190 മീറ്റർ വലുപ്പമുള്ള കപ്പലിൽ കുത്തിനിറച്ചത് 19000 കാലികൾ, ദുർഗന്ധം വിതച്ച് കപ്പൽ, ജനം തെരുവിൽ
ബ്രസീലിൽ നിന്ന് ഇറാഖിലേക്ക് കാലികളുമായി പോയ കപ്പലാണ് ഒരു നഗരത്തിന് തന്നെ ദുർഗന്ധം വിതച്ച് ദിവസങ്ങളായി തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്
കേപ്പ് ടൗൺ: ഒരു നഗരത്തിലാകെ ദുർഗന്ധം പരത്തി കാലികളുമായെത്തി ഒരു കപ്പൽ. മറ്റ് വഴികളില്ലാതെ വന്നതോടെ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ് വിചിത്ര സംഭവങ്ങൾ നടക്കുന്നത്. ബ്രസീലിൽ നിന്ന് ഇറാഖിലേക്ക് കാലികളുമായി പോയ കപ്പലാണ് ഒരു നഗരത്തിന് തന്നെ ദുർഗന്ധം വിതച്ച് ദിവസങ്ങളായി തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്.
ചാണകത്തിലും മൂത്രത്തിലും മുങ്ങിയ അവസ്ഥയിലാണ് രണ്ട് ആഴ്ചയിലേറെയാണ് കാലികൾ ഇതിനോടകം ഈ കപ്പലിൽ കഴിയുന്നത്. 190 മീറ്റർ നീളമുള്ള അൽ കുവൈറ്റ് എന്ന കാലികളെ കൊണ്ടുപോകുന്ന കപ്പലാണ് കേപ്പ് ടൗണിൽ കാലികൾക്ക് തീറ്റ നൽകാനായി അടുപ്പിച്ചത്. ഒരു നഗരത്തിന് മുഴുവൻ അസഹ്യമായ രീതിയിൽ ദുർഗന്ധം പരത്തുന്ന കപ്പലിൽ കഴിയേണ്ടി വരുന്ന കന്നുകാലികളുടെ അവസ്ഥ വിശദമാക്കുന്ന ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിന് പിന്നാലെ കേപ് ടൗണിലെ വെറ്റിനറി വദഗ്ധർ കപ്പലിൽ പരിശോധന നടത്തിയിരുന്നു. ഈ സമയത്ത് പുറത്ത് വന്ന ചിത്രങ്ങൾ കാലികളുടെ ദുരവസ്ഥ വ്യക്തമാക്കുന്നതാണ്. കേപ് ടൗണിലെ കടൽ വെള്ളത്തിൽ പോലും കപ്പലിൽ നിന്നുള്ള മാലിന്യം പടരുന്നതായുള്ള ആശങ്കയാണ് മൃഗാവകാശ പ്രവർത്തകർ മുന്നോട്ട് വയ്ക്കുന്നത്. എട്ട് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് കപ്പലിന് അടിയന്തരമായി തീരത്ത് അടുപ്പിക്കേണ്ടി വന്നത്. ഇന്ധനവും വെള്ളവും കാലികൾക്കുള്ള തീറ്റയും ചികിത്സയും ലഭ്യമാകുന്നതിന് വേണ്ടിയാണ് കപ്പൽ ഡോക്ക് ചെയ്തത്.
ചൊവ്വാഴ്ചയാണ് കപ്പൽ തീരം വിടുകയെന്നാണ് സൂചന. എന്നാൽ ഇറാഖിലെ ബർസ തുറമുഖത്ത് നിന്ന് കാലികളെ സുഗമമായി ഇറക്കാൻ ആവശ്യമായ സ്ഥം ലഭ്യമാകാതെ വന്നാൽ ചിലപ്പോൾ കപ്പൽ ബുധനാഴ്ചയേ തീരം വിടൂവെന്നും റിപ്പോർട്ടുകളുണ്ട്. മൃഗങ്ങളുടെ കയറ്റുമതിക്കെതിരെയാണ് കേപ്പ് ടൗണിൽ പ്രതിഷേധം ശക്തമാവുന്നത്. കന്നുകാലികളുമായി തീരത്ത് നങ്കുരമിട്ട കപ്പലിൽ നിന്ന് ദുർഗന്ധം ശക്തമായതിന് പിന്നാലെയാണ് പ്രതിഷേധം രൂക്ഷമാവുന്നത്. ഏകദേശം 19,000 കന്നുകാലികളുള്ള കപ്പലാണ് ആഴ്ചകളായി കേപ്പ് ടൗൺ തീരത്ത് തുടരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം