പശുവിനെ കടത്താന്‍ ഇനിയാരും നോക്കണ്ട, പിടിയിടും മൈക്രോചിപ്പ്, പദ്ധതി കേരളത്തില്‍!

റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ മൃഗങ്ങള്‍ക്കായി പുതിയൊരു തിരിച്ചറിയല്‍ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്.

Unique identification number for animals RFID tags  in kerala

2018 ഓഗസ്ത് 21-ന്, പ്രളയത്തെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂവാറ്റുപുഴ വാളകം മേക്കടമ്പില്‍ ജീവനുള്ള ഒരു പശു ഒഴുകിയെത്തി. ലക്ഷണമൊത്ത ആ പശുവിനെ നാട്ടുകാര്‍ എങ്ങനെയോ കരയ്ക്കു കയറ്റിയപ്പോള്‍ പുതിയ ഒരു പ്രശ്‌നം ഉരുത്തിരിഞ്ഞുവന്നു. പശുവിന്റെ ഉടമസ്ഥരാണെന്ന് പറഞ്ഞ് അഞ്ചു പേര്‍ രംഗത്തെത്തി.  പശുവിന്റെ യഥാര്‍ഥ ഉടമ ആരെന്ന കാര്യത്തില്‍ തര്‍ക്കമായി. അതോടെ, പൊലീസും നാട്ടുകാരും കുഴങ്ങി. തുടര്‍ന്ന് അധികൃതര്‍ പശുവിന്റെ ചെവിയിലെ ഇന്‍ഷുറന്‍സ് ടാഗ് കണ്ടെത്തി ഊരമനയിലെ വെറ്ററിനറി ഡോക്ടറുടെ സഹായം തേടി. ഇന്‍ഷുറന്‍സ് ടാഗിലെ നമ്പര്‍ ഉപയോഗിച്ച് ഐടി സെല്ലിലെ ഉദ്യോഗസ്ഥര്‍ പശുവിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്തുകയും ചെയ്തു. റാക്കാട് എടക്കരയില്‍ ബേബിയുടേതായിരുന്നു പശുവെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ ഉടമകളാണെന്ന അവകാശവാദവുമായെത്തിയ അഞ്ച് പേരും മുങ്ങി!  

സമാനമായ സാഹചര്യം, അതിനും അഞ്ചുവര്‍ഷം മുമ്പ് 2013 ആഗസ്ത് 18-ന് കാസര്‍ഗോട്ടെ ഉദയഗിരിയിലും ഉണ്ടായി. എവിടെനിന്നോ വന്ന് നാട്ടില്‍ അലഞ്ഞുതിരിഞ്ഞ ഒരു പശുവായിരുന്നു ഈ കഥയിലെ കേന്ദ്ര കഥാപാത്രം. അതിന്റെ ഉടമസ്ഥാവകാശത്തിനായി അന്ന് വന്നത് അഞ്ചു പേരായിരുന്നു. അവകാശത്തര്‍ക്കം പിന്നീട് തമ്മില്‍ത്തല്ലില്‍ കലാശിച്ചപ്പോള്‍, പൊലീസിന് ഇടപെടേണ്ടിവന്നു. 

 

Unique identification number for animals RFID tags  in kerala

 

പശുക്കളെ തട്ടിയെടുക്കല്‍ ഇനി എളുപ്പമല്ല!

ഈ പറഞ്ഞ രണ്ട് സംഭവങ്ങളും ഇനി ഉണ്ടാവില്ലെന്നാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഇപ്പോള്‍ പറയുന്നത്. റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ മൃഗങ്ങള്‍ക്കായി പുതിയൊരു തിരിച്ചറിയല്‍ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. മനുഷ്യര്‍ക്കുള്ള ആധാര്‍ നമ്പര്‍ പോലെ മൃഗങ്ങള്‍ക്കും ഒറ്റത്തവണ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഏര്‍പ്പെടുത്തുന്നതാണ് പദ്ധതി. ഓരോ മൃഗങ്ങളുടെയും ജീവിതരേഖകള്‍ അറിയാനും ആരോഗ്യപുരോഗതി ഉറപ്പാക്കാനും ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ അനായാസമാക്കാനും ഈ ടാഗുകള്‍ സഹായകമാവും. 

