നൈപുണ്യവികസനം ലക്ഷ്യമിട്ട് കാർഷിക വിദ്യാഭ്യാസം പരിഷ്‌കരിക്കുമെന്ന് ഐസിഎആർ എഡിജി
ഐസിഎആറിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന 21 -ദിവസം നീണ്ടുനിൽക്കുന്നതാണ് പരിശീലനപരിപാടി.
കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ കാർഷിക വിദ്യാഭ്യാസം സമൂലമായി പരിഷ്‌കരിക്കുമെന്ന് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (ഐസിഎആർ) അഡീഷണൽ ഡയറക്ടർ ജനറൽ ഡോ. സീമ ജഗ്ഗി. വിദ്യാർത്ഥികളിൽ നൈപുണ്യവികസനം ലക്ഷ്യമിട്ട് പാഠ്യപദ്ധതികളും കോഴ്‌സുകളും മാറ്റത്തിന് വിധേയമാക്കും. കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന് പരിഷ്‌കരണം സഹായകരമാകുമെന്നും അവർ പറഞ്ഞു.
സാമൂഹിക ശാസ്ത്ര ഗവേഷണങ്ങളിൽ സ്ഥിതിവിവരക്കണക്കുകൾ വിശകലനം നടത്തുന്നതുൾപ്പെടെയുള്ള പുതിയ രീതിശാസത്രങ്ങൾ ഗവേഷകരെ പരിശീലിപ്പിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം സംഘടിപ്പിക്കുന്ന (സിഎംഎഫ്ആർഐ) വിന്റർ സ്‌കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. സീമ ജഗ്ഗി.
ഐസിഎആറിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന 21 -ദിവസം നീണ്ടുനിൽക്കുന്നതാണ് പരിശീലനപരിപാടി. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗവേഷണ രംഗത്ത് ഡേറ്റ വിശകലനത്തിന് സുപ്രധാന പങ്കാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയുടെ വികാസം ഈ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കി. ഗവേഷണരംഗത്തെ പുതിയ വിശകലനരീതികൾ പരിചയപ്പെടുന്നതിന് വിന്റർ സ്‌കൂൾ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
13 സംസ്ഥാനങ്ങളിൽ നിന്നായി 25 ഗവേഷകരാണ് വിന്റർ സ്‌കൂളിൽ പങ്കെടുക്കുന്നത്. ഡോ. ജെ ജയശങ്കർ, ഡോ എൽദോ വർഗീസ്, ഡോ രേഷ്മ ഗിൽസ് എന്നിവവർ സംസാരിച്ചു.