മത്സ്യം വളര്‍ത്താനുള്ള ടാങ്ക് നിര്‍മിക്കണോ? കിവി പഴത്തിന്റ തൈകള്‍ വളര്‍ത്തണോ? ഈ കർഷകർ പഠിപ്പിക്കും
56 വയസ്സുള്ള മത്സ്യകര്‍ഷനാണ് ചാനല്‍ തുടങ്ങിയ ഒരാള്‍. കിംസണ്‍ ലിപണ്‍ എന്ന ഈ കര്‍ഷകന് സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലെങ്കിലും 22 വയസ്സുള്ള മകന്‍ വഴി തന്റെ 30 വര്‍ഷത്തെ മത്സ്യക്കൃഷിയിലുള്ള അറിവുകള്‍ പുറംലോകത്തെത്തിക്കാന്‍ ശ്രമിക്കുകയാണ്.
നിങ്ങള്‍ക്ക് മത്സ്യം വളര്‍ത്താനുള്ള ടാങ്ക് നിര്‍മിക്കണോ? സ്‌ട്രോബെറിയില്‍ നിന്ന് വൈന്‍ നിര്‍മിക്കണോ? കിവി പഴത്തിന്റ തൈകള്‍ വളര്‍ത്തിയെടുക്കണോ? ഇതെല്ലാം ഇപ്പോള്‍ യുട്യൂബ് ചാനല്‍ വഴി ലഭിക്കും. മേഘാലയയിലെ കര്‍ഷകര്‍ക്ക് ഇന്റര്‍നെറ്റിനെക്കുറിച്ചുപോലും അറിവില്ലായിരുന്നു. എന്നാല്‍, ഇപ്പോള്‍ തങ്ങളുടെ കൃഷിയിടം സ്വയം ഷൂട്ട് ചെയ്ത് യുട്യൂബ് അക്കൗണ്ട് നിര്‍മിച്ച് വീഡിയോകള്‍ പബ്ലിഷ് ചെയ്യാന്‍ അറിയാം. മേഘാലയ ബേസിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഗ്രാമീണമേഖലയിലെ കര്‍ഷകരുടെ അറിവുകള്‍ യുട്യൂബ് വഴി ലോകം മുഴുവന്‍ എത്തിക്കാനുള്ള പ്രവര്‍ത്തനം നടത്തുന്നത്.
വര്‍ഷങ്ങളായി കൃഷിഭൂമിയില്‍ നിന്നാണ് ഇവര്‍ കൃഷി ചെയ്യാനുള്ള വിദ്യകളും പൊടിക്കൈകളും സ്വായത്തമാക്കിയത്. 2019 ഒക്ടോബര്‍ മുതലാണ് അഞ്ച് കര്‍ഷകര്‍ ചേര്‍ന്ന് അവരുടെ ചാനല്‍ തുടങ്ങിയത്. ബേസിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഉപദേശത്തോടെയാണ് ഇവര്‍ ചാനല്‍ ആരംഭിച്ചത്. ദീര്‍ഘകാലമായുള്ള സുസ്ഥിര തൊഴില്‍ നല്‍കാനും സംസ്ഥാനത്തിലെ ഗ്രാമീണര്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കാനുമാണ് ഇവര്‍ ലക്ഷ്യമിട്ടത്.
'കൃഷി എന്നത് ആകര്‍ഷകമായ തൊഴില്‍ മേഖലയായി ആരും കണക്കിലെടുത്തിട്ടില്ലെങ്കിലും കര്‍ഷകരുടെ പ്രയത്‌നവും സമൂഹത്തിനു നല്‍കുന്ന സംഭാവനയും ഞങ്ങള്‍ കാണുന്നു. അറിവിനെ അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹനമാണ് കര്‍ഷകര്‍ക്ക് ഞങ്ങള്‍ നല്‍കുന്നത്. പല കര്‍ഷകരും അവരുടെ അറിവ് പങ്കുവെക്കാന്‍ തുടക്കത്തില്‍ തയ്യാറായില്ല. അവര്‍ തങ്ങളുടെ അടുത്ത തലമുറയ്‌ക്കോ കുടുംബപരമായോ കാര്‍ഷികമേഖലയിലുള്ള അറിവുകള്‍ പകര്‍ന്നു നല്‍കാനാണ് ആഗ്രഹിച്ചത്. പക്ഷേ, ഇത്തരം പരമ്പരാഗതമായ കൃഷിരീതികള്‍ വളരെ പ്രായോഗികമാണ്. ഞങ്ങല്‍ കര്‍ഷകരെ സാങ്കേതിക വിദ്യയിലൂടെ സ്വയംപര്യാപ്തമാക്കാനാണ് ശ്രമിക്കുന്നത്. പരമ്പരാഗതമായ അറിവുകള്‍ സംരക്ഷിച്ച് നിലനിര്‍ത്താനും കൃഷിചെയ്യുന്ന മറ്റുള്ളവര്‍ക്ക് ഇവരില്‍ നിന്നും ഉപദേശങ്ങള്‍ ലഭ്യമാക്കാനും കഴിയുന്ന രീതിയിലാണ് ഞങ്ങള്‍ ചാനലിന് തുടക്കമിട്ടത്' സോഷ്യല്‍ മീഡിയ സ്‌പെഷലിസ്റ്റും പബ്ലിസിറ്റി നല്‍കുന്നതില്‍ നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ശ്വേത രാജ് കന്‍വര്‍ പറയുന്നു.
കര്‍ഷകരും അവരുടെ യുട്യൂബ് ചാനലും
56 വയസ്സുള്ള മത്സ്യകര്‍ഷനാണ് ചാനല്‍ തുടങ്ങിയ ഒരാള്‍. കിംസണ്‍ ലിപണ്‍ എന്ന ഈ കര്‍ഷകന് സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലെങ്കിലും 22 വയസ്സുള്ള മകന്‍ വഴി തന്റെ 30 വര്‍ഷത്തെ മത്സ്യക്കൃഷിയിലുള്ള അറിവുകള്‍ പുറംലോകത്തെത്തിക്കാന്‍ ശ്രമിക്കുകയാണ് .
ഈ വീഡിയോയിലൂടെ ലിപണ്‍ ഫിഷ് ഹാച്ചറി ടാങ്ക് എങ്ങനെ നിര്‍മിക്കാമെന്നതിനെക്കുറിച്ച് പറഞ്ഞുതരുന്നു.
'ഞാന്‍ യുട്യൂബിനെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ, എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലായിരുന്നു. എന്റെ മകനാണ് കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കിത്തന്നത്. നമ്മള്‍ പബ്ലിഷ് ചെയ്യുന്ന വീഡിയോ മേഘാലയയില്‍ മാത്രമല്ല, ലോകം മുഴുവനുമുള്ള ആളുകളിലെത്തുമെന്നത് നല്ല കാര്യമാണ്.' ലിപണ്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
സ്‌ട്രോബെറി കര്‍ഷന്റെയും വൈന്‍ നിര്‍മിക്കുന്നയാളുടെയും വീഡിയോയും പ്രയോജനപ്രദമാണ്. ആരോമാറ്റിക് പ്ലാന്റേഷന്‍ നിര്‍മിച്ച കര്‍ഷനും കിവി വളര്‍ത്തുന്ന കര്‍ഷകനും തങ്ങളുടെ അറിവുകള്‍ വീഡിയോയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മേഘാ-ലാംപ് എന്ന പദ്ധതി 1350 ഗ്രാമങ്ങളിലെ 11 ജില്ലകളിലെ 18 ബ്ലോക്കുകളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
മേഘാ-ലാംപ് പദ്ധതി കുടുംബത്തിന്റ വരുമാനം വര്‍ധിപ്പിക്കാനും ജീവിതനിലവാരം കൂട്ടാനുമാണ് ലക്ഷ്യമിടുന്നത്. പ്രാദേശികമായ കൃഷിയിലൂടെ വരുമാനം കൂടുതല്‍ ലഭിക്കാനുള്ള വിപണി കണ്ടെത്തുകയാണ് ഇവര്‍.
ഈ പദ്ധതിയിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ ഉപദേശപ്രകാരം ലിപണ്‍ മത്സ്യക്കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള ഹാച്ചറി നിര്‍മിച്ച് വിവിധ ഇനങ്ങളെ ഉത്പാദിപ്പിക്കുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുപോലെ നിരവധി വിജയകഥകളുണ്ട്. ഒരു കര്‍ഷക വെറും 12 കിവിയുടെ തൈകളുമായി തുടങ്ങിയ കൃഷിയില്‍ നിന്ന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 100 കി.ഗ്രാം കിവിപ്പഴങ്ങള്‍ വിളവെടുത്തു.
പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമായി കാണുന്നത് കര്‍ഷകരെ പിന്തുണച്ച് ചില പ്രത്യേക വിളകള്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തും വിപണിയുണ്ടാക്കാനും പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തിനായി നിക്ഷേപം നടത്താനും ഗ്രാമീണ സമ്പദ്‌മേഖലയെ ശക്തിപ്പെടുത്താനുമാണ്.