സഹസ്രദളപത്മത്തിനായുള്ള ഗണേഷിന്റെ കാത്തിരിപ്പ് പൂവണിഞ്ഞു; ഇത് താമരപ്പൂക്കള്‍ക്കായുള്ള തപസ്യ
'നമുക്ക് വീട്ടില്‍ ചെറിയ കണ്ടെയ്‌നറുകളില്‍ വളര്‍ത്താന്‍ യോജിച്ചത് ഹൈബ്രിഡ് താമരകളാണ്. ഞാന്‍ വീട്ടില്‍ ആയിരം ഇതളുകളുള്ള താമര വളര്‍ത്തിയത് ചെറിയ കണ്ടെയ്‌നറിലാണ്. പക്ഷേ, അതിനനുയോജ്യമായ സാഹചര്യവും കാലാവസ്ഥയുമെല്ലാം ഇവിടെ ഒരുക്കിക്കൊടുത്തതുകൊണ്ടാണ് ഇപ്പോള്‍ പൂവിരിഞ്ഞത്.'
മിഴിയുള്ളവര്‍ ആരായാലും നോക്കിനില്‍ക്കും താമരയുടെ ഭംഗി കണ്ടാല്‍. സഹസ്രദളപത്മം കൂടിയായാലോ, ഈ മനോഹാരിതയ്ക്ക് മാറ്റുകൂടും അല്ലേ? കുട്ടിക്കാലത്ത് പൂര്‍ണത്രയീശന്റെ അമ്പലത്തില്‍ വഴിപാടായി നല്‍കിയ താമരപ്പൂക്കളെ പ്രണയിച്ച തൃപ്പൂണിത്തുറയിലെ ഗണേഷ് കുമാര്‍ അനന്തകൃഷ്ണന്‍ ദീര്‍ഘകാലത്തെ പഠനത്തിലൂടെയും യാത്രകളിലൂടെയും താമരകളുടെ വലിയൊരു ശേഖരം തന്നെ നമുക്ക് മുമ്പില്‍ തുറന്നുതരുന്നു. നിരവധി നാളത്തെ ശ്രമഫലമായാണ് ഇപ്പോള്‍ ആയിരം ഇതളുകളുള്ള താമര സ്വന്തം വീട്ടിലെ മട്ടുപ്പാവില്‍ വിരിയിച്ചിരിക്കുന്നത്. ഗണേഷിനെ സംബന്ധിച്ച് താമരപ്പൂക്കളുടെ പിന്നാലെയുള്ള ഈ യാത്ര ഒരു തപസ്യ തന്നെയാണ്.
പറയാന്‍ ഏറെയുണ്ട് ഗണേഷിന്. പണ്ടുമുതലേ ചെടികളോട് താല്‍പര്യമുണ്ടായിരുന്ന ഇദ്ദേഹത്തിന് റബ്ബര്‍ റിസര്‍ച്ച് സ്റ്റേഷനില്‍ ജോലി കിട്ടിയപ്പോള്‍ ആദ്യമായി നിയമനം ലഭിച്ചത് ത്രിപുരയിലായിരുന്നു. 10 വര്‍ഷത്തെ അവിടുത്തെ ജീവിതം നല്ലൊരു അനുഭവമായിരുന്നുവെന്ന് ഗണേഷ് ഓര്‍ക്കുന്നു. അവിടെ കാട് പിടിച്ച് കിടന്ന പൂന്തോട്ടം കൂട്ടുകാരോടൊപ്പം ചേര്‍ന്ന് സ്വപ്‌നത്തിലെ പൂങ്കാവനമാക്കി മാറ്റുകയായിരുന്നു. കണ്ണൂരില്‍ നിന്നുള്ള സീനിയര്‍ ഉദ്യോഗസ്ഥന്‍ നാട്ടില്‍ നിന്ന് താമര കൊണ്ടുകൊടുത്തപ്പോള്‍ അത് നട്ട് വളര്‍ത്തുകയായിരുന്നു. റോസിലും ചെമ്പരത്തിയിലുമൊക്കെ പല നിറങ്ങളില്‍ പൂക്കളുണ്ടാകുമ്പോള്‍ എന്തുകൊണ്ട് താമരയിലും വിവിധ വര്‍ണങ്ങള്‍ കണ്ടെത്തിക്കൂടായ്‍കയില്ലെന്ന ചിന്തയായിരുന്നു പിന്നീട്. നിരവധി കാര്യങ്ങള്‍ അവിടെ നിന്ന് പഠിക്കാന്‍ കഴിഞ്ഞു. താമരയെപ്പറ്റി ആരും അറിയാത്ത കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും ഗണേഷിന് പ്രത്യേക താല്‍പര്യമായിരുന്നു.
ഉഷ്ണമേഖലാ പ്രദേശമായ നമ്മുടെ നാട്ടില്‍ സഹസ്രദളപത്മം വിരിയിക്കാന്‍ ഏറെ പ്രയാസമാണെന്നറിഞ്ഞിട്ടും ഗണേഷ് തന്റെ ശ്രമവുമായി മുന്നോട്ട് പോകുകയായിരുന്നു. അനുയോജ്യമായ സാഹചര്യം സൃഷ്ടിച്ചാല്‍ ആയിരം ഇതളുകളുള്ള താമരയും വീട്ടില്‍ വിരിയിക്കാമെന്ന് ഇദ്ദേഹം കാണിച്ചുതന്നിരിക്കുന്നു.
എന്താണ് ആയിരം ഇതളുകളുള്ള താമരയുടെ പ്രത്യേകത?
'പൂക്കളിലെ ആണ്‍-പെണ്‍ ഭാഗങ്ങളെല്ലാം സാധാരണ താമരയില്‍ വ്യക്തമായി കാണാന്‍ കഴിയും. എന്നാല്‍, ആയിരം ഇതളുകളുള്ള താമരയില്‍ പൂക്കളുടെ ഭാഗങ്ങളെല്ലാം വ്യത്യസ്‍തമായി കാണപ്പെടാതെ എല്ലാംകൂടി ഇതളുകളായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇത്രത്തോളം ഇതളുകളുമായി പൂവ് വിടരുന്നത്. ഇതില്‍ നിന്നും വിത്ത് ഉണ്ടാകുന്നില്ല. പ്രകൃതിദത്തമായി ജന്മം കൊണ്ട താമരയാണിത്. ഹൈബ്രിഡ് ഇനമല്ല.' ഗണേഷ് പറയുന്നു.
'നമുക്ക് വീട്ടില്‍ ചെറിയ കണ്ടെയ്‌നറുകളില്‍ വളര്‍ത്താന്‍ യോജിച്ചത് ഹൈബ്രിഡ് താമരകളാണ്. ഞാന്‍ വീട്ടില്‍ ആയിരം ഇതളുകളുള്ള താമര വളര്‍ത്തിയത് ചെറിയ കണ്ടെയ്‌നറിലാണ്. പക്ഷേ, അതിനനുയോജ്യമായ സാഹചര്യവും കാലാവസ്ഥയുമെല്ലാം ഇവിടെ ഒരുക്കിക്കൊടുത്തതുകൊണ്ടാണ് ഇപ്പോള്‍ പൂവിരിഞ്ഞത്.' ശ്രദ്ധയും പരിചരണവും വളരെയേറെ ആവശ്യമുള്ള പ്രവൃത്തിയാണിതെന്ന് ഗണേഷ് സൂചിപ്പിക്കുന്നു.
ദക്ഷിണ ചൈനയിലെ ഗാങ്ഷു പ്രവിശ്യയിലെ ഒരു സ്വകാര്യ നഴ്‌സറിയിലാണ് സഹസ്രദളപത്മം കണ്ടെത്തിയത്. താമരകളെക്കുറിച്ചുള്ള ഗവേഷണം നടത്തുന്ന പ്രൊഫ. ഡെയ്‍കി ടിയാന്‍ ആണ് 2009 -ല്‍ ഇത് രജിസ്‌ററര്‍ ചെയ്യുന്നത്. 2010 -ലാണ് ഇന്റര്‍നാഷനല്‍ വാട്ടര്‍ലില്ലി ആന്‍ഡ് വാട്ടര്‍ ഗാര്‍ഡനിങ്ങ് സൊസൈറ്റി സഹസ്രദളപത്മത്തിന്റെ രജിസ്‌ട്രേഷന്‍ അംഗീകരിച്ചുനല്‍കുന്നത്.
തെക്കേ ഇന്ത്യയില്‍ ആദ്യമായാണ് ഈ പുഷ്പം വിരിയുന്നതെന്നതും ശ്രദ്ധേയമാണ്. നമ്മുടെ നാട്ടില്‍ കാണുന്ന താമരകള്‍ ട്രോപ്പിക്കല്‍ താമരയും നോര്‍ത്ത് ഇന്ത്യ പോലുള്ള സ്ഥലങ്ങളില്‍ കാണപ്പെടുന്നത് സബ്‌ട്രോപ്പിക്കല്‍ താമരയുമാണ്. ദിനദൈര്‍ഘ്യം കൂടുതല്‍ കിട്ടിയാല്‍ നന്നായി പൂക്കളുണ്ടാകുന്ന തരത്തിലുള്ള ചെടിയാണ് താമര. നമ്മുടെ നാട്ടില്‍ വളരുന്ന താമര അധികം വെളിച്ചമില്ലെങ്കിലും പൂക്കളുണ്ടാകുന്നവയാണ്. ചില പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി പരിഹരിച്ചാല്‍ സഹസ്രദളപത്മം പോലുള്ള മറ്റുള്ള ഇനങ്ങളിലും പൂക്കളുണ്ടാക്കാമെന്നാണ് ഗണേഷ് ഇപ്പോള്‍ കാണിച്ചുതന്നിരിക്കുന്നത്.
ഇന്ത്യയുടെ തനതായ ഇനങ്ങളായി 25 തരം താമരകളുണ്ടെന്നാണ് നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 118 ഇതളുകളുള്ള കൃഷ്ണ എന്ന ഇനമാണ് കണ്ടുപിടിക്കപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ ഇതളുകളുള്ളതെന്നാണ് പറയപ്പെടുന്നത്.
താമരയ്ക്ക് വളപ്രയോഗം അനിവാര്യമോ?
വെള്ളത്തില്‍ വളരുന്ന ചെടികളെല്ലാം നന്നായി വളം ആവശ്യമുള്ളവയാണ്. അതിനാല്‍ ആവശ്യമായ മൂലകങ്ങള്‍ ഇടയ്ക്ക് ചേര്‍ക്കണം. അടിസ്ഥാനപരമായി മണ്ണാണ് പ്രധാനമെന്ന് ഗണേഷ് പറയുന്നു. വീടുകളിലുള്ള സാധാരണ മണ്ണില്‍ തന്നെ വളര്‍ത്താം. രാസവസ്തുക്കള്‍ മണ്ണില്‍ കലരാന്‍ പാടില്ല. ജൈവവളമായ ചാണകപ്പൊടിയുമായി എല്ലുപൊടിയോ കമ്പോസ്‌റ്റോ ചേര്‍ത്ത് ചെറിയ പാത്രങ്ങളിലാണ് നമ്മള്‍ താമര വളര്‍ത്തുന്നത്.
ചെറിയ പാത്രങ്ങളില്‍ ബാഷ്പീകരണത്തോത് കൂടുതലായിരിക്കും. അങ്ങനെ വരുമ്പോള്‍ ചില മൂലകങ്ങളുടെ അനുപാതം കൂടും. അപ്പോള്‍ ചെടിക്ക് നല്‍കുന്ന വളം ആഗിരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥ വരികയും മണ്ണ് മാറ്റി നിറച്ച് ചെടി നടേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യുമെന്ന് ഗണേഷ് ഓര്‍മിപ്പിക്കുന്നു.
യാത്രകള്‍, അന്വേഷണങ്ങള്‍
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്ത് താമരയെക്കുറിച്ച് മനസിലാക്കുകയാരുന്നു ഇദ്ദേഹം. ആസാമിലെ ശിവ്‌സാഗര്‍ ജില്ലയിലെ വ്യത്യസ്ത ഇനം താമരകളും വെസ്റ്റ് ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലെ താമരകളും മണിപ്പൂരിലെ താമര വിരിയുന്ന സ്ഥലങ്ങളുമെല്ലാം ഗണേഷിന് ഏറെ അറിവുകള്‍ പകര്‍ന്നു നല്‍കി.
ക്രോസ് പോളിനേഷന്‍ നടത്തി ഇന്ത്യന്‍ ഇനങ്ങള്‍ സൃഷ്ടിക്കാനും ഗണേഷ് ശ്രമം നടത്തി. ചെറിയ ചൈനീസ് താമരയും വലിയ ഇന്ത്യന്‍ താമരയും പോളിനേഷന്‍ നടത്തി സൃഷ്ടിച്ച പുതിയ ഇനത്തിന് നെലുമ്പോ അലമേലു എന്ന് പേരും നല്‍കി. നെലുമ്പോ മിറാക്കിള്‍ എന്ന മറ്റൊരിനവും ഗണേഷ് സൃഷ്ടിച്ചെടുത്തു.
നെലുമ്പോ മീനാക്ഷി
നെലുമ്പോ ബട്ടര്‍സ്‍കോച്ച്
'ക്രോസ് പോളിനേഷന്‍ എളുപ്പമുള്ള സംഗതിയല്ല. അതിരാവിലെ അഞ്ച് മുതല്‍ ആറ് മണി വരെയുള്ള സമയത്താണ് ഇത് ചെയ്യുന്നത്. ഒരു ചെടിയില്‍ നിന്ന് വിത്ത് പാകമായി വിളവെടുത്ത് നട്ടാല്‍ ഓരോ വിത്തില്‍ നിന്നും ഉണ്ടാകുന്ന പൂക്കള്‍ ചിലപ്പോള്‍ വ്യത്യസ്തമായിരിക്കാം. ചിലപ്പോള്‍ ഏല്ലാ പൂക്കളും ഒരു പോലെയാകാം. ചിലപ്പോള്‍ ആദ്യത്തെ വര്‍ഷങ്ങളില്‍ ചെടി പൂക്കാതെ വരാം. ചിലപ്പോള്‍ അടുത്ത വര്‍ഷങ്ങളില്‍ അല്‍പം വ്യത്യസ്തമായാരിക്കും പൂക്കുന്നത്.' മനസുണ്ടെങ്കില്‍ ഇതെല്ലാം ക്ഷമയോടെ നിരീക്ഷിക്കാനുള്ള സമയം നമുക്ക് കണ്ടെത്താമെന്ന് മനസിലാക്കിത്തരികയാണ് ഗണേഷ് തന്റെ വാക്കുകളിലൂടെ. ലിറ്റില്‍ റെയിന്‍, ട്വിങ്കിള്‍, നെലുമ്പോ മീനാക്ഷി എന്നിവയും ഗണേഷിന്റെ ശേഖരത്തിലുള്ള വൈവിധ്യമാര്‍ന്ന താമരയിനങ്ങളാണ്.
ലിറ്റില്‍ റെയിന്‍
ട്വിങ്കിള്‍
'ആദ്യം താമരകളെപ്പറ്റി അന്വേഷിക്കുമ്പോള്‍ ഓണ്‍ലൈന്‍ വഴി പല നിറത്തിലുള്ള താമരകളുടെ വിത്തുകള്‍ വാങ്ങി കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. സാധാരണ പിങ്ക് നിറത്തിലുള്ള പൂക്കള്‍ മാത്രമാണ് അന്ന് ലഭിച്ചത്. വിത്തുകളില്‍ നിന്ന് നട്ടുവളര്‍ത്തുന്ന ചെടികള്‍ക്ക് മാതൃഗുണമുണ്ടാകില്ല. കിഴങ്ങ് നട്ടുവളര്‍ത്തിയാലാണ് യഥാര്‍ഥത്തില്‍ തനതായ ഗുണങ്ങളുള്ള താമര ലഭിക്കുകയുള്ളു. പുറത്ത് നിന്ന് വരുന്ന ചെടികള്‍ക്ക് നമ്മുടെ കാലാവസ്ഥയുമായി യോജിച്ചു പോകാന്‍ പ്രയാസമായിരുന്നു. നാടന്‍ ഇനങ്ങളുമായി ക്രോസ് ചെയ്ത് ബ്രീഡിങ്ങ് നടത്തി കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ച രീതിയില്‍ വളരുന്ന ഇനങ്ങളെ ഉത്പാദിപ്പിക്കുകയുണ്ടായി. മണ്ണ് നിറയ്ക്കലും വെള്ളം ഒഴിക്കലും പരിപാലിക്കലുമെല്ലാം അല്‍പം അധ്വാനവും ക്ഷമയും ആവശ്യമുള്ള ജോലിയാണ്.' ഗണേഷ് തന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമാക്കുന്നു.
ഗ്രീന്‍ പീസ്
മൂന്നുതരത്തില്‍ ഉപയോഗം
താമരയുടെ ഇതളുകളും പൂമ്പൊടിയുമെല്ലാം ആയുര്‍വേദത്തില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍ പ്രധാനമായും അമ്പലങ്ങളില്‍ വഴിപാടായാണ് താമര ഉപയോഗിക്കാറുള്ളത്. മൂന്ന് തരത്തില്‍ താമരകള്‍ നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് ഇദ്ദേഹം സൂചിപ്പിക്കുന്നു. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് വലിയ തരത്തിലുള്ള ഇനങ്ങള്‍ പറ്റില്ല. അവര്‍ക്കായി ചെറിയ തരം താമരകള്‍ ഉണ്ടാക്കാം. താമരയുടെ കിഴങ്ങുകള്‍ വേര്‍തിരിച്ചെടുത്ത് പച്ചക്കറിയായി നമുക്ക് ഉപയോഗപ്പെടുത്താം. അതുപോലെ നമ്മുടെ നാട്ടില്‍ നിലവില്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കാത്ത പല വിഭാഗത്തില്‍പ്പെട്ട താമരകളെയും സംരക്ഷിക്കാനായി റിസര്‍ച്ച് സ്ഥാപനങ്ങള്‍ മുന്നോട്ട് വരേണ്ടതും കാലത്തിന്റെ ആവശ്യം തന്നെയെന്ന് ഇദ്ദേഹം ഓര്‍മിപ്പിക്കുന്നു.
താമരയുടെ കുരുക്കളും വേര് കഷണങ്ങളാക്കി വേവിച്ചതുമെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കമ്പോഡിയയില്‍ താമരയുടെ തണ്ട് ഒടിച്ച് നാര് എടുത്ത് വസ്ത്രം നെയ്യാറുണ്ട്. ഇതിന് വെജിറ്റബിള്‍ സില്‍ക് എന്നാണ് ഇവര്‍ പറയുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഡിമാന്റുള്ളതാണ് ഈ വസ്ത്രം. ഇത്തരം സംരംഭങ്ങള്‍ നമ്മുടെ നാട്ടിലും പരീക്ഷിക്കാവുന്നതാണെന്നും ഇത്തരം കാര്യങ്ങളോട് താല്‍പര്യമുള്ളവര്‍ മാത്രമേ ഇതിനായി മുന്നിട്ടിറങ്ങാന്‍ പാടുള്ളുവെന്നും ഗണേഷ് സൂചിപ്പിക്കുന്നു. സാമ്പത്തികമായി ലാഭമുണ്ടാക്കാന്‍ കഴിയുന്ന ഉത്പന്നങ്ങള്‍ നിര്‍മിക്കാനായി മുന്നിട്ടിറങ്ങാന്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ തയ്യാറാകണമെന്ന് ഓര്‍മപ്പെടുത്തുകയാണ് ഇദ്ദേഹം.
നഗരവത്കരണത്തിന്റെ ഭാഗമായി നീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തി കെട്ടിടങ്ങള്‍ വരുന്നുണ്ട്. നമ്മുടെ അമ്പലക്കുളങ്ങളിലും താമരകള്‍ പണ്ടത്തെപ്പോലെ കാണപ്പെടുന്നില്ല. അര്‍ഹിക്കുന്ന പരിഗണന നല്‍കി സംരക്ഷിച്ചില്ലെങ്കില്‍ ഏകദേശം പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ വളരെ പരിമിതമായ സ്ഥലത്ത് മാത്രം വളരുന്ന ഒരു പുഷ്‍പമായി ഇത് മാറിയേക്കാമെന്ന് ആശങ്കപ്പെടുകയാണ് ഗണേഷ്.