പഴങ്ങളും പച്ചക്കറികളും ഔഷധസസ്യങ്ങളും; ടെറസില്‍ തോട്ടം നിര്‍മ്മിച്ച് മുന്‍ അധ്യാപകന്‍...

 പിന്നെ അദ്ദേഹം ചെയ്‍തത് അടുക്കളമാലിന്യങ്ങള്‍ കമ്പോസ്റ്റായി ഉപയോഗിക്കുക എന്നതാണ്. അതുപോലെ കീടാക്രമണത്തിനും വീട്ടില്‍ത്തന്നെ തയ്യാറാക്കുന്നവയാണ് ഉപയോഗിച്ചിരുന്നത്. 

Tarakam Chaturvedula retired teacher grows plants in terrace

ലോക്ക്ഡൗണ്‍ കാലത്ത് നമ്മില്‍ പലരും കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. ഉള്ള സ്ഥലത്ത് പച്ചക്കറികളും മറ്റും നടാന്‍ മിക്കവരും തയ്യാറായി. അവനവന് കഴിക്കാനുള്ളത് അവനവന്‍ തന്നെ നട്ടുണ്ടാക്കുക എന്നതായി പലരുടെയും നയം. ഈ റിട്ട. അധ്യാപകന് പക്ഷേ അതിനുംമുമ്പേതന്നെ കൃഷി പ്രണനോളം പ്രിയമാണ്. 

നല്ല ഭക്ഷണം കഴിക്കാനും മറ്റുമായിട്ടാണ് കൃഷി ചെയ്‍തിരിക്കുന്നതെങ്കിലും തനിക്ക് അതിലും പ്രധാനം ആ പച്ചക്കറികളും മറ്റും നട്ടുനനച്ച് വിളവെടുക്കുമ്പോള്‍ കിട്ടുന്ന സന്തോഷവും സമാധാനവുമാണെന്നാണ് ഹൈദരാബാദിലെ കല്യാണ്‍നഗറില്‍ താമസിക്കുന്ന 67 -കാരനായ തരകം ചതുര്‍വേദുല പറയുന്നത്. ടെറസിലാണ് അദ്ദേഹം കൃഷി ചെയ്യുന്നത്. അവിടെയെത്തിക്കഴിഞ്ഞാല്‍ തന്‍റെ എല്ലാ ടെന്‍ഷനും ഇല്ലാതാവുമെന്ന് അദ്ദേഹം പറയുന്നു. 

2011 -ല്‍ വിരമിച്ച ശേഷമാണ് ചതുര്‍വേദുല തന്‍റെ വിനോദമായി കൃഷിയിലേക്ക് തിരിയുന്നത്. അദ്ദേഹം തന്നെത്തന്നെ അതിനായി സമര്‍പ്പിക്കുകയും പഠിക്കാവുന്ന പാഠങ്ങളെല്ലാം പഠിക്കുകയും ചെയ്‍തു. ഒരു അധ്യാപകനെന്ന നിലയില്‍ അദ്ദേഹം പറയുന്നത്, ഒരു നല്ല ശിഷ്യന്‍ എപ്പോഴും പഠിക്കാന്‍ ആഗ്രഹിക്കുന്നവനും തന്‍റെ തെറ്റുകളില്‍നിന്ന് പാഠമുള്‍ക്കൊള്ളുന്നവനുമായിരിക്കും എന്നാണ്. ഏതായാലും അദ്ദേഹം നല്ലൊരു ശിഷ്യന്‍ കൂടിയായിരുന്നു. അതിന്‍റെ ഫലമായി 1000 സ്ക്വയര്‍ ഫീറ്റ് ഏരിയയിലുള്ള അദ്ദേഹത്തിന്‍റെ തോട്ടത്തില്‍ ഔഷധസസ്യങ്ങളും പച്ചക്കറികളും പഴങ്ങളുമെല്ലാം വളരുന്നു. ചുവന്ന കറ്റാര്‍വാഴ, കൂവളം, ദര്‍ഭ, കുന്നി, ഇസ്രായേല്‍ ഓറഞ്ച്, തക്കാളി, മുരിങ്ങ, പപ്പായ, പേര, വെളുത്തുള്ളി തുടങ്ങിയവയെല്ലാം പെടുന്നു. 200 ഓളം ചെടികളാണ് ഇങ്ങനെ നട്ടിരിക്കുന്നത്. ഒരേ പാത്രത്തില്‍ തന്നെ രണ്ട് ചെടികള്‍ നടുന്ന രീതിയും അദ്ദേഹം പിന്തുടരുന്നു. അതിലൂടെ അവ പരസ്‍പരം വളരാന്‍ സഹായിക്കും. ഉദാഹരണത്തിന് വഴുതനയും തക്കാളിയും. 

ചതുര്‍വേദുല പറയുന്നത് വീട്ടില്‍ത്തന്നെ ഒരു തോട്ടം നിര്‍മ്മിക്കാനായി ഒരുപാട് കാശൊന്നും ചെലവാക്കേണ്ടതില്ല എന്നാണ്. പകരം ചുറ്റുമുള്ള, പ്ലാസ്റ്റിക് പാത്രങ്ങളും ബക്കറ്റുകളും എല്ലാം അദ്ദേഹം ഉപയോഗിക്കുന്നു. പിന്നെ അദ്ദേഹം ചെയ്‍തത് അടുക്കളമാലിന്യങ്ങള്‍ കമ്പോസ്റ്റായി ഉപയോഗിക്കുക എന്നതാണ്. അതുപോലെ കീടാക്രമണത്തിനും വീട്ടില്‍ത്തന്നെ തയ്യാറാക്കുന്നവയാണ് ഉപയോഗിച്ചിരുന്നത്. സൂര്യപ്രകാശം നന്നായി കിട്ടുന്നതുകൊണ്ട് കീടാക്രമണം കുറവാണെങ്കിലും അവ വന്നാല്‍ തുരത്താനുപയോഗിക്കുന്നത് വെളുത്തുള്ളി, ഇഞ്ചി സ്പ്രേ ഒക്കെയാണ്. പഴത്തൊലി എടുത്ത് 24 മണിക്കൂർ വെള്ളത്തിൽ മുക്കിവയ്ക്കാം. ഒരു സ്‍പൂൺ ശര്‍ക്കരയും തൈരും ചേർത്ത് കുറച്ച് ദിവസം മാറ്റി വയ്ക്കുക. അതിനുശേഷം വെള്ളത്തിൽ തൊലി ചേർത്ത് ചെടികളിൽ തളിക്കുക എന്നതും ഒരു പ്രതിവിധിയാണെന്ന് അദ്ദേഹം പറയുന്നു. 

ചെടികള്‍ നശിച്ചുപോവുകയും കൃഷി ചെയ്യുന്നതില്‍ പരാജയവും വന്നേക്കാം. എന്നാലും ജയിക്കാനാവുമെന്നും അദ്ദേഹം പറയുന്നു. ഏതായാലും ഈ മുന്‍ അധ്യാപകന്‍റെ ടെറസിനു മുകളിലെ തോട്ടം മകളടക്കം ഒരുപാടുപേര്‍ക്ക് കൃഷിയിലേക്കിറങ്ങാന്‍ പ്രചോദനമായിട്ടുണ്ട്. 

Latest Videos
Follow Us:
Download App:
  • android
  • ios