മത്സരപ്പരീക്ഷകള്‍ക്ക് മാത്രമല്ല, കൃഷി ചെയ്യാനും പരിശീലനം; വ്യത്യസ്‍തമായ സ്റ്റാര്‍ട്ടപ്പുമായി ദമ്പതികള്‍

By Web Team  |  First Published Jan 28, 2020, 9:35 AM IST

2017 ജൂണിലാണ് എം.ഐ.എന്‍.കെ എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്.  വൃത്തിയുള്ളതും ആരോഗ്യകരമായതുമായ ഭക്ഷണം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അനുരാഗിന്റെ ഭാര്യയായ ജയതി അറോറയും സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.


അനുരാഗ് അറോറ എന്ന ചെറുപ്പക്കാരന്‍ തന്റെ ജോലി ഉപേക്ഷിച്ച് കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത് വെറും ബിസിനസ് എന്ന രീതിയിലല്ല. കൃഷിയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയാല്‍ ഭാവിയില്‍ രാജ്യത്തിന് തന്നെ പ്രയോജനപ്പെടുമെന്ന ചിന്തയായിരുന്നു ഈ ചെറുപ്പക്കാരന്. മത്സരപ്പരീക്ഷകള്‍ക്കുള്ള പരിശീലനത്തോടൊപ്പം അല്‍പം വ്യത്യസ്തമായി കൃഷിയെക്കുറിച്ചുള്ള അറിവുകളും പകര്‍ന്നുനല്‍കുകയാണ് അനുരാഗും ഭാര്യയും.

പഞ്ചാബിലെ ജലന്ധര്‍ ആസ്ഥാനമാക്കി അനുരാഗ് ആരംഭിച്ച കാര്‍ഷിക സ്റ്റാര്‍ട്ടപ്പാണ് എം.ഐ.എന്‍.കെ. ഓര്‍ഗാനിക് ഗാര്‍ഡന്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്ന രീതിയില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ഏതു പ്രായത്തില്‍പ്പെട്ട ആളുകള്‍ക്കും ജൈവകൃഷിയെക്കുറിച്ചുള്ള അവബോധമുണ്ടാക്കുകയെന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.

Latest Videos

undefined

എല്ലാവരെയും കൃഷിയിലേക്ക് ഇറങ്ങാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ സ്ഥാപനത്തിന് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ലഹരിയുടെ പിടിയില്‍ നിന്നും വളര്‍ന്നു വരുന്ന കുട്ടികളെ രക്ഷിക്കണമെന്ന ഒരു ആഗ്രഹം മനസ്സില്‍ അനുരാഗിന്റെ മനസില്‍ ഉണ്ടായിരുന്നു. രണ്ട് വ്യത്യസ്ത മേഖലകളായ കൃഷിയും പഠനവും ഒന്നിച്ചു ചേര്‍ക്കുന്നത് വഴി യുവതലമുറയിലൂടെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുന്ന എന്തെങ്കിലും ചെയ്യാനാണ് അനുരാഗ് ശ്രമിക്കുന്നത്. നാഷനല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ്, സര്‍ക്കാര്‍ ജോലികള്‍ മറ്റുള്ള മത്സരപ്പരീക്ഷകള്‍ എന്നിവയ്ക്കുള്ള പരിശീലനവും ഈ സ്റ്റാര്‍ട്ടപ്പ് വഴി നല്‍കുന്നു. കുട്ടികളില്‍ നല്ല കൈയക്ഷരം ഉണ്ടാക്കിയെടുക്കാനും ഇവര്‍ ശ്രമിക്കുന്നു.

എച്ച്.ആര്‍ വിഭാഗത്തിലെ ജോലി രാജിവെച്ച് സ്റ്റാര്‍ട്ടപ്പിലേക്ക്

ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് പഠിച്ചിറങ്ങിയ അനുരാഗ് ട്രൈഡന്റ് ഇന്ത്യയിലെ എച്ച്. ആര്‍ വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിക്കുമ്പോഴാണ് തന്റെ ജോലി ഉപേക്ഷിച്ച് ഇതുപോലൊരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആലോചിച്ചത്.

2017 ജൂണിലാണ് എം.ഐ.എന്‍.കെ എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്.  വൃത്തിയുള്ളതും ആരോഗ്യകരമായതുമായ ഭക്ഷണം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അനുരാഗിന്റെ ഭാര്യയായ ജയതി അറോറയും സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

'രാജ്യത്തിന്റെ പുരോഗതിക്ക് താങ്ങായി നില്‍ക്കുന്ന  രണ്ട് പ്രധാന മേഖലകളില്‍ കാതലായ മാറ്റം വരുത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം. വളര്‍ന്നുവരുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന തോന്നലില്‍ നിന്നാണ് കൃഷിക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കി മുന്നോട്ട് പോയത്' അനുരാഗ് തന്റെ സംരംഭത്തെക്കുറിച്ച് വ്യക്തമാക്കുന്നു.

 

അനുരാഗ് തന്റെ സമ്പാദ്യം മുഴുവനും ഇത്തരമൊരു സ്റ്റാര്‍ട്ടപ്പ് നിര്‍മിക്കാന്‍ വേണ്ടി ചെലവഴിച്ചു. ഇപ്പോള്‍ ആറ് അംഗങ്ങളുള്ള ഒരു ടീമായി ഈ സ്ഥാപനം മുന്നോട്ടു പോവുന്നു. റൂഫ്‌ടോപ്പ് ഓര്‍ഗാനിക് ഫാമിങ്ങ് എന്ന രീതിയില്‍ മേല്‍ക്കൂരയിലെ സ്ഥലത്താണ് ഇവര്‍ പച്ചക്കറികളുണ്ടാക്കുന്നത്.

പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പരിശീലനം നേടിയ അനുരാഗ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വെജിറ്റബിള്‍സ് ഇന്തോ-ഇസ്രായേല്‍ പ്രോജക്റ്റിന്റെ അംഗീകാരത്തോടെയാണ് സുരക്ഷിത പച്ചക്കറികളുടെ ഉത്പാദനത്തിന് മുന്നിട്ടിറങ്ങിയത്.

'രാസകീടനാശിനികളും രാസവളങ്ങളും മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിവുണ്ട്. കുട്ടികളിലൂടെ കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു കൊടുത്താല്‍ വരുംതലമുറയ്ക്ക് പ്രയോജനപ്പെടുമെന്ന് ഉറപ്പാണ്'. അനുരാഗ് പറയുന്നു.

പ്രധാനമായും ജൈവപച്ചക്കറികളുടെ ഉത്പാദനത്തിലാണ് ഇവര്‍ ശ്രദ്ധ ചെലുത്തുന്നത്. സ്‌കൂളുകളിലെ കുട്ടികള്‍ക്ക് കാര്‍ഷിക രംഗത്തുള്ള ഉപദേശങ്ങള്‍ നല്‍കുന്ന കണ്‍സള്‍ട്ടന്‍സി സര്‍വീസ് ആയും പ്രവര്‍ത്തിക്കുന്നു. ഭക്ഷ്യ സംസ്‌കരണവും വിപണനവും ഇവര്‍ നടത്തുന്നുണ്ട്. വെയിലില്‍ ഉണക്കിപ്പൊടിച്ച കൂണ്‍ പൗഡര്‍, തക്കാളി പൗഡര്‍ എന്നിവയെല്ലാം വില്‍പ്പനയ്ക്കുണ്ട്.

 

മണ്ണിരക്കമ്പോസ്റ്റ് ഉപയോഗിച്ച് വളര്‍ത്തിയെടുത്ത പച്ചക്കറികളും മണ്ണില്ലാതെ കൃഷി ചെയ്തുണ്ടാക്കിയ വിളവുകളും വില്‍പ്പന നടത്തുന്നു. മൈക്രോഗ്രീനുകള്‍, മുളപ്പിച്ച ധാന്യങ്ങള്‍, ഗോതമ്പുപൊടി എന്നിവയും ആവശ്യക്കാരിലെത്തിക്കുന്നു.

'പുതുമയുള്ളതും പോഷകഗുണമുള്ളതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതും എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതുമായ പച്ചക്കറികളിലാണ് ഞാന്‍ തുടക്കം കുറിച്ചത്. 50 കിലോഗ്രാം കൂണ്‍ ആയിരുന്നു തുടക്കത്തില്‍ വളര്‍ത്തിയത്. രണ്ട് മാസമായപ്പോള്‍ 200 കിലോഗ്രാം കൂണ്‍ ആയി അത് വളര്‍ന്നു. ഇപ്പോള്‍ 4000 കിലോഗ്രാം ആണ് ലക്ഷ്യം'. അനുരാഗ് പറയുന്നു.

റാഡിഷ്, ബീറ്റ്‌റൂട്ട്, കോള്‍ റാബി, കാബേജിന്റെയും കോളിഫ്‌ളവറിന്റെയും മൈക്രോഗ്രീനുകള്‍ എന്നിവയടങ്ങുന്ന 12 വിവിധ ഉത്പന്നങ്ങള്‍ ഇവര്‍ നല്‍കുന്നു. മൈക്രോഗ്രീനുകള്‍ മണ്ണില്ലാതെയാണ് വളര്‍ത്തുന്നത്. അരിച്ചെടുത്ത് ശുദ്ധമായ വെള്ളത്തിലാണ് ധാന്യങ്ങള്‍ മുളപ്പിക്കുന്നത്. 100% ശുദ്ധമായ ജൈവ ഗോതമ്പില്‍ നിന്നാണ് ഗോതമ്പ്‌പൊടി തയ്യാറാക്കി വിപണിയില്‍ എത്തിക്കുന്നത്.

'വീട്ടില്‍ തന്നെ ജൈവ പച്ചക്കറികള്‍ വളര്‍ത്താനാണ് ഞങ്ങള്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നത്. അവര്‍ കഴിക്കുന്ന ഭക്ഷണം എന്താണെന്ന് അവര്‍ക്ക് തന്നെ ബോധ്യമാകും. സ്വന്തമായി പച്ചക്കറികള്‍ വളര്‍ത്താന്‍ കഴിയാത്തവര്‍ക്ക് ഞങ്ങള്‍ വിളവെടുത്ത പച്ചക്കറികള്‍ എത്തിച്ചു കൊടുക്കുന്നുണ്ട് ചെറി തക്കാളി, കുരുമുളക്, പടവലം, ക്യാരറ്റ്, വഴുതന, പച്ചമുളക് എന്നിവയെല്ലാം മട്ടുപ്പാവില്‍ നട്ടുവളര്‍ത്താന്‍ എല്ലാ സഹായങ്ങളും  ചെയ്തു കൊടുക്കുന്നുണ്ട്'. അനുരാഗ് തങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമാക്കുന്നു.

click me!