91 വയസിലും ശര്‍മ കൂണ്‍കൃഷി ചെയ്യുകയാണ് ; ഇത് പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം തുടങ്ങിയ സംരംഭം

'ഞാന്‍ ലാഭത്തിനു വേണ്ടിയല്ല ഇത് ചെയ്യുന്നത്. എനിക്ക് മിണ്ടാതെ വീട്ടിലിരിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. പല അഭ്യുദയകാംക്ഷികളും ഈ സംരംഭം എടുക്കുന്നതിലെ വൈഷമ്യങ്ങള്‍ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ എനിക്ക് താല്‍പര്യമായിരുന്നു' 

this army veteran become entrepreneur

നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും ജോലിയില്‍ നിന്ന് വിരമിക്കല്‍ എന്നാല്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള വിശ്രമത്തിന്റെ നാളുകളാണ്. എന്നാല്‍ മറ്റുചിലര്‍ക്ക് അവര്‍ അതുവരെ ചെയ്യാന്‍ പറ്റാതെ മാറ്റിവെച്ച സ്വന്തം ഇഷ്ടങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള സമയമാണ്. പട്ടാളത്തില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ ലേഖ് രാജ് ശര്‍മ തന്റെ 91 -ാമത്തെ വയസിലും ഇഷ്ടങ്ങള്‍ മുറുകെപ്പിടിക്കുന്നു. ഇദ്ദേഹത്തിന് വിരമിക്കല്‍ എന്നത് പുതിയൊരു തുടക്കമായിരുന്നു. കൂണ്‍ വളര്‍ത്തി പുതിയൊരു സംരംഭത്തിന് തുടക്കമിട്ട ഇദ്ദേഹത്തെ പരിചയപ്പെടാം.

ശര്‍മ തന്റെ പ്രായത്തിലുള്ള മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ വെറുതെയിരിക്കുവാന്‍ ഇഷ്ടപ്പെട്ട ആളല്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2018 സെപ്റ്റംബറില്‍ കൂണ്‍ വളര്‍ത്താനും വില്‍പ്പനയ്ക്കുമുള്ള ഒരു സ്ഥാപനം തന്നെ ഇദ്ദേഹം തുടങ്ങി. ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലായിരുന്നു ഈ സംരംഭം. തന്റെ സ്വന്തം ദേശത്ത്. ഇന്ന് ഈ സംരംഭത്തിലൂടെ ആ പ്രദേശത്തെ ആളുകള്‍ക്ക് തൊഴിലവസരവും നല്ല വരുമാനവും നല്‍കുന്നു.

ഈ സംരംഭം തുടങ്ങാനായി ഛണ്ഡിഗഢില്‍ നിന്നും തന്റെ ഗ്രാമത്തിലേക്ക് എല്ലാ ആഴ്ചയും ഇദ്ദേഹം യാത്രകള്‍ നടത്തി. മൂന്ന് ദിവസം അവിടെ തങ്ങി ഫാമിലെ കാര്യങ്ങള്‍ ശ്രദ്ധിച്ചു. കൂണ്‍ പാക്ക് ചെയ്യുന്ന പ്രാദേശികമായ വനിതകളുടെ ജോലിയില്‍ അദ്ദേഹം മേല്‍നോട്ടം വഹിച്ചു. കൂണിന് വെള്ള നിറം വര്‍ധിപ്പിക്കാനായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നതിനോട് അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചു. അങ്ങനെ ഓരോ ഘട്ടത്തിലും ശുദ്ധമായ ജൈവരീതിയിലുള്ള കൂണ്‍ ആവശ്യക്കാരിലെത്തിച്ചു.

this army veteran become entrepreneur

 

തുടക്കത്തില്‍ 500 ബാഗുകളില്‍ പെട്ടെന്ന് വളരുന്ന തരത്തിലുള്ള കൂണുകളാണ് തിരഞ്ഞെടുത്തത്. കൃത്യമായി അവ നനച്ചു. അതുപോലെ അനൂകൂലമായ അന്തരീക്ഷ താപനില സൃഷ്ടിക്കാനും മറന്നില്ല. പക്ഷേ തുടക്കത്തില്‍ പദ്ധതി പാളിപ്പോയി. നഷ്ടം മാത്രമായിരുന്നു ഫലം. ക്രമേണ വീഴ്ചയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മികച്ച ലാഭം നേടുന്ന സംരംഭമാക്കി മാറ്റി.

'ഞാന്‍ ലാഭത്തിനു വേണ്ടിയല്ല ഇത് ചെയ്യുന്നത്. എനിക്ക് മിണ്ടാതെ വീട്ടിലിരിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. പല അഭ്യുദയകാംക്ഷികളും ഈ സംരംഭം എടുക്കുന്നതിലെ വൈഷമ്യങ്ങള്‍ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ എനിക്ക് താല്‍പര്യമായിരുന്നു' ശര്‍മ പറയുന്നു.

സുസ്ഥിരമായ തൊഴില്‍ സാധ്യതകളുണ്ടാക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. ഒരാള്‍ക്ക് 90 വയസായാലും തന്നാലാവുംവിധം സമൂഹത്തിലേക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്ന് കാണിച്ചുകൊടുത്ത വ്യക്തിയാണ് ശര്‍മ.

കൂണ്‍കൃഷിയെപ്പറ്റി പറഞ്ഞാല്‍ പൂര്‍ണ വളര്‍ച്ചയെത്താന്‍ ഏതാനും ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ വേണ്ടിവരും. ഒരു ബാഗില്‍ നിന്ന് 1.5 കി.ഗ്രാം മുതല്‍ 2 കി.ഗ്രാം വരെയുള്ള ബട്ടണ്‍ കൂണ്‍ ലഭിക്കും. അതായത് 500 ബാഗുകളില്‍ നിന്ന് 1000 കി.ഗ്രാം കൂണ്‍ ലഭിക്കുമെന്നര്‍ത്ഥം.

'ഈ പ്രവര്‍ത്തനങ്ങള്‍ അത്ര എളുപ്പമല്ല. പിന്തിരിയാന്‍ തോന്നുന്ന സന്ദര്‍ഭങ്ങൾ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധമുണ്ടായിരുന്നു. കര്‍ഷകര്‍ക്ക് നല്ല വരുമാനം നേടിക്കൊടുക്കാന്‍ പറ്റുന്ന ഒരു മാതൃകയായിരുന്നു ഞാന്‍ ലക്ഷ്യമാക്കിയത്.' ശര്‍മ തന്റെ ആഗ്രഹത്തെക്കുറിച്ച് വ്യക്തമാക്കുന്നു.

അദ്ദേഹത്തിന്റെ മക്കളായ ദേവീന്ദര്‍ ശര്‍മയും സുധിരേന്ദര്‍ ശര്‍മയും നല്‍കിയ പ്രോത്സാഹനവും കൂണ്‍കൃഷി തിരഞ്ഞെടുക്കാന്‍ സഹായകമായി. ദേവീന്ദര്‍ കൃഷിയും ഭക്ഷ്യനയവും ആയി ബന്ധമുള്ള ബിസിനസ് സംരംഭമാണ് തൊഴിലായി സ്വീകരിച്ചത്. സുധിരേന്ദര്‍ വെള്ളവുമായി ബന്ധപ്പെട്ട മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ജലത്തെ സംബന്ധിച്ചുള്ള എഴുത്തും ക്ലാസുകളും ഇദ്ദേഹം നടത്താറുണ്ട്.

കൃഷിയല്ലാതെ മറ്റൊരു മേഖലയിലും ശര്‍മ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഛണ്ഡിഗഢിലെ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. മാലിന്യ നിര്‍മാര്‍ജനം, ബയോഗ്യാസ് പ്ലാന്റ്,സോളാര്‍ കുക്കര്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയിലും അംഗമായിരുന്നു ശര്‍മ.

Latest Videos
Follow Us:
Download App:
  • android
  • ios