അടുക്കളയില്‍ ഇത്തിരി സ്ഥലത്ത് ഔഷധച്ചെടി വളര്‍ത്താം

ചെടിയില്‍ പുതിയ മുകുളങ്ങള്‍ വരുമ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഒന്ന് മുറിച്ചു മാറ്റുന്നത് നല്ലതാണ്. അതുപോലെ നീളമുള്ള കാണ്ഡമായി വളരുന്ന ഭാഗങ്ങളും മുറിച്ചു മാറ്റാം.

You can grow herbs in the kitchen

വീട്ടിലെ അടുക്കളയ്ക്കുള്ളില്‍ ചില്ലറ പരീക്ഷണങ്ങള്‍ നടത്താന്‍ പറ്റിയ സമയമാണല്ലോ. പാചകം ചെയ്യുന്നതിനോടൊപ്പം ചില ഔഷധച്ചെടികള്‍ കൂടി അടുക്കളയില്‍ നട്ടുവളര്‍ത്തിയാലോ? ഒരുപാട് ഉയരത്തിലും പടര്‍ന്ന് വളരാന്‍ ധാരാളം സ്ഥലം ആവശ്യമില്ലാത്തതുമായ ഔഷധ സസ്യങ്ങള്‍ നമുക്ക് വളര്‍ത്തിയെടുക്കാവുന്നതാണ്. ജനലരികില്‍ ചെറിയ പാത്രങ്ങളില്‍ വളര്‍ത്തിയാല്‍ അടുക്കളയ്ക്ക് സ്വാഭാവികമായ സുഗന്ധം പകരാനും ഇത്തരം സസ്യങ്ങള്‍ക്ക് കഴിയും.

അനുയോജ്യമായ സ്ഥലം കണ്ടെത്തൂ

നല്ല വെളിച്ചവും സൂര്യപ്രകാശവും ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലം നിങ്ങളുടെ അടുക്കളയില്‍ കണ്ടെത്തിയാല്‍ മതി. ജനലിനരികില്‍ ആകുമ്പോള്‍ കാറ്റും വെളിച്ചവും ലഭിക്കും.

മണ്ണും ചകിരിച്ചോറും അല്‍പം ചാണകപ്പൊടിയും ചേര്‍ത്താല്‍ നടാനുള്ള മിശ്രിതം തയ്യാര്‍. ചാണകപ്പൊടി കിട്ടാന്‍ പ്രയാസമാണെങ്കില്‍ ഒഴിവാക്കാം. ലോക്ക്ഡൗണ്‍ കാലമായതുകൊണ്ട് വളരെ അത്യാവശ്യമുള്ള ഘടകങ്ങള്‍ മാത്രം ഉപയോഗിച്ച് നമുക്ക് ഔഷധ സസ്യങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കാം.

ചെടികള്‍ അതിരാവിലെയോ വൈകുന്നേരമോ മാത്രം നട്ടാല്‍ മതി. പാത്രത്തിന്റെ മുകളില്‍ നിന്ന് അര ഇഞ്ച് ഒഴിവാക്കി മണ്ണ് നിറയ്ക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുമ്പോള്‍ തറയിലേക്ക് വെള്ളം വീഴാകെ നനയ്ക്കാനും കഴിയും. പാത്രം ജനലരികിലേക്ക് വെക്കുന്നതിന് മുമ്പായി ചുവട്ടില്‍ ചെറിയ ട്രേ അല്ലെങ്കില്‍ വീട്ടിലുള്ള ഭംഗിയുള്ള ചെറിയ പ്ലേറ്റ് വെച്ചാല്‍ നനയ്ക്കുന്ന സമയത്ത് അധികമായി ഒഴുകുന്ന വെള്ളം ശേഖരിക്കാം.

പരിചരണം നല്‍കാം

ചെടിയില്‍ പുതിയ മുകുളങ്ങള്‍ വരുമ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഒന്ന് മുറിച്ചു മാറ്റുന്നത് നല്ലതാണ്. അതുപോലെ നീളമുള്ള കാണ്ഡമായി വളരുന്ന ഭാഗങ്ങളും മുറിച്ചു മാറ്റാം.

ജനലരികില്‍ പാത്രം വെക്കുമ്പോള്‍ തിരിച്ചും മറിച്ചും മാറ്റി വെക്കാന്‍ ശ്രദ്ധിക്കണം. സൂര്യപ്രകാശം ഒരു വശത്ത് മാത്രം ലഭിച്ചാല്‍ ശരിയായ വളര്‍ച്ച നടക്കില്ല.

വളര്‍ത്താന്‍ യോജിച്ച ചില ഔഷധസസ്യങ്ങള്‍

പുതിന

പകുതി തണലും പകുതി വെയിലും ഇഷ്ടപ്പെടുന്ന സസ്യമായ പുതിനയും അടുക്കളയില്‍ വളര്‍ത്താം. ഈര്‍പ്പം ഇഷ്ടപ്പെടുന്നതിനാല്‍ ദിവസവും നനയ്ക്കണം. പക്ഷേ, വെള്ളം വാര്‍ന്നു പോകുന്ന മണ്ണിലായിരിക്കണം നടേണ്ടത്.

You can grow herbs in the kitchen

 

പെബിള്‍സ് നിറച്ച ട്രേയില്‍ വെള്ളം നിറച്ച് അതിന് മുകളില്‍ പുതിന വളര്‍ത്തുന്ന പാത്രം വെച്ചാല്‍ നന്നായി വളരാന്‍ ആവശ്യമായ ആര്‍ദ്രത നിലനിര്‍ത്താം.

റോസ്‌മേരി

ജനലരികില്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വളര്‍ത്താന്‍ യോജിച്ച ചെടിയാണിത്. കൂടുതല്‍ വെയില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം.

You can grow herbs in the kitchen

 

നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന മണ്ണാണ് നല്ലത്. അമിതമായി നനയ്ക്കരുത്. ടെറാകോട്ട പാത്രങ്ങളില്‍ വളര്‍ത്താന്‍ അനുയോജ്യമായ ചെടിയാണിത്.

മധുരതുളസി

കൂടുതല്‍ ഉയരത്തില്‍ വളരാന്‍ അനുവദിക്കാതെ ഇലകള്‍ നുള്ളിയെടുത്താല്‍ അടുക്കളയില്‍ വളര്‍ത്താന്‍ യോജിച്ച ഔഷധ സസ്യമാണിത്. ഇതിന്റെ പൂക്കളും ഭക്ഷ്യയോഗ്യമാണ്. വളര്‍ത്തിയാല്‍ മൂന്ന് മാസം കൊണ്ട് ഇലകള്‍ പറിച്ചെടുക്കാം.

You can grow herbs in the kitchen

 

പ്രമേഹ നിയന്ത്രണത്തിന് മധുരതുളസിയിട്ട് തിളപ്പിച്ച ചായ നല്ലതാണ്. അതുപോലെ തന്നെ ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ബാക്റ്റീരിയല്‍ ഘടകങ്ങള്‍ മുറിവ് ഭേദമാക്കാന്‍ സഹായിക്കുന്നു.


 

Latest Videos
Follow Us:
Download App:
  • android
  • ios