദേശമായ ഗുരുഗ്രാമിലാണ്. 10 ലക്ഷമാണ് ഇതിനായി മുടക്കിയത്. ഭക്ഷണത്തിന് രുചി നല്‍കുന്ന സോസും സമാനമായ മൂല്യവര്‍ധിത ഉത്പന്നങ്ങളും നിര്‍മിക്കുന്ന ഈ കമ്പനിയുടെ ഇപ്പോഴത്തെ മാസവരുമാനം 8 കോടിയാണ്. എങ്ങനെ സാമ്പത്തികമായി സ്വയം പര്യാപ്‍തത നേടാമെന്നതിന്റെ ഉദാഹരണമാണ് കൃഷിക്കാരെയും ഗ്രാമത്തിലെ സ്ത്രീകളെയും ഉള്‍പ്പെടുത്തി ആരംഭിച്ച ഈ സംരംഭം.

ഇവര്‍ തുടങ്ങിയ വിന്‍ഗ്രീന്‍സ് എന്ന സംരംഭത്തില്‍ മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്നത് ഗ്രാമത്തിലെ രണ്ട് കര്‍ഷകരാണ്. 150 സ്ത്രീകള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പണികളില്‍ വ്യാപൃതരാണ്. ഓരോ കര്‍ഷകനും മാസം 10,000 രൂപ സ്ഥിരവരുമാനം ഉറപ്പാക്കുന്നു. 150 ഔഷധച്ചെടികളും മറ്റു വിളകളും ഇവര്‍ കൃഷി ചെയ്യുന്നു.

Latest Videos

undefined

ഈ ദമ്പതികള്‍ യു.എസില്‍ ഏകദേശം ഏഴു വര്‍ഷത്തോളം ജോലി ചെയ്‍ത ശേഷം ഇന്ത്യയിലേക്ക് തിരികെ വരികയായിരുന്നു. യു.എസില്‍ അഡ്വര്‍ടൈസിങ്ങ് ആന്റ് മാര്‍ക്കറ്റിങ്ങ് കമ്പനിയിലായിരുന്നു ഇവരുടെ ജോലി. ഇന്ത്യയിലെ കര്‍ഷകരുടെ അവസ്ഥ മനസിലാക്കിയപ്പോളാണ് ഇവര്‍ക്ക് നാട്ടില്‍ വരണമെന്നും കൃഷിക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും മനസില്‍ തോന്നിയത്.

'ഞങ്ങളുടെ ആശയം കൃഷി തുടങ്ങാനായിരുന്നു. ഏറ്റവും കഠിനമായ മേഖലയാണ് കാര്‍ഷിക മേഖലയെന്ന് എനിക്ക് തോന്നിയിരുന്നു. പക്ഷേ നമ്മള്‍ക്ക് ഏറ്റവും അത്യാവശ്യവുമുള്ളതും ഭക്ഷ്യോത്പാദ മേഖല തന്നെയാണ്. എനിക്ക് കൃഷിയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്നാല്‍ പഠിച്ചെടുക്കണമെന്ന ദൃഢനിശ്ചയമായിരുന്നു' വിന്‍ഗ്രീന്‍ ഫാംസിന്റെ സ്ഥാപകയും മാനേജിങ്ങ് ഡയറക്ടറുമായ അഞ്ജു പറയുന്നു.

കര്‍ഷകരുടെ വിജയം

കൃഷിഭൂമിയുള്ളതും എന്നാല്‍ പണമില്ലാത്തതുമായ കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് അഞ്ജു ശ്രമിച്ചത്. ഭര്‍ത്താവ് അര്‍ജുന്‍ തന്നെയാണ് ഈ കമ്പനിയുടെ കാര്യങ്ങളില്‍ പൂര്‍ണപിന്തുണ നല്‍കുന്നത്. 2008 -ല്‍ ഹരിയാനയിലെ കൃഷിക്കാരില്‍ നിന്ന് പാട്ടത്തിനെടുത്ത അര ഏക്കര്‍ ഭൂമിയില്‍ അഞ്ജു കുറേ ഔഷധച്ചെടികള്‍ കൃഷി ചെയ്‍തു. തുളസി, പുതിന, കാശിത്തുമ്പ, പനിക്കൂര്‍ക്ക എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്തു. വടക്കേ ഇന്ത്യയിലെ കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍ കാരണം ഇവരുടെ കൃഷി കാര്യമായ പുരോഗതി കാണിച്ചില്ല.

എന്നിരുന്നാലും കൃഷിക്കാരുടെ കൂട്ടായ്മ വീണ്ടും മൂന്ന് വര്‍ഷത്തോളം ഈ ചെടികള്‍ വളര്‍ത്തിനോക്കി. പക്ഷേ ശ്രമം വൃഥാവിലായി.

പക്ഷേ തോറ്റു പിന്‍മാറാന്‍ അഞ്ജു തയ്യാറല്ലായിരുന്നു. 2011 -ല്‍ തുളസിയിലയുടെ സത്തില്‍ നിന്നും പെസ്റ്റോ എന്ന സോസ് നിര്‍മിച്ച് ഗുരുഗ്രാമിലെ മെഗാസിറ്റി മാളിലെ സ്‌പെന്‍സേഴ്‌സില്‍ വില്‍പ്പനയ്ക്ക് കൊണ്ടുപോയിക്കൊടുത്തു. 'സ്‌പെന്‍സേഴ്‌സിനെ ഞങ്ങള്‍ ഉത്പന്നം ആളുകളിലെത്തിക്കാനുള്ള മാധ്യമമായി കാണുകയായിരുന്നു. ഈ സോസ് രുചിച്ചു നോക്കാനും മാര്‍ക്കറ്റിങ്ങ് നടത്താനുമുള്ള അവസരം തരാന്‍ ഞങ്ങള്‍ അവരോട് അപേക്ഷിച്ചു. മാനേജ്‌മെന്റ് വളരെ സഹകരണത്തോടെ പെരുമാറുകയും വില്‍ക്കാന്‍ അവസരം തരികയും ചെയ്തു. എന്നാല്‍ ഇതിനോടൊപ്പം കഴിക്കാനുള്ള പാസ്ത ഞങ്ങള്‍ തയ്യാറാക്കിയിട്ടില്ലായിരുന്നു. അതിനാല്‍ ചിപ്‌സ് ഉപയോഗിച്ച് ഈ പ്രശ്‌നവും പരിഹരിച്ചു. ഈ സോസ് വളരെ വേഗത്തില്‍ ഉപഭോക്താക്കള്‍ സ്വീകരിച്ചു.' അഞ്ജു പറയുന്നു.

ഈ ഉത്പന്നത്തിന്റെ വിജയത്തോടെ 'വിന്‍' എന്ന ഇവരുടെ ബ്രാന്‍ഡ് വിന്‍ഗ്രീന്‍സ് ഫാംസ് എന്ന് പുതുക്കി നാമകരണം ചെയ്തു. പിന്നീട് വെളുത്തുള്ളിയില്‍ നിന്നുള്ള സോസും നിര്‍മിച്ചു. ഇന്ന് 150 രുചിഭേദങ്ങളില്‍ ഇവര്‍ സോസുകള്‍ വിപണിയിലെത്തിക്കുന്നു. ഇതില്‍ റോസ്‌മേരി, കടുകിന്റെ ഇലകള്‍, ഗ്രീന്‍ടീയുടെ ഇലകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു.

എല്ലാ പാചകക്കുറിപ്പുകളും അഞ്ജു സ്വയം കണ്ടെത്തിയതാണ്. ഗ്രാമത്തിലെ സ്ത്രീകളുടെ സഹായവുമുണ്ട്. ഇന്ന് 8 കോടി വരുമാനം മാസം ലഭിക്കുമ്പോള്‍ അഞ്ജുവിന് പറയാനുള്ളത് ഇതാണ്,' ഇത് നടപ്പിലാക്കപ്പെടാന്‍ കാത്തുനിന്ന ഒരാശയമായിരുന്നു. കര്‍ഷകരിലൂടെയാണ് ഈ ആശയം ഫലവത്തായത്'

'ഇവിടെ കര്‍ഷകരുടെ കൈയില്‍ ധാരാളം ഭൂമിയുണ്ട്. പക്ഷേ കൃഷിയിറക്കാനുള്ള പണമില്ല. അവര്‍ക്ക് അഡ്വാന്‍സായി പണം നല്‍കി ഭൂമി വാങ്ങുകയാണ് ഞങ്ങള്‍ ചെയ്തത്. മുമ്പ് മാസത്തില്‍ വെറും 1000 രൂപ വരുമാനം നേടിയിരുന്ന ഇവര്‍ക്ക് ഇന്ന് വര്‍ഷത്തില്‍ ലക്ഷം രൂപ നേടാന്‍ കഴിയുന്നുണ്ട്' അഞ്ജു പറയുന്നു.

സ്ത്രീകള്‍ക്ക് പരിശീലനം നല്‍കി അവരെ സ്വയം സാമ്പത്തികമായി പര്യാപ്തരാക്കുന്നു. ഇലകള്‍ പറിച്ചെടുക്കുന്നത് മുതല്‍ സോസ് ഉണ്ടാക്കുന്നതു വരെയുള്ള ഘട്ടങ്ങള്‍ ഇവര്‍ തന്നെയാണ് ചെയ്യുന്നത്.

എട്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിലെ പ്രധാനപ്പെട്ട സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിന്‍ഗ്രീന്‍ ഫാംസിന്റെ ഉത്പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്. ഇന്ത്യയിലെ 100 പട്ടണങ്ങളിലായി 10,000 സ്റ്റോറുകള്‍ ഇവര്‍ക്കുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്താനായി ഗുണനിലവാരം പരിശോധിക്കാനുള്ള 14 സാങ്കേതിക വിദഗ്ദ്ധരും ഇവര്‍ക്കുണ്ട്.

കുട്ടികള്‍ക്കായി സ്‌കൂള്‍

വിന്‍ഗ്രീന്‍ ഫാംസില്‍ പണിയെടുക്കുന്ന എല്ലാ സ്ത്രീത്തൊഴിലാളികളുടെയും മക്കളെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാനായി അഞ്ജു സ്വന്തമായി സ്‌കൂളും ആരംഭിച്ചു.

ഡിഗ്രിയൊന്നും സമ്പാദിക്കാത്ത ആണ്‍കുട്ടികള്‍ക്ക് ഇവര്‍ ജോലി നല്‍കിയെന്നതാണ് പ്രധാനം. വിന്‍ഗ്രീന്‍സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത ഇവര്‍ക്ക് പ്രൊമോഷനും നല്‍കുന്നുണ്ട്. ഇവരുടെ മോഡല്‍ ഇന്ന് കാനഡയിലെ ബിസിനസ് സ്‌കൂളിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലും വിദ്യാര്‍ഥികള്‍ക്ക് കേസ് സ്റ്റഡിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

click me!