ലോകത്തിലെ ഏറ്റവും വില കൂടിയ തേൻ, ​2500 മീറ്റർ ഉയരത്തിലാണ് വിളവെടുപ്പ്, ​ഗുണങ്ങൾ ഇവയാണ്...

ടോക്കിയോയിലെ സെൻ പുരോഹിതന്മാരും മറ്റുചിലരും സെന്റൗറി ഹണിയെ ‘ദൈവങ്ങളുടെ അമൃത്’ എന്ന് നാമകരണം ചെയ്യുന്നതിനാൽ, ഈ ഉൽ‌പ്പന്നത്തിന് ആവശ്യക്കാർ ഏറെയാണ്. 

worlds most expensive honey

2021 ഫെബ്രുവരി 16 -ന് തുർക്കിയിലെ സെന്റൗറി ഹണി ഏറ്റവും വിലകൂടിയ തേനിന്റെ ലോക റെക്കോർഡ് തകർത്തു. ഗുഹയിൽ വിളവെടുക്കുന്ന ഇതിന് ഒരു കിലോയ്ക്ക് എട്ടു ലക്ഷത്തിന് മീതെയാണ് വില. മൂന്ന് വർഷമായി ആരംഭിച്ച ബ്രാൻഡായ സെന്റൗറി ഹണിയ്ക്ക് ആവശ്യക്കാരേറെയാണ്. ഒരു വർഷം 30 കിലോ മാത്രമാണ് ഉൽ‌പാദിപ്പിക്കുന്നത്. ലണ്ടൻ മുതൽ LA വരെയും മിലാൻ മുതൽ ജപ്പാൻ വരെയുമുള്ള ഉപയോക്താക്കളായ സിഇഒമാർ, സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, ഡോക്ടർമാർ എന്നിവർ ഒരുപോലെ ഈ ഉൽപ്പന്നത്തിന്റെ ഗുണനിലവാരത്തിൽ വിശ്വസിക്കുന്നു.  

തുർക്കിയിലെ കരിങ്കടൽ മേഖലയിലെ വളരെ ഉയർന്ന കുന്നുകളിലെ ഗുഹകളിൽ നിന്നാണ് ഇത് വിളവെടുക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2,500 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. മറ്റേതൊരു തേനീച്ച കോളനികളിൽ നിന്നോ മനുഷ്യവാസ കേന്ദ്രങ്ങളിൽ നിന്നോ വളരെ അകലെയാണ് ഇത്. മനുഷ്യവാസ മേഖലയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയായിട്ടാണ് ഈ തേനീച്ചകളുള്ളത്. തേനിന് ഇരുണ്ട നിറവും കയ്പേറിയ രുചിയുമുണ്ട്. മഗ്നീഷ്യം, പൊട്ടാസ്യം, ഫിനോൾസ്, ഫ്ലേവനോയ്ഡുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ തേനിൽ ഉയർന്ന ഔഷധഗുണമുണ്ട്.

മിക്ക വാണിജ്യ തേൻ ഉല്പാദകർക്കും വർഷത്തിൽ രണ്ടോ മൂന്നോ തവണ തേൻ വിളവെടുക്കും. എന്നാൽ, ഈ തേൻ വർഷത്തിൽ ഒരിക്കൽ മാത്രം വിളവെടുക്കുന്നു. തേനീച്ചകളെ നിലനിർത്താൻ ആവശ്യമായ തേൻ ഉണ്ടെന്ന് ഉറപ്പാക്കാനാണിത്. തേനിന്റെ സാമ്പിളുകൾ വിളവെടുപ്പിനുശേഷം തുർക്കി സയന്റിഫിക് കൗൺസിൽ / ഫുഡ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി കമ്പനി അറിയിച്ചു. ഗുഹയ്ക്ക് ചുറ്റും നട്ടുപിടിപ്പിച്ച ഔസസ്യങ്ങളിൽ നിന്നാണ് തേനീച്ചകൾ തേൻ ശേഖരിക്കുന്നത്. മികച്ച ഗുണനിലവാരം ഉറപ്പാക്കാൻ തേനീച്ചകളെ പരിപാലിക്കുമ്പോൾ സെന്റൗറി തേൻ നിർദ്ദിഷ്ട നിയമങ്ങൾ പാലിക്കുന്നു. ഇത് പരമ്പരാഗത രീതികളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ഇത് തേൻ ഉത്പാദിപ്പിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും തേനീച്ച ഉയരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ.

ടോക്കിയോയിലെ സെൻ പുരോഹിതന്മാരും മറ്റുചിലരും സെന്റൗറി ഹണിയെ ‘ദൈവങ്ങളുടെ അമൃത്’ എന്ന് നാമകരണം ചെയ്യുന്നതിനാൽ, ഈ ഉൽ‌പ്പന്നത്തിന് ആവശ്യക്കാർ ഏറെയാണ്. നിങ്ങൾക്ക് തേൻ വേണമെങ്കിൽ വെയ്റ്റിംഗ് ലിസ്റ്റിൽ പേര് ചേർത്ത് കാത്തിരിക്കണം. റിസർവ് ചെയ്തുകഴിഞ്ഞാലും, വിളവെടുപ്പിനും ലാബ് പരിശോധനയ്ക്കും ശേഷം മാത്രമേ ആവശ്യക്കാർക്ക് തേൻ ശേഖരിക്കാൻ കഴിയൂ. 44 -കാരനായ തുർക്കി സംരംഭകനും ഗവേഷകനുമായ അഹ്മത്ത് എറെൻ കകീറാണ് തേനിന്റെ സ്രഷ്ടാവ്. തണുത്ത കാലാവസ്ഥയെയും ഉയരത്തെയും പ്രതിരോധിക്കുന്ന കൊക്കേഷ്യൻ തേനീച്ചകളുടെ കോളനിയാണ് ഇത്. എന്തിനധികം, മറ്റ് തേൻ ബ്രീഡർമാരിൽ നിന്ന് വ്യത്യസ്തമായി, ജൈവവസ്തുക്കളോ രാസവസ്തുക്കളുടെ ഉപയോഗിക്കാതെ പ്രകൃതിദത്ത സസ്യങ്ങൾ മാത്രമേ ഇതിനായി ഉപയോഗിക്കുന്നുള്ളൂ. തേനിന് പ്രതിരോധ ശേഷി കൂട്ടാനും,  കുറെ രോഗങ്ങളെയും തടയാനും, ആന്റി-ഏജിംഗ് പ്രോപ്പർട്ടികളുണ്ടെന്നുമാണ് പറയപ്പെടുന്നത്.  

Latest Videos
Follow Us:
Download App:
  • android
  • ios