ഈ പച്ചക്കറികളും പഴങ്ങളും വളര്‍ത്തുനായയ്ക്കും നല്‍കാം; അരുമമൃഗങ്ങള്‍ക്കായും വീട്ടില്‍ കൃഷി ചെയ്യാം
നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് മധുരക്കിഴങ്ങ്. പക്ഷേ, ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എ അടങ്ങിയതുകൊണ്ട് പരിമിതമായ അളവിലേ നായകള്‍ക്ക് നല്‍കാവൂ. അമിതമായി കഴിച്ചാല്‍ എല്ലുകളുടെയും മസിലിന്റെയും പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
വളര്‍ത്തുനായയ്ക്ക് മിതമായ അളവില്‍ പഴങ്ങളും പച്ചക്കറികളും നല്‍കുന്നത് ആരോഗ്യകരമാണ്. നിങ്ങളുടെ ഓമന മൃഗങ്ങള്‍ക്കുള്ള ഭക്ഷണം വീട്ടില്‍ത്തന്നെ വളര്‍ത്താമല്ലോ. വിഷാംശമുള്ള ചെടികള്‍ നായകള്‍ ഭക്ഷണമാക്കാതെ ശ്രദ്ധിക്കണം. ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും മൃഗങ്ങള്‍ക്ക് കഴിക്കാമെന്നത് പലരും തിരിച്ചറിയുന്നില്ല. സ്വന്തം വളര്‍ത്തുമൃഗങ്ങള്‍ക്ക് സ്വയമുണ്ടാക്കിയ ഭക്ഷണം നല്‍കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ പച്ചക്കറികളും പഴങ്ങളും നട്ടുവളര്‍ത്താം.
കാരറ്റ്
ചില നായകള്‍ അല്‍പം വേവിച്ച കാരറ്റുകള്‍ ഇഷ്ടപ്പെടുന്നു. വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റും നാരുകളും അടങ്ങിയതാണ് കാരറ്റ്. ഇത് പച്ചയ്ക്ക് ചവച്ച് തിന്നുന്നത് നായയുടെ പല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
മത്തങ്ങ
ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയ മത്തങ്ങയും നായകള്‍ക്ക് ഇഷ്ടപ്പെടുന്ന പച്ചക്കറിയാണ്. വയര്‍ സ്തംഭനം, വയറിളക്കം അങ്ങനെയുള്ള അവസരങ്ങളില്‍ മത്തങ്ങ നല്‍കാവുന്നതാണ്.
ആപ്പിള്‍
ആപ്പിളുകള്‍ കൊഴുപ്പു കുറഞ്ഞതും പോഷകഗുണങ്ങള്‍ നിറഞ്ഞതുമാണ്. വേനല്‍ക്കാലത്ത് തണുപ്പിച്ച ആപ്പിള്‍ മിതമായി നല്‍കാം. വിത്തുകള്‍ കളഞ്ഞ ശേഷമേ കൊടുക്കാവൂ.
മധുരക്കിഴങ്ങ്
നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് മധുരക്കിഴങ്ങ്. പക്ഷേ, ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എ അടങ്ങിയതുകൊണ്ട് പരിമിതമായ അളവിലേ നായകള്‍ക്ക് നല്‍കാവൂ. അമിതമായി കഴിച്ചാല്‍ എല്ലുകളുടെയും മസിലിന്റെയും പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
തക്കാളി
പഴുത്ത തക്കാളി നായകള്‍ക്ക് നല്‍കാവുന്നതാണ്. പച്ചത്തക്കാളി വയറില്‍ ദഹനപ്രശ്‌നങ്ങളുണ്ടാക്കും.
ബീന്‍സ്
ധാതുക്കളും പ്രോട്ടീനും നല്‍കുന്ന ബീന്‍സ് ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ചോറിനോടൊപ്പം ചേര്‍ത്ത് നല്‍കിയാല്‍ ആരോഗ്യകരമാണ്.
ബ്രൊക്കോളി, കാബേജ്
പച്ചയായും ആവിയില്‍ വേവിച്ചും ഉണക്കിയും വളരെ ചെറിയ അളവില്‍ നല്‍കാവുന്ന പച്ചക്കറികളാണിവ. അമിതമായി ഉപയോഗിച്ചാല്‍ ഗ്യാസ് സംബന്ധമായി പ്രശ്‌നങ്ങളുണ്ടാകും.
കക്കിരി (കുക്കുമ്പര്‍)
ധാരാളം പോഷകഗുണമുള്ള കക്കിരിയുടെ വെള്ളരിയും നായകള്‍ക്ക് കഴിക്കാവുന്നതാണ്.
ബ്ലൂബെറി
മിതമായ അളവില്‍ ബ്ലൂബെറിപ്പഴങ്ങള്‍ കഴിക്കാം. അമിതമായാല്‍ വയറില്‍ അസ്വസ്ഥതകളുണ്ടാകാം
പീച്ച്
പീച്ച് നായകള്‍ക്ക് നല്‍കുമ്പോള്‍ കുരു ഒഴിവാക്കണം.