ഉഴവ് യന്ത്രം വാങ്ങാൻ പോലും പണമില്ല, തുരുമ്പെടുത്ത സൈക്കിളുപയോഗിച്ച് കർഷകൻ...
പുതിയൊരു യന്ത്രം വാങ്ങാൻ കൈയിൽ പണമില്ലാതിരുന്ന അദ്ദേഹം മകന്റെ സൈക്കിൾ ഉപയോഗിച്ച് ഉഴാൻ തുടങ്ങി. ഉഴാൻ സാധിക്കുന്ന രീതിയിൽ ആ സൈക്കിളിനെ അദ്ദേഹം മാറ്റി.
കൊവിഡ് മഹാമാരി ലോകത്തുള്ള എല്ലാ ജനങ്ങൾക്കും ദുരിതങ്ങൾ സമ്മാനിച്ചുവെങ്കിലും, ചിലരുടെ ജീവിതം അത് ഒരു ദയവുമില്ലാതെ തകർത്തു കളഞ്ഞു. തമിഴ്‌നാട്ടിലെ തിരുതാനി ജില്ലയിലെ അഗൂർ ഗ്രാമത്തിലെ ഒരു കർഷകൻ അതിനൊരു ഉദാഹരണമാണ്. മറ്റ് പല കർഷകരെയും പോലെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് അദ്ദേഹം. സ്വന്തമായി ഒരു ഉഴവ് യന്ത്രം വാങ്ങാൻ പണമില്ലാത്ത അദ്ദേഹം ഇപ്പോൾ മകന്റെ ഒരു തുരുമ്പെടുത്ത സൈക്കിളും ഉപയോഗിച്ചാണ് കൃഷിസ്ഥലം ഉഴുന്നത്. കുടുംബത്തെ പോറ്റാൻ അദ്ദേഹത്തിന് ഇതല്ലാതെ മറ്റ് മാർഗ്ഗമില്ല. അദ്ദേഹത്തിന്റെ മകനും മറ്റ് കുടുംബാംഗങ്ങളും അദ്ദേഹത്തെ സഹായിക്കാൻ ഒപ്പം കൂടുന്നു.
മുപ്പത്തേഴുകാരനായ നാഗരാജിന് പൂർവികമായി ലഭിച്ചതാണ് ഈ കൃഷിസ്ഥലം. മുൻപ് അദ്ദേഹം പരമ്പരാഗത മാർഗങ്ങൾ ഉപയോഗിച്ച് അവിടെ നെൽകൃഷി ചെയ്തിരുന്നു. പക്ഷേ, കാലം കഴിഞ്ഞപ്പോൾ അതിൽ നിന്ന് കാര്യമായി വരുമാനമൊന്നും ലഭിക്കാതായി. തുടർന്ന് കൃഷിസ്ഥലത്ത് അദ്ദേഹം കദംബവും, ചെമ്പകവും വളർത്താൻ തീരുമാനിച്ചു. അതിന്റെ പൂക്കൾ അമ്പലങ്ങളിൽ മാല കെട്ടാൻ ഉപയോഗിക്കുന്നു. ഒരുപക്ഷേ, ഇതിലൂടെ ജീവിതം പച്ചപിടിക്കുമെന്ന് അദ്ദേഹം സ്വപ്‍നം കണ്ടു. ഈ കൃഷിയിൽ അദ്ദേഹത്തിന്റെ സഹോദരനും പങ്കുചേർന്നു.
അങ്ങനെ ബാങ്കിൽ പോയി അദ്ദേഹവും സഹോദരനും ഒരു വായ്പ്പയെടുത്തു. ഭൂമി ഇടിച്ച് നിരപ്പാക്കി, ചെടികൾ നട്ടു. 6 മാസത്തെ ജോലിക്കൊടുവിൽ ചെടികൾ വളരുന്നതും കാത്ത് അവർ ഇരുന്നു. നിർഭാഗ്യവശാൽ, ചെടികൾ പൂത്തു തുടങ്ങിയപ്പോൾ ലോക്ക് ഡൗൺ വരികയും ക്ഷേത്രങ്ങൾ അടക്കുകയും ചെയ്തു. ഇനി വിവാഹ ചടങ്ങുകൾക്ക് ആ പൂക്കൾ ഉപയോഗിക്കാമെന്ന് വച്ചാലും, നിയന്ത്രണങ്ങൾ ആയതോടെ കല്യാണങ്ങളും കുറഞ്ഞു. വർഷം മുഴുവൻ അദ്ദേഹം കഷ്ടപ്പെട്ടു. കൈയ്യിലുള്ള സകല സമ്പാദ്യവും ചോർന്ന് പോയ്കൊണ്ടിരുന്നു. അതേസമയം, വായ്പ തിരിച്ചടയ്ക്കാനുള്ള മാർഗങ്ങളൊന്നും കണ്ടെത്താനായില്ല. ഒടുവിൽ ഒരിക്കൽ ഉപേക്ഷിച്ച നെൽക്കൃഷിയിലേയ്ക്ക് തന്നെ അദ്ദേഹം വീണ്ടും തിരിഞ്ഞു.
പുതിയൊരു യന്ത്രം വാങ്ങാൻ കൈയിൽ പണമില്ലാതിരുന്ന അദ്ദേഹം മകന്റെ സൈക്കിൾ ഉപയോഗിച്ച് ഉഴാൻ തുടങ്ങി. ഉഴാൻ സാധിക്കുന്ന രീതിയിൽ ആ സൈക്കിളിനെ അദ്ദേഹം മാറ്റി. അദ്ദേഹത്തെ സഹായിക്കാൻ അദ്ദേഹത്തിന്റെ മകനും ഒപ്പം കൂടി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉണ്ടായ നഷ്ടം നികത്താൻ സഹോദരന്റെയും മകന്റെയും ഒപ്പം നാഗരാജ് ഇന്ന് അധ്വാനിക്കുകയാണ്. തന്റെ പുതിയ യന്ത്രം ഉപയോഗിച്ച് നിലം ഉഴുമ്പോൾ മണിക്കൂറുകളോളം വയലിൽ തുടർച്ചയായി ജോലി ചെയ്യാൻ അദ്ദേഹം നിർബന്ധിതനാകുന്നു.
പക്ഷേ, അദ്ദേഹത്തിന് മുന്നിൽ മറ്റൊരു വഴിയില്ല. തിരിച്ചടക്കാത്ത വായ്പയും, കുടുംബത്തിന്റെ പട്ടിണിയും എല്ലാം അദ്ദേഹത്തിന് മുന്നിലെ ഉത്തരം കിട്ടാത്ത പ്രശ്‍നങ്ങളാണ്. "ഞാൻ എന്റെ മകന്റെ സൈക്കിൾ കൃഷിക്ക് ഉപയോഗിക്കുന്നു. ഇനിയും കാത്തിരിക്കാൻ എന്റെ പക്കൽ സമയമില്ല. എനിക്ക് എവിടെ നിന്നും ഒരു സഹായവും ലഭിക്കുന്നുമില്ല. വയൽ ഉഴുതുമറിക്കാൻ ഞാൻ ഒടുവിൽ എന്റേതായ വഴി കണ്ടെത്തി" അദ്ദേഹം പറഞ്ഞു. ഇത്തവണ നല്ല വിള കിട്ടുമെന്നും, വായ്പ തിരിച്ചടക്കാൻ കഴിയുമെന്നും, മകന് വയർ നിറച്ച് ആഹാരം നല്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് അദ്ദേഹം ഇന്ന്.