ആദ്യഘട്ടത്തില്‍ പശുക്കള്‍ക്കും ആടുകള്‍ക്കുമാണ് ഈ നമ്പര്‍ ഏര്‍പ്പെടുത്തുന്നത്. പ്രളയത്തില്‍ വലിയ ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന പത്തനംതിട്ടയില്‍ ഇക്കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി  ജെ. ചിഞ്ചുറാണി പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് ഉദ്ഘാടനം ചെയ്തു. മൈക്രോചിപ്പ് പദ്ധതി ഉടന്‍ തന്നെ മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ പത്തനംതിട്ട ഓമല്ലൂര്‍ എ ജി ടി ഗ്രീന്‍ ഗാര്‍ഡന്‍ ഫാമിലെ അമ്മിണി എന്ന പശുവിലാണ് പദ്ധതി പ്രകാരം ആദ്യത്തെ മൈക്രോ ചിപ്പ് ഘടിപ്പിച്ചത്. ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 

 

Unique identification number for animals RFID tags  in kerala

മൃഗങ്ങളില്‍ RFID (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) മൈക്രോ ചിപ്പ് നിക്ഷേപിക്കുന്ന പദ്ധതി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പത്തനം തിട്ടയില്‍ ഉദ്ഘാടനം ചെയ്യുന്നു
 

എന്തുകൊണ്ടാണ് മൈക്രോചിപ്പ് പദ്ധതി?

നിലവില്‍ മൃഗങ്ങളുടെ കാതുകളില്‍ കമ്മല്‍ ആയി ഉപയോഗിക്കുന്ന മഞ്ഞ പ്ലാസ്റ്റിക് ടാഗ് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പശുക്കളെ തിരിച്ചറിയാനുള്ള 12 അക്ക നമ്പര്‍ ഉള്‍പ്പെടുന്ന ഈ പ്ലാസ്റ്റിക് ടാഗുകള്‍ പശുക്കള്‍ക്ക് അലര്‍ജി ഉണ്ടാവാനും അതുവഴി ചെവിയില്‍ അണുബാധ ഉണ്ടാവാനും കാരണമാവാറുണ്ട്. ആകസ്മികമായ ചെവികീറല്‍ മൂലം ഇയര്‍ടാഗുകള്‍ നഷ്ടപ്പെടുന്നതും സാധാരണമാണ്. നഷ്ടപ്പെട്ട ടാഗിനു പകരം പുതിയ ടാഗ് ഘടിപ്പിക്കുന്നതും പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാറുണ്ട്. ഈ സാഹചര്യത്തിലാണ്, കന്നുകാലികളുടെ സമ്പൂര്‍ണ്ണ ഡാറ്റാ ബേസ് സൃഷ്ടിക്കുന്നതിനായി RFID (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) മൈക്രോ ചിപ്പ് നിലവില്‍ വന്നത്. 

ഇടതുചെവിയുടെ ചര്‍മ്മത്തിനു കീഴില്‍ നിക്ഷേപിക്കുന്ന നെല്‍മണിയുടെ വലിപ്പമുള്ള RFID ടാഗ് അഥവാ മൈക്രോചിപ്പുകളാണ് തിരിച്ചറിയലിന് ഉപയോഗിക്കുന്നത്. ഈ ടാഗില്‍ 15 അക്ക തിരിച്ചറിയല്‍ നമ്പര്‍ 
രേഖപ്പെടുത്തിയിരിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് പശുവിന്റെ സമഗ്രമായ വിവരങ്ങളും ഉടമയുടെ വിലാസവും അടക്കം കേരള ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി തയ്യാറാക്കുന്ന ഇ -സമൃദ്ധ് എന്ന സോഫ്റ്റ്‌വെറില്‍ ശേഖരിച്ചുവെക്കും. പിന്നീട്, ആവശ്യം വരുമ്പോള്‍ പോര്‍ട്ടബിള്‍ റീഡറുകള്‍ ഉപയോഗിച്ച് ടാഗിലെ നമ്പറുകള്‍ മനസ്സിലാക്കി സോഫ്റ്റ് വെയറിലുള്ള പശുവിന്റെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനാവും. 

മരണശേഷവും പശുക്കളുടെ വിവരങ്ങളറിയാം

മരണശേഷവും ഈ ടാഗുകള്‍ ഉപയോഗിച്ച് പശുക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനാവും. പശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടം, മാംസപരിശോധന തുടങ്ങിയ കാര്യങ്ങള്‍ക്ക് ടാഗിലെ വിവരങ്ങള്‍ ഉപയോഗിക്കാനാവും. ഇതിനായുള്ള സോഫ്റ്റ്‌വെയറില്‍ ആനിമല്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം, ബ്രീഡിംഗ് മാനേജ്‌മെന്റ് സിസ്റ്റം, സ്പഷല്‍ ലൈവ് സ്‌റ്റോക്ക് ബ്രീഡിംഗ് പ്രോഗ്രാം, ലാബോറട്ടറി നെറ്റ്‌വര്‍ക്ക് മാനേജ്‌മെന്റ് എന്നീ മൊഡ്യൂളുകള്‍ ഉണ്ടാവും. ചികില്‍സാ രേഖയായ ഇലക്‌ട്രോണിക് വെറ്ററിനറി റെക്കോര്‍ഡ്, അടിയന്തിര മൃഗചികില്‍സാ സേവനം എന്നിവ ഈ മൊഡ്യൂളുകള്‍ വഴി മാനേജ് ചെയ്യാനാവും. മൃഗാശുപത്രികളുടെ, ദൈനംദിന പ്രവര്‍ത്തനത്തിനും ഇവ ഉപയോഗിക്കാം. ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയ കമ്പനിക്ക് പശുക്കളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ മനസ്സിലാക്കാനും ഇന്‍ഷുറന്‍സ് ക്ലെയിം കാര്യക്ഷമമായി തീര്‍പ്പാക്കാനും കഴിയും. 

 

Unique identification number for animals RFID tags  in kerala

 

ആദ്യ ഘട്ടത്തില്‍ പത്തനംതിട്ടയിലെ  75000 പശുക്കള്‍

സംസ്ഥാനത്തെ 14 ലക്ഷം കന്നുകളില്‍ 94 ശതമാനവും സങ്കരയിനം പശുക്കളാണ്. ഈ കന്നുകാലി സമ്പത്തിന്റെ സമ്പൂര്‍ണ്ണമായ ഡാറ്റാ ബേസ് സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വാക്‌സിനേഷന്‍, ഇന്‍ഷുറന്‍സ്, കന്നുകുട്ടി പരിപാലന പദ്ധതി, രോഗപത്രിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഇനി ഈ ടാഗുകള്‍ ഉപയോഗിക്കും. സംസ്ഥാനത്തുടനീളമുള്ള കന്നുകാലികളെയും ക്ഷീരകര്‍ഷകരെയും തിരിച്ചറിയാനും ഈ ടാഗുകള്‍ സഹായകമാണ്. 

റീ ബില്‍ഡ് കേരള ഇനീഷ്യറ്റിവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് RFID (Radio frequency identificatioon tagging and GIS mapping) പദ്ധതി നടപ്പാക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് സമര്‍പ്പിച്ച പ്രോപ്പോസല്‍ കണക്കിലെടുത്ത് 20.8 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിന് അനുവദിച്ചത്.  പ്രളയബാധിത ജില്ലയായ പത്തനംതിട്ടയിലെ 75000 പശുക്കളിലാണ് ആദ്യഘട്ടത്തില്‍ ടാഗുകള്‍ വെക്കുന്നത്. 

പത്തനം തിട്ടയില്‍ നടത്തുന്ന പൈലറ്റ് പ്രൊജക്ടിനായി റീബില്‍ഡിംഗ് കേരള പദ്ധതിയിലൂടെ 7. 52 കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന പദ്ധതിയുടെ നടത്തിപ്പ് ചുമതല ഡിജിറ്റല്‍ സര്‍വകലാശാലയ്ക്കാണ്. പദ്ധതി പൂര്‍ത്തിയായാല്‍ വിവിധ വകുപ്പുകളുടെ ആസൂത്രണം, ദുരന്ത നിവാരണം തുടങ്ങിയവയ്ക്കും ഈ ഡാറ്റ ഉപയോഗിക്കാനാവും. 

കൃഷിക്കാരുടെ വീടുകളില്‍ മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് പശുക്കള്‍ക്ക് ടാഗ് സ്ഥാപിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ടാബുകള്‍ ഉപയോഗിച്ച് ഈ പശുക്കളെ ജിയോ മാപ്പ് ചെയ്യുകയും ചെയ്യുന്നു. പദ്ധതിയുടെ മേല്‍നോട്ടം ജില്ലാ തലത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍മാര്‍ക്കും സംസ്ഥാന തലത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഡയരക്ടര്‍ക്കുമായിരിക്കും.  

Latest Videos
Follow Us:
Download App:
  • android
  • ios