ബീന്‍സില്‍ ഏകദേശം 500 ഇനങ്ങള്‍; ബീന്‍സിനായി ഒരു ദേശീയ ദിനവും !
മെക്‌സിക്കന്‍ ഭക്ഷണ വിഭവമായ പിന്റോ ബീന്‍ എന്ന പ്രത്യേക തരം ബീന്‍സും ദേശീയ ബീന്‍സ് ദിനവും തമ്മില്‍ ഒരു ബന്ധമുണ്ട്.
ബീന്‍സ് നമ്മുടെ ആഹാരത്തിന്റെ ഭാഗമായിട്ട് നൂറുകണക്കിന് വര്‍ഷങ്ങളായെന്ന് ചരിത്രം സൂചിപ്പിക്കുന്നു. ഏകദേശം അഞ്ഞൂറോളം വ്യത്യസ്ത തരത്തിലുള്ള ബീന്‍സ് നിലവില്‍ കൃഷി ചെയ്തുവരുന്നുണ്ട്. ഈ പച്ചക്കറിയിനത്തിന്റെ വികാസപരിണാമത്തെക്കുറിച്ചുള്ള കൗതുകകരമായ ചില കാര്യങ്ങളിതാ.
ബീന്‍സിനായി ദേശീയതലത്തില്‍ ഒരു ദിനം പോലും ആചരിക്കുന്നുണ്ട്. നാഷണല്‍ ബീന്‍സ് ഡേ (National beans day) എന്നറിയപ്പെടുന്ന ഈ ദിനം ജനുവരി 6 -നാണ് ആചരിക്കപ്പെടുന്നത്. ബീന്‍സിന്റെ എല്ലായിനങ്ങള്‍ക്കും പച്ചനിറമാണെന്ന് കരുതിയെങ്കില്‍ തെറ്റിപ്പോയി. ചിലത് പര്‍പ്പിള്‍ നിറത്തിലും ചുവപ്പ് നിറത്തിലും കാണപ്പെടുന്നു. തെക്കേ അമേരിക്കയിലാണ് ബീന്‍സ് ആദ്യമായി കൃഷി ചെയ്തതെന്ന് കരുതപ്പെടുന്നു. കൊളംബസ് 1493 -ല്‍ അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് യാത്ര തിരിച്ചപ്പോള്‍ ബീന്‍സും കൊണ്ടുപോയി എന്ന് ചരിത്രം പറയുന്നു. അങ്ങനെയാണ് ലോകം മുഴുവനും ബീന്‍സ് കൃഷി ചെയ്യാന്‍ ആരംഭിച്ചതത്രേ.
പതിനേഴാം നൂറ്റാണ്ടില്‍ കൃഷി ചെയ്തിരുന്ന ബീന്‍സ് അലങ്കാരമായാണ് അന്ന് പലരും ഉപയോഗിച്ചത്. പിന്നീട് ക്രോസ് ബ്രീഡിങ്ങ് നടത്തിയപ്പോള്‍ നാരുകളുള്ള ബീന്‍സും നാരുകളില്ലാത്ത തരത്തിലുള്ള ബീന്‍സും ഉണ്ടാക്കിയെടുത്തിരുന്നു. 1877 -ല്‍ പോള്‍ ബീന്‍സ് എന്നൊരിനം വികസിപ്പിച്ചെടുത്തു. 1962 -ലാണ് ബുഷ് ബ്ലൂ ലെയ്ക്ക് എന്നയിനം വികസിപ്പിച്ചെടുത്തത്. മറ്റു നിരവധി ഇനങ്ങള്‍ പിന്നീട് ഉണ്ടായെങ്കിലും ബുഷ് ബ്ലൂ ആണ് ഇന്നും ഭൂരിഭാഗം ആളുകളുടെയും ഇഷ്ടഭക്ഷണം.
മെക്‌സിക്കന്‍ ഭക്ഷണ വിഭവമായ പിന്റോ ബീന്‍ എന്ന പ്രത്യേക തരം ബീന്‍സും ദേശീയ ബീന്‍സ് ദിനവും തമ്മില്‍ ഒരു ബന്ധമുണ്ട്. പൗള ബോവന്‍ എന്ന വ്യക്തി പിന്റോ ബീന്‍സ് കൃഷി ചെയ്തിരുന്ന കര്‍ഷകനായ തന്റെ അച്ഛനെ ആദരിക്കാനായാണ് ജനുവരി ആറിന് ഈ ദിനമായി ആചരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. 1884 -ല്‍ പ്രശസ്ത ശാസ്ത്രജ്ഞനായ ഗ്രിഗര്‍ മെന്റല്‍ ചരമമടഞ്ഞതും ജനുവരി ആറിന് തന്നെ. അദ്ദേഹത്തിന്റെ ആധുനിക ജനിതക ശാസ്ത്രത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ ബീന്‍സിലും മെച്ചപ്പെട്ട വിളവെടുപ്പ് ലഭിക്കാന്‍ കാരണമായിട്ടുണ്ട്